ADVERTISEMENT

ഹൈപ്പര്‍ ടെൻഷൻ ഒരു ജീവിതശൈലീ രോഗമാണ്. ജീവിതശൈലിയിലുണ്ടായിട്ടുള്ള ചില മാറ്റങ്ങളാണ് രോഗമുണ്ടാവുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ മരുന്നുകൾ കൊണ്ടു മാത്രം ഉയർന്ന ബിപി ചികിത്സിച്ചു മാറ്റാനോ നിയന്ത്രിക്കുവാനോ സാധ്യമല്ല. മരുന്നുകൾക്കൊപ്പം ജീവിതശൈലി പുനഃക്രമീകരിക്കുകയാണ് ഉചിതമായ നടപടി. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങി പല മാരകരോഗങ്ങൾക്കും ഉയർന്നു നില്‍ക്കുന്ന ബിപി കാരണമാകുന്നുണ്ട്. ചികിത്സയുടെ പ്രധാനലക്ഷ്യം ഇത്തരം മാരകരോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കുകയെന്നതാണ്. സ്ട്രോക്ക് വരാനുള്ള സാധ്യത മുപ്പത് ശതമാനവും ഹൃദയാഘാതത്തിനുള്ള സാധ്യത ഇരുപത് ശതമാനവും കുറയ്ക്കുവാൻ കഴിയുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. അപ്പോൾ ഏതെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്.

അമിതഭാരം നിയന്ത്രിക്കുക

അമിതഭാരമുള്ളവർക്ക് ഉയർന്ന രക്തസമ്മർദമുണ്ടാകുവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 2 മുതൽ 6 ഇരട്ടി വരെ കൂടുതലാണ്. ഭാരം കൂടും തോറും രക്തസമ്മർദവും കൂടും. അതുപോലെതന്നെ ഉയർന്ന രക്തസമ്മർദമുള്ള അമിതവണ്ണക്കാർ ഭാരം കുറച്ചാൽ രക്തസമ്മർദം കുറയും. ഓരോ 10 കി.ഗ്രാം തൂക്കനിയന്ത്രണത്തിനും ഏകദേശം 5–10 വരെ രക്തസമ്മർദം കുറയുന്നു. 

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിച്ചാൽ 8 mm of Hg വരെ കുറയ്ക്കാൻ കുറയ്ക്കാൻ കഴിയുന്നു. അതുകൊണ്ട് പാചകം ചെയ്യുമ്പോൾ ഉപ്പ് കുറച്ച് ഉപയോഗിക്കുകയും ഉപ്പ് കൂടുതലുള്ള ഭക്ഷണസാധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക. വൃക്കരോഗങ്ങൾ, പ്രമേഹം തുടങ്ങി മറ്റ് രോഗങ്ങളില്ലാത്തവർ ഉപ്പിനു പകരം ഇന്തുപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. മിതമായ അളവിലേ അതും ആകാവൂ. ഇന്തുപ്പിൽ സോഡിയത്തിനു പകരം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം കൂടുതലുള്ള പഴം, ഓറഞ്ച്, ഉരുളക്കിഴങ്ങ്, കരിക്ക് എന്നിവ ഉപയോഗിക്കുക. പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉൾപ്പെടുത്തുന്നത് സോഡിയത്തിന്റെ അളവ് കുറയ്ക്കുക മാത്രമല്ല അവ ശരീരത്തിൽ ആന്റി ഓക്സിഡന്റുകളുടെ അളവ് വർധിപ്പിക്കുവാനും സഹായിക്കുന്നു. ഭക്ഷണത്തിൽ ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കുകയും ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണ രീതി ഉയർന്ന ബിപി കുറയ്ക്കാൻ വളരെ സഹായകരമാണ്.

മാനസിക പിരിമുറുക്കം കുറയ്ക്കുക

മാനസിക പിരിമുറുക്കം കുറയ്ക്കുക എന്നത് ഉയർന്ന ബിപി കുറയ്ക്കാൻ വളരെ സഹായിക്കും. മനസ്സിന് സന്തോഷകരമായ കാര്യങ്ങളിൽ വ്യാപൃതരാവുക, ധ്യാനം ശീലിക്കുക എന്നിവ ഗുണം ചെയ്യും. 

പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക

പുകവലിയും അമിത മദ്യപാനവും ഉപേക്ഷിക്കുക വഴി ഉയര്‍ന്ന രക്തസമ്മർദം കുറയ്ക്കാനാവും. മാത്രവുമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നു സംരക്ഷണവും ലഭിക്കും. 

വ്യായാമം ശീലമാക്കുക

ആഴ്ചയിൽ അഞ്ചു ദിവസം 40 മിനിറ്റ് വ്യായാമം ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. എയറോബിക് വ്യായാമങ്ങളായ നടത്തം, സൈക്ലിങ്, നീന്തൽ എന്നിവയാണ് നന്ന്. അവ നല്ല ഉറക്കവും പ്രദാനം ചെയ്യും. 

English Summary : Lifestyle diseases, Blood pressure contolling tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com