ADVERTISEMENT

നമ്മുടെ ഓരോരുത്തരുടേയും ശരീരത്തിൽ കാൻസറിനു കാരണമാകാവുന്ന ജീനുകളുണ്ട്. അത് ഒരു പടക്കമാണ്. ചിലരിലതു നനഞ്ഞ പടക്കമായിരിക്കും. പൊട്ടില്ല. കുറച്ചു പേരിൽ ചിലപ്പോൾ തീയില്ലാതെയും പൊട്ടും. എന്നാൽ പകുതിപേരിലും തീ കൊളുത്തിയാലേ പടക്കം പൊട്ടൂ. ആ തീ കെടുത്തിക്കളഞ്ഞാൽ അർബുദരോഗികളാകാനിരിക്കുന്ന നൂറുപേരിൽ 50 പേരെ ആ രോഗത്തിൽ നിന്നു രക്ഷിക്കാനാകും. വളരെ ലളിതമായ വഴികളിലൂടെ കാൻസർ രോഗത്തെ ചെറുക്കാൻ നമുക്കു കഴിയും. ആ ദുരന്തത്തെ അകറ്റി നിർത്താനാവും.

അർബുദം വരുത്തിവയ്ക്കുന്ന വലുതും ചെറുതുമായ നിരവധി അപായഘടകങ്ങൾ ഉണ്ട്. കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ തന്നെ അവയെ അകറ്റി നിർത്താൻ കഴിയും. അതിനു കഴിഞ്ഞാൽ അർബുദമെന്ന രോഗത്തേയും അകറ്റിനിർത്താം. ആ അപായഘടകങ്ങളിൽ ഒന്നാമനാണു പുകയില ഉൽപന്നങ്ങൾ. പുകവലി മുതൽ പാൻപരാഗും പുകയില ചേർത്തുമുറുക്കുന്നതു വരെ അതിൽപെടും.

ജാഗ്രതയോടെ സമീപനം

ഇതൊരു പുതിയ കാര്യമല്ല. മിക്കവാറും പലതവണ കേട്ടകാര്യം. പക്ഷേ കേട്ടവരും അറിഞ്ഞവരും വേണ്ടത്ര ജാഗ്രതയോടെയല്ല പുകയില ഉൽപന്നങ്ങൾ തൊട്ടുള്ള അപായ ഘടകങ്ങളെ ഇപ്പോഴും സമീപിക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതുതന്നെയാണ് അതിനു തെളിവ്. നമ്മുടെ കുട്ടികളിൽ ഏതാണ്ട് 20 ശതമാനവും ഏതെങ്കിലും വിധത്തിലുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന പഠനറിപ്പോർട്ടുകൾ ചിലപ്പോൾ രക്ഷകർത്താക്കൾ അംഗീകരിച്ചെന്നു വരില്ല, എന്നാൽ അതാണ് സത്യം. പുകയില ഉത്പന്നങ്ങളെ അകറ്റിനിർത്തുന്നതോടെ 30 ശതമാനം പേരെ രോഗത്തിൽ നിന്നും രക്ഷിക്കാനാകും.

പുകയില എന്ന സൂപ്പർ വില്ലൻ

ശ്വാസകോശാർബുദത്തിനും ശബ്ദപേടക കാൻസറിനും ചികിത്സയ്ക്കെത്തുന്നവരിൽ 90 ശതമാനം പേരും പുക വലിച്ചിരുന്നവരാണ്. വായിലെ കാൻസർ വരുന്നവരിൽ 85 ശതമാനവും പുകവലിയോ പുകയില ഉൽപന്നങ്ങളിൽ ഏതെങ്കിലുമൊന്നോ ഉപയോഗിച്ചിരുന്നവരാണ്. ഇതു പറഞ്ഞതു കഥയിലെ സൂപ്പർ വില്ലൻ പുകയിലയാണെന്നു വ്യക്തമാക്കാനാണ്. വായ്, ശ്വാസകോശം, തൊണ്ട, ആമാശയം, വൃക്ക, ഗർഭാശയമുഖം തുടങ്ങി വിവിധശരീരഭാഗങ്ങളിലുണ്ടാകുന്ന കാൻസർ രോഗങ്ങൾക്കു പുകയില നേരിട്ടും അല്ലാതെയും കാരണമാകുന്നുണ്ട്.

കാൻസറിനു കാരണമാകുന്ന ഏതാണ്ട് 60 ഓളം രാസവസ്തുക്കൾ പുകയിലയിൽ അടങ്ങിയിട്ടുണ്ട്. മദ്യം, കൊഴുപ്പേറിയ ഭക്ഷണം, അമിതവണ്ണം ഉൾപ്പെടെയുള്ള മറ്റ് അപായ ഘടകങ്ങൾക്കൊപ്പമാകുമ്പോൾ പുകവലിയും പുകയില ഉൽപന്നങ്ങളും എരിതീയിൽ എണ്ണപകരുംവിധം അപായകരമാണ്. പുകവലിക്കുന്നില്ലെങ്കിലും പുകവലിക്കുന്നയാളുടെ സാമീപ്യത്തിലൂടെ പുക ഉള്ളിൽ പോകുന്ന പാസീവ് സ്മോക്കിങും അപകടകരമാണ്. പുകയില ഉൽപന്നങ്ങളുടെ ഏതുവിധ ഉപയോഗവും, നേരിട്ടായാലും അല്ലാതെയായാലും പൂർണമായും ഒഴിവാക്കുകയാണു കാൻസർപ്രതിരോധിക്കാനുള്ള ഒന്നാമത്തെ വഴി.

ഭക്ഷണം നന്നായാൽ

പാശ്ചാത്യ നാടുകളിൽ കാണുന്ന കാൻസറിൽ മൂന്നിലൊന്നിനും കാരണം ഭക്ഷണരീതിയിലെ അപാകതയാണ്. ഇന്ത്യയിൽ പത്തുമുതൽ 15 ശതമാനം വരെ കാൻസറിനും ഇതു കാരണമായിത്തീരുന്നുണ്ട്. സാമൂഹികസാമ്പത്തിക സാഹചര്യങ്ങളിലെ മെച്ചം മൂലം പാശ്ചാത്യനാടുകൾക്കു സമാനമായ ഭക്ഷണരീതിയിലേക്കാണു നnമ്മുടെ നാടും പോകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലെ അപാകതയാണു നമ്മുടെ നാട്ടിലെ 25 ശതമാനം കാൻസറിനും കാരണമാകുന്നതെന്നു പറയാം. ഇതൊരു അപകടകരമായ സൂചനയാണെന്നു പറയുന്നതുപോലെ, നമുക്ക് എളുപ്പത്തിൽ തിരുത്തി അത്രമാത്രംഅർബുദ സാധ്യതയെ തടയാൻ കഴിയുമെന്ന ആശ്വാസവും ഉണ്ട്.

എന്തു കഴിക്കരുത്?

അർബുദ സാധ്യത വരുത്തുന്ന ഭക്ഷണം, അർബുദ സാധ്യതയെ പ്രതിരോധിക്കുന്ന ഭക്ഷണം, രോഗം വന്നവരിൽ അതിന്റെ വ്യാപനത്തെ കുറയ്ക്കുന്ന ഭക്ഷണം മൂന്നായി തരംതിരിക്കാം. അർബുദസാധ്യത വർധിപ്പിക്കുന്നതായി വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള നിരവധി ഭക്ഷണപദാർത്ഥങ്ങളുണ്ട്. അവയെല്ലാം ഒഴിവാക്കണം.

മൃഗക്കൊഴുപ്പ് വേണ്ട

മൃഗക്കൊഴുപ്പിന്റെ അമിതോപയോഗം അർബുദസാധ്യത വർധിപ്പിക്കും. സ്തനാർബുദത്തിനും കുടലിലെ കാൻസറിനും ഇത് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഇതിനായി റെഡ്മീറ്റ് (പന്നി, ആട,് പശു, കാള, പോത്ത്) കഴിക്കാതിരിക്കുക.

പൂപ്പൽ പിടിച്ചത് കഴിക്കരുത് 

പൂപ്പൽ പിടിച്ച ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. പ്രത്യേകിച്ചും ധാന്യങ്ങളിലും പയറു വർഗങ്ങളിലും മറ്റും കാണുന്ന അഫ്ളാടോക്സിൻ എന്ന പൂപ്പൽബാധ കാൻസറിനു കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. സങ്കീർണമായ ചികിത്സ വേണ്ടിവരുന്ന കരൾ കാൻസറിനാണ് ഇതു വഴിവയ്ക്കുന്നത്.

പുകച്ചതും കരിച്ചതും അരുത് 

പുകച്ചും കരിച്ചും തയാറാക്കുന്നതും സൂക്ഷിച്ചുവയ്ക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ അപകടകരമാണ്. അതുപോലെ ഉപ്പിട്ട് ഉണക്കിസൂക്ഷിക്കുന്ന ഭക്ഷണവസ്തുക്കളുടെ അമിത ഉപയോഗവും കാൻസറിനു വഴിവയ്ക്കാം. ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ആമാശയത്തിലെ ദഹനരസങ്ങളുമായി പ്രവർത്തിച്ചു നൈട്രോസമൈൻ എന്ന കാൻസർ പ്രേരിതവസ്തുവായിത്തീരുന്നു. ഈ രാസവസ്തുവിന്റെ തുടർച്ചയായ സാന്നിധ്യം കാൻസറിനു കാരണമാകും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്നു നിർദേശിക്കാനുള്ള കാരണവും ഇതുതന്നെ. പ്രതിദിനം അഞ്ചുഗ്രാം വരെ മതി ഉപ്പിന്റെ ഉപയോഗം.

എണ്ണ പലതവണ ചൂടാകുമ്പോൾ

ഒരേ എണ്ണ തന്നെ ദിവസങ്ങളോളം ആവർത്തിച്ചു വറുക്കാനും പൊരിക്കാനുമൊക്കെ ഉപയോഗിക്കുന്നത് അപകടകരമായ ആരോഗ്യശീലമാണ്. എണ്ണ ആവർത്തിച്ചു തിളപ്പിക്കുമ്പോൾ കാൻസറിനു പ്രേരകമായരാസവസ്തുക്കൾ രൂപം കൊള്ളുന്നതായി വ്യക്തമായിട്ടുണ്ട്.

കൃത്രിമ നിറവും മണവും സൂക്ഷിക്കാം

കൃത്രിമനിറവും മണവും രുചിയുമൊക്കെ കലർത്തുന്ന ഭക്ഷണപാനീയങ്ങളും കോളകളും കഴിവതും ഒഴിവാക്കുക. ഭക്ഷണസാധനങ്ങൾ കേടുകൂടാതെ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാൻ ചേർക്കുന്ന രാസവസ്തുക്കളും (പ്രിസർവേറ്റീവ്സ്) ശരീരത്തിലെത്തുന്നതു കാൻസർ സാധ്യത വർധിപ്പിക്കും. ടിന്നിലടച്ചതും സംസ്കരിച്ചതുമായ ഭക്ഷണം ഒഴിവാക്കാം.

കാൻസർ തടയും ആഹാരം

ചില കാൻസർരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഉചിതമായ ഭക്ഷണത്തിലൂടെ കഴിയും. ആമാശയം, കുടൽ, മലാശയം തുടങ്ങിയ ശരീരഭാഗങ്ങളിലുണ്ടാകുന്ന കാൻസറിനെ പ്രതിരോധിക്കുന്നതിൽ ഭക്ഷണത്തിനു വളരെ പ്രധാന പങ്കു വഹിക്കാൻ കഴിയും. പഴങ്ങളും പച്ചക്കറികളും വേണ്ടത്ര ഉപയോഗിക്കാത്തത് ഏതാണ്ട് ആറു ശതമാനം കാൻസറിനു കാരണമാകുന്നു.

നാരുകൾ നൽകും പ്രതിരോധം : നാരുകൾ കൂടിയ ഭക്ഷണം ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നതു കാൻസർ പ്രതിരോധിക്കാനുള്ള ഒരു നല്ല മാർമാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ മുതലായവ നാരുകളുടെ പ്രധാന ഉറവിടമാണ്. നമ്മുടെ നാട്ടിലെ പ്രധാന ഭക്ഷണം ചോറ് ആണ്. തുമ്പപ്പൂ പോലെ വെളുത്ത ചോറാണ് ഇന്ന് പലർക്കുമിഷ്ടം. അരിയിലെ തവിടിലാണു നാരുകൾ ഏറ്റവും കൂടുതലുള്ളത്. തവിടോടുകൂടിയ (പുഴുങ്ങി കുത്തിയ അരി) അരിയാണ് ഏറ്റവും നന്ന്.

ശരീരത്തിനു ദഹിപ്പിക്കാൻ കഴിയാത്ത ഈ ഭക്ഷ്യനാരുകൾ വിസർജ്ജിക്കപ്പെടുകയാണു ചെയ്യുന്നത്. എന്നാൽ ദഹനപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ കാൻസർപ്രേരക മാലിന്യങ്ങൾ തുടച്ചുമാറ്റി പുറന്തള്ളുന്നതിലൂടെയാണു കാൻസർ പ്രതിരോധപ്രവർത്തനം നടത്തുന്നത്. ഒപ്പം ആഹാരവസ്തുക്കളുടെ സുഗമമായ സഞ്ചാരത്തിനു സഹായിക്കുകയും ചെയ്യും.

നിറമുള്ള പഴങ്ങൾ കഴിക്കാം

മഞ്ഞ, പച്ച, ഓറഞ്ച് മുതലായ നിറങ്ങളുള്ള പഴങ്ങൾ കാൻസർ പ്രതിരോധിക്കാൻ ഒരു നല്ല വഴിയാണ്. ഇവയിലുള്ള ബീറ്റാകരോട്ടിൻ എന്ന ഘടകമാണ് പ്രതിരോധവസ്തു. പഴങ്ങളിൽ മാത്രമല്ല നിറമുള്ള പച്ചക്കറികളിലും ബീറ്റാകരോട്ടിൻ ധാരാളമുണ്ട്. ചീര, കാരറ്റ്, മുരിങ്ങയില, പപ്പായ, കാബേജ് മുതലായവയിലും ബീറ്റാകരോട്ടിൻ ഏറെയുണ്ട്.

കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നു മാത്രമല്ല രോഗത്തെ പരാജയപ്പെടുത്തുന്ന മരുന്നുപോലെ പ്രവർത്തിക്കാനും ബീറ്റാകരോട്ടിനു കഴിയുമെന്നു പുതിയ പഠനങ്ങൾ പറയുന്നു. ട്യൂമറുകളിലെ കോശങ്ങൾക്കെതിരെയുള്ള ശരീരത്തിലെ പ്രവർത്തനങ്ങളെ ബീറ്റാകരോട്ടിൻ സഹായിക്കുമത്രേ. ദിവസവും ചുരുങ്ങിയത് അഞ്ചുഗ്രാം ബീറ്റാകരോട്ടിൻ നമുക്ക് ആവശ്യമാണ്.

നെല്ലിക്കയും നാരങ്ങയും

നമുക്കു സുപരിചിതമായ നെല്ലിക്കയിലും നാരങ്ങയിലും അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾക്കു കാൻസർ വരുത്താൻ ഇടയാക്കുന്ന രാസപ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കാൻ കഴിയുമെന്നു ഗവേഷകർ പറയുന്നു. ഓറഞ്ചിനും മുന്തിരിയ്ക്കും ഈ ഗുണമുണ്ട്.

സോയാബീനിന്റെ അത്ഭുതം: അത്ഭുതകരമായവിധം അർബുദപ്രതിരോധശേഷിയാണു സോയാബീനുള്ളത്. സോയാബീനിൽ കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള അഞ്ചു ഘടകങ്ങളാണ് ഉള്ളത്. ഈസ്ട്രജൻ പോലുള്ള ചില ഹോർമോണുകളുടെ അമിതപ്രവർത്തനം തടയാൻ സോയാബീനിലെ ഘടകങ്ങൾക്കു കഴിയും. അതിനാൽ അമിത ഹോർമോൺ പ്രവർത്തനം മൂലമുണ്ടാകുന്ന സ്താനാർബുദം, പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ്കാൻസർ എന്നിവ ചെറുക്കാൻ സോയാബീനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിൻ ഇ യാണ് അതിനു സഹായിക്കുന്നത്.

കുടൽ, വായ്, ശ്വാസകോശം, കരൾ, പാൻക്രിയാസ് എന്നീ ഭാഗങ്ങളിലുണ്ടാകുന്ന അർബുദം ചെറുക്കാൻ ശേഷിയുള്ള പ്രോട്ടീസ് ഇൻഹിബിറ്ററുകളുടെ ഏറ്റവും നല്ല ഉറവിടവുമാണു സോയാബീൻ. സംസ്കരിക്കാത്ത സോയാബീൻ പയറാണ് ഏറ്റവും നന്ന്.

മദ്യപിച്ചാൽ കാൻസറും

മദ്യപാനം നേരിട്ടു കാൻസറിനു കാരണമാകാറുണ്ടെന്ന യാഥാർത്ഥ്യം പൊതുസമൂഹത്തിൽ അത്രയേറെ പ്രചാരത്തിലായിട്ടില്ല. എന്നാൽ ഏതാണ്ട് അഞ്ചുശതമാനം പേരിലും കാൻസറിനു കാരണം മദ്യപാനമാണ്. മദ്യപിക്കുന്നവർ പുകവിലക്കുന്നവർ കൂടിയാണെങ്കിൽ തൊണ്ടയിലെ കാൻസർ വരാനുള്ള സാധ്യത വളരെ വർധിക്കും.

അന്നനാളം, കരൾ, പ്രോസ്റ്റേറ്റ്, കുടൽ, സ്തനം എന്നീ ഭാഗങ്ങളിലെ കാൻസർ സാധ്യത മദ്യപാനം വർധിപ്പിക്കുന്നു. അമിതമായി ബിയർ കുടിച്ചാൽ മലാശയകാൻസറിനു (റെക്ടൽ കാൻസർ) സാധ്യത ഇരട്ടിയാകുമെന്നും പഠനങ്ങൾ പറയുന്നു. ഏതു മദ്യമായാലും ഉയർന്ന തോതിലുള്ള ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുന്നു. ഒരുനേരം വലിയ അളവിൽ മദ്യപിക്കുന്നവരിൽ പ്രതിരോധശേഷി പെട്ടെന്നു കുറയുന്നതുമൂലം കാൻസർ രോഗ വ്യാപനത്തിനു വേഗത കൂടാനും ഇടയുണ്ട്.

English Summary : Food and cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com