‘നിശ്ശബ്‌ദഘാതക’നെ അറിയാതെ പോകരുത്; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

health-news-high-blood-pressure
Representative Image. Photo Credit : BlurryMe / Shutterstock.com
SHARE

ചോദ്യം : എഴുപതു വയസ്സുള്ള എന്റെ അച്ഛന്റെ പ്രഷർ കൂടുന്നതാണ് എന്റെ പ്രശ്‍നം. ആദ്യമൊക്കെ ഇരുന്നൂറ്റി അൻപതായിരുന്നു മുകളിലെ പ്രഷർ. ഇപ്പോൾ ഇരുനൂറായി നിൽക്കുകയാണ്. മൂക്കിൽക്കൂടി രക്തം വന്നതായിരുന്നു ആദ്യ ലക്ഷണം. അങ്ങനെയാണ് പ്രഷറാണെന്നു മനസ്സിലായത്.

ഉത്തരം: ശരീരത്തിലുള്ള ഓരോ കോശത്തിന്റെയും നിലനിൽപിനു പ്രാണവായുവും  പോഷകാംശങ്ങളും അത്യന്താപേക്ഷിതമാണ്. രക്തക്കുഴലുകൾ വഴി ഹൃദയമിടിപ്പിൽക്കൂടി ഒഴുകിവരുന്ന രക്തത്തിൽക്കൂടി ഇത് തികയാതെ വരുമ്പോഴാണ് അനന്തരഫലമായി രക്താതിമർദം അല്ലെങ്കിൽ ബിപി സംജാതമാകുന്നത്. ശരീരത്തിലെ ചില പ്രവിശ്യകളിലെ രക്തക്കുഴലുകൾ വേണ്ടത്ര വഴങ്ങിക്കൊടുക്കുന്നില്ലെങ്കിൽ അപ്പുറത്തെ കോശങ്ങൾ പട്ടിണിയാകും. അവ മുറവിളി കൂട്ടുമ്പോൾ കേന്ദ്രത്തിൽ നിന്നു ഹൃദയം കൂടുതൽ മർദത്തോടെ രക്തം പമ്പ് ചെയ്‌തു തുടങ്ങും. താൽക്കാലികമായെങ്കിലും രക്തവിതരണം തൃപ്തികരമായിത്തീരും. രക്തസമ്മർദ്ദം കൂടുമ്പോൾ അതു താങ്ങാൻ രക്തധമനികൾ തടിച്ച കുഴലിന്റെ തന്നെ വ്യാസവും ചിലപ്പോൾ കുറഞ്ഞു പോകും. മൂക്കിലൂടെ രക്തം പോകുന്നതായിരിക്കും പലപ്പോഴും രക്താതിമർദത്തിൽ വന്നു കൂടുന്ന ആദ്യ ഒരു ലക്ഷണം. ഇതുമാതിരി മസ്തിഷ്കത്തിനകത്തും രക്തക്കുഴലുകൾ പൊട്ടാം എന്നതിന്റെ ഒരു സൂചനയാണിത്. പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൽവ് എന്നപോലെ രക്തസമ്മർദ്ദം കുറയ്ക്കണമെന്നതിന്റെ ഒരു മുന്നറിയിപ്പായി കരുതാം. 

രക്തചംക്രമണ സമ്മർദ്ദം കൂടിയാൽ തൊണ്ണൂറുശതമാനം ആൾക്കാരിലും  അതുമൂലം ഒരസുഖവും ഉടനടി കാണുകയില്ല. പക്ഷേ, ഈ അതിസമ്മർദ്ദം താങ്ങാനാവാതെ  രക്തനാഡികളിൽ പല പ്രതികൂലപരിവർത്തനങ്ങളും നടക്കുന്നു. അന്തിമമായി ഹൃദയാഘാതമോ മസ്തിഷ്കത്തിലെ രക്തനാഡി പൊട്ടി തളർവാതമോ സംഭവിക്കുന്നതായിരിക്കും ആദ്യമായിത്തന്നെയുള്ള രോഗലക്ഷണം. അതുതന്നെ മാരകമായി സംഭവിച്ചേക്കാം. ഇതുമൂലമാണ് രക്താതിസമ്മർദ്ദത്തെ  നിശ്ശബ്‌ദഘാതകൻ  എന്ന് വിളിക്കുന്നത്. 

രക്താതിമർദം കുറയ്ക്കുന്ന മരുന്നുകൾ രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽത്തന്നെയും ആജീവനാന്തം കഴിക്കേണ്ടിവരും. പ്രഷർ പരിശോധിക്കുന്നതിലും മരുന്ന് കഴിക്കുന്നതിലും വിമുഖത കാട്ടുന്ന പല രോഗികളും അവസാനമായി ഗുരുതരമായി എന്തെങ്കിലും സംഭവിക്കുമ്പോഴായിരിക്കും വീണ്ടും ചികിത്സ ആരംഭിക്കുന്നത്. മരുന്നുകൾ എല്ലാംതന്നെ കുറച്ചു മണിക്കൂറുകൾ നേരത്തേക്കു മാത്രമേ പ്രയോജനപ്പെടുന്നതായി കാണുന്നുള്ളൂ. അവ ഒന്നോ രണ്ടോ കൂടുതലോ പ്രാവശ്യമായി കഴിക്കേണ്ടി വരും. 

രോഗി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നു. 

1. ചിട്ടയായുള്ള ജീവിതം നയിക്കണം. 

2. നടപ്പ് മുതലായ വ്യായാമങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചെയ്തിരിക്കണം. 

3. വണ്ണം കൂടാതെ സൂക്ഷിക്കണം. 

4. പുകവലി, പുകയിലയുടെ ഉപയോഗം ഏതു വിധത്തിലുള്ളതായാലും പാടെ ഉപേക്ഷിക്കണം. 

5. ആഹാരത്തിൽ ഉപ്പു കുറയ്ക്കണം. 

6. കൊളസ്‌ട്രോൾ നിയന്ത്രണത്തിലാക്കണം.

7. പ്രമേഹമുണ്ടെങ്കിൽ അതും നിയന്ത്രണത്തിലാക്കണം.

English Summary : Well Being - What causes high blood pressure

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA