ADVERTISEMENT

കളമശേരിയിലെ കുട്ടികളുടെ കൂട്ടമർദനവും തുടർന്നുണ്ടായ തികച്ചും നിർഭാഗ്യകരമായ ആത്മഹത്യയും ഗൗരവതരമായ സാമൂഹികപ്രശ്നത്തിലേക്കാണു വിരൽചൂണ്ടുന്നത്. കുട്ടികളിലെ സ്വഭാവവ്യതിയാനങ്ങൾ കണ്ടെത്തുന്നതിലും തിരുത്തുന്നതിലും അവരെ നേർവഴിക്കു കൊണ്ടുവരുന്നതിലും ഒരു സമൂഹം എന്ന നിലയിൽ നമ്മൾ ഇനിയും മെച്ചപ്പെടാനുണ്ട് എന്ന സത്യം അടിവരയിടുന്നതാണ് ഈ സംഭവം. 

കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് നിത്യേനയെന്നോണം ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്നുണ്ട്. രക്ഷിതാക്കളോ അധ്യാപകരോ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയാവുന്ന പ്രശ്നങ്ങളല്ല പലതും. സമൂഹത്തിന്റെ സജീവമായ പങ്കാളിത്തവും കൂടുതൽ ശാസ്ത്രീയമായ സമീപനങ്ങളും ഇക്കാര്യത്തിൽ ആവശ്യമാണ്. 

കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും കുട്ടികളെ അതിലേക്കു നയിക്കുന്നതും കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യപ്പെടണം. സാധാരണഗതിയിൽ ഒരാൾ കുറ്റം ചെയ്തുകഴിഞ്ഞാൽ പിന്നീട് അതു പൊലീസിന്റെ ഉത്തരവാദിത്തമായി മാറുകയാണ്. കുട്ടികളുടെ കാര്യത്തിൽ അതു പാടില്ല. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ ക്ഷേമത്തിനായുള്ള ഏജൻസികളും സാമൂഹികപ്രവർത്തകരും നാട്ടുകാരുമൊക്കെ കൂട്ടായി പരിശ്രമിച്ചാൽ മാത്രമേ അവരെ നേർവഴിയിലേക്കു തിരികെ കൊണ്ടുവരാൻ കഴിയൂ. 

സ്വഭാവവ്യതിയാനങ്ങളുണ്ടാകുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊക്കെ ശാസ്ത്രീയമായ പരിശീലനം നൽകാനുള്ള സംവിധാനമുണ്ടാകണം. പൊലീസിന്റെ നേതൃത്വത്തിൽ തുടങ്ങുകയും സാമൂഹിക നീതിവകുപ്പിന്റെ സഹകരണത്തോടെ മുന്നോട്ടുപോകുകയും ചെയ്യുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) പദ്ധതിയുടെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തിൽ കുട്ടികളിലെ സ്വഭാവവ്യതിയാനങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രീയമായ ചോദ്യാവലി തയാറാക്കിയിരുന്നു. ചോദ്യാവലിയുടെ ഉത്തരങ്ങൾ വിലയിരുത്തി കുട്ടികളെ 4 വിഭാഗങ്ങളായി തിരിക്കും. ആദ്യവിഭാഗം ഇടപെടൽ ആവശ്യമില്ലാത്തവരാണ്. ചെറിയ പ്രശ്നങ്ങളുള്ള 2–ാം വിഭാഗത്തിൽപ്പെട്ടവരെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തിരുത്തണം എന്നാണ് ആവശ്യപ്പെടാറുള്ളത്. കുറച്ചുകൂടി ഗൗരവമായ പ്രശ്നങ്ങളുള്ള 3–ാം വിഭാഗത്തിൽപ്പെട്ടവർക്ക് കൗൺസിലർമാരുടെയും മെന്റർമാരുടെയും സഹായം ലഭ്യമാക്കണം. ലഹരിമരുന്ന് ഉപയോഗവും കുറ്റവാസനയും ഉള്ള 4–ാമത്തെ വിഭാഗത്തിൽപ്പെട്ടവർക്ക് വിദഗ്ധചികിൽസ തന്നെ വേണം. ഈ രീതി യൂണിസെഫ് ഉൾപ്പെടെ അംഗീകരിക്കുകയും മറ്റു രാജ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടുകഴിഞ്ഞ കുട്ടികളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം ചേർത്തുനിർത്തി അടിസ്ഥാനപ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണണം. അതു മാത്രമേ സ്ഥായിയായി നിലനിൽക്കൂ. രക്ഷിതാക്കളുടെ കാഴ്ചപ്പാടുകളിലും ഉത്തരവാദിത്തങ്ങളിലും കാലത്തിനനുസരിച്ച മാറ്റം വരേണ്ടതുണ്ട്. കുട്ടികൾ വീടിനു പുറത്ത് ആരുമായാണു കൂ‍ട്ടുകൂടുന്നതെന്നും എവിടെയൊക്കെയാണു പോകുന്നതെന്നും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. ഭക്ഷണവും താമസവും വിദ്യാഭ്യാസവും ഒരുക്കിക്കൊടുക്കൽ മാത്രമല്ല രക്ഷാകർത്താവിന്റെ ഉത്തരവാദിത്തം. പരിഹരിക്കേണ്ട പ്രശ്നങ്ങളുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്. സ്കൂളിലെ രക്ഷാകർതൃ യോഗങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളുടെ മാർക്കിന്റെ കണക്ക് കേൾക്കാൻ മാത്രമല്ല. അധ്യാപകരുമായി മനസ്സുതുറന്ന് കുട്ടികളുടെ കാര്യങ്ങൾ സംസാരിക്കണം. തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിന് അവരുടെ സഹായം തേടണം. അധ്യാപകരും തിരിച്ച് ഈ ഉത്തരവാദിത്തം കാണിക്കണം. പരീക്ഷകളിൽ മാത്രം പോരാ, ജീവിതത്തിലും കുട്ടികൾ എ പ്ലസ് നേടണം. 

കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മാനസികസംഘർഷം അനുഭവിച്ചവരാണു നമ്മുടെ കുട്ടികൾ. ഇപ്പോഴും ഒരർഥത്തിൽ അവർ ലോക്ഡൗണിൽ തന്നെയാണ്. വീടിനുള്ളിൽ തന്നെ കഴിയേണ്ടിവരുന്നതിന്റെയും പഠനത്തിന്റെയും സമ്മർദങ്ങൾക്കൊപ്പം ഇന്റർനെറ്റിന്റെ ലോകം അവർക്കു മുന്നിൽ തുറന്നുകൊടുക്കേണ്ടിവന്നിരിക്കുന്നു. അതു ദുരുപയോഗം ചെയ്താൽ കുട്ടികളുടെ ചിന്തകളെയും സ്വഭാവത്തെയും വരെ സ്വാധീനിക്കും. സ്കൂളുകൾ തുറക്കുമ്പോൾ പഠനം പുനരാരംഭിക്കുന്നതിനു മുൻപ് അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനായിരിക്കണം ഊന്നൽ നൽകേണ്ടത്. അതിനുള്ള ശാസ്ത്രീയമായ വഴികൾ പൊതുമാർഗരേഖയായി തയാറാക്കണം. 

(കേരള പൊലീസിന്റെ ചിൽഡ്രൻ ആൻഡ് പൊലീസ് വിഭാഗം നോഡൽ ഓഫിസർ കൂടിയാണു ലേഖകൻ)

English Summary: Child care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com