ADVERTISEMENT

ചൂടൻമാരെ പരിചയമുണ്ടോ? ചൂടൻമാരോട് ഇടപെടാൻ വലിയ ബുദ്ധിമുട്ടാണ്. പുരാണത്തിൽ പമമശിവൻ അറിയപ്പെടുന്നതു തന്നെ ക്ഷിപ്രകോപി എന്നാണല്ലോ? സിനിമയിൽ മോഹൻലാലിന്റെ ഇന്ദുചൂഡൻ എന്ന കഥാപാത്രവും എന്തൊരു ചൂടനായിരുന്നു.

അതുപോലെ തന്നെയാണു ചുടുകാലവും. നേരിടാൻ വലിയ പാടാണ്.

എന്തൊരു ചൂടാണിപ്പോൾ... മുൻകാലങ്ങളിലേക്കാൾ ഇത്തവണ ചൂടിനു വലിയ വ്യത്യാസമുണ്ട്. പൊള്ളുന്ന ചൂടാണിപ്പോൾ.

അൽപനേരം വെയിലുകൊണ്ടാൽ ആകെയൊരു തളർച്ചയാണ്. പരവേശമാണ്...

അതു കൊണ്ടുതന്നെ മുൻപു ചൂടുകാലത്തുപയോഗിച്ചിരുന്ന പൊടിക്കൈകൾ ഇപ്പോൾ അത്രയ്ക്കു ഫലിക്കുന്നില്ല. 

കാലാവസ്ഥാ വ്യതിയാനം ഇക്കാര്യത്തിലും ബാധകമാണെന്നു ചുരുക്കം.

ലക്ഷണങ്ങൾ

ചൂടു കൂടുമ്പോൾ പലരിലും അസഹ്യമായ ചൊറിച്ചിലുണ്ടാകും. ദേഹം ചൊറിഞ്ഞു തടിക്കും. ചിലർക്കാകട്ടെ ദേഹം മുഴുവൻ ചൂടുകുരു വരും. തലവേദന, ഛർദി, മാനസികമായ ബുദ്ധിമുട്ട് എന്നിവയും പലരിലും കാണാറുണ്ട്.

ചില സമയം വെയിലുകൊണ്ടാൽ ബോധക്ഷയം ഉണ്ടാകും. മസിൽ വെട്ടാനുള്ള സാധ്യതയും ഉണ്ട്. ചൂടുമൂലം നിർജലീകരണവും ലവണനഷ്ടവും ഉണ്ടാകുന്നതു കൊണ്ടാണിതെല്ലാം.

പൊടി കൂടുതലായതു കാരണം ശ്വാസകോശരോഗമുള്ളവരും കരുതലോടെ ഇരിക്കണം.

തൈറോയ്ഡ് രോഗമുള്ളവരും പ്രമേഹരോഗികളും ഹൃദയസംബന്ധമായ രോഗമുള്ളവരും പ്രായമായവരും ശ്രദ്ധിക്കേണ്ട സമയമാണിത്.

ശ്രദ്ധിക്കുക.

∙ രാവിലെ 10 മുതൽ 3 മണിവരെയുള്ള വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കരുതൽ വേണം.

∙ ദിവസവും കുറഞ്ഞതു 2 ലീറ്റർ വെള്ളം കുടിക്കുക.

എന്തു കുടിക്കണം?

∙ പേരയില ഇട്ടു തിളപ്പിച്ച വെള്ളം

പേരയില ഇട്ടു തിളപ്പിച്ച വെള്ളം കവിളിൽ കൊണ്ടു നോക്കു, നല്ലതാണ്. ഇതു കുടിക്കുകയും ചെയ്യാം.

∙ മോര്

മോരുംവെള്ളത്തിന്റെ കാര്യം പറയാനുണ്ടോ. ശംഭീരമാണ്.  മോരു കട്ടികുറച്ചു കാച്ചികുടിക്കുന്നതും നല്ലതാണ്.

കൂജയുണ്ടോ കൂജ?

രാത്രി ഒരു പച്ച നെല്ലിക്ക ചതച്ചു കൂജയിലെ വെള്ളത്തിൽ ഇട്ടുവയ്ക്കുക

രാവിലെ മുതൽ ഇത് ഇടയ്ക്കിടയ്ക്കു ആവശ്യത്തിനു തേൻ ചേർത്തു കുടിക്കാം.. ( തേൻ ചേർത്തില്ലെങ്കിലും കുഴപ്പമില്ല)

ഒരു സൂപ്പ് ങ്ങട് കാച്ചിയാലോ?

കഞ്ഞിവെള്ളം കൊണ്ട് ഒരു സൂപ്പുണ്ടാക്കിയാലോ? കുക്കറിൽ വച്ച കഞ്ഞിവെള്ളമാണ് ഇതിനു നല്ലത്. 

ഒരു സ്പൂൺ വെളിച്ചെണ്ണയിൽ കടുകു പൊട്ടിച്ച് ചെറിയ ഉള്ളി വെളുത്തുള്ളി വേപ്പില എന്നിവ മൂപ്പിച്ച് മഞ്ഞൾപൊടിയും ഒരു നുള്ളു കുരുമുളകുപൊടിയും ചേർത്ത് കഞ്ഞിവെള്ളത്തിൽ ചേർക്കുക. ഉഗ്രൻ സൂപ്പ് റെഡി. ചൂടുകാലത്ത് ഇതു വളരെ നല്ലതാണ്.

1. ചൂടുകാലത്തു ശരീരത്തിൽ തേച്ചു കുളിക്കാൻ എന്താണു നല്ലത്?

മുതിര (വറുത്തത്), ചെറുപയർ, മുത്തങ്ങ കിഴങ്ങ് എന്നിവ പൊടിച്ചു വയ്ക്കുക. ഇതു തേച്ചു കുളിച്ചാൽ വളരെ നല്ലതാണ്. ( മുത്തങ്ങ കിഴങ്ങ് അങ്ങാടികടയിൽ നിന്നു ലഭിക്കും. മുത്തങ്ങ കിഴങ്ങിനു നല്ല സുഗന്ധം ഉണ്ടാകും)

2. ചൂടുകുറയ്ക്കാൻ എന്തൊക്കെയാണ് ഒൗഷധം?

ദ്രാക്ഷാദി കഷായം ചൂർണം . ഒന്നരസ്പൂൺ ചൂർണം ഒന്നര ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് ആറ്റി അരിച്ചു ദാഹശമിനി പോലെ കുടിക്കാം. 

ഗുളൂച്യാദി കഷായ ചൂർണം– ഒന്നര സ്പൂൺ ചൂർണം ഒന്നര ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് ആറ്റി അരിച്ചു  ദാഹശമിനിക്കു പകരം കുടിക്കാം.

ധ്വാന്വന്തരം ഗുളിക– ഒന്നു വീതം രണ്ടു നേരം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അരച്ചു കഴിക്കുക. ( വെയിൽ കൊള്ളുന്ന നേരത്ത് ഒരു ഗുളിക വായിൽ ഇട്ട് മിഠായികഴിക്കുന്നതു പോലെ കഴിക്കാം. ക്ഷീണം ഉണ്ടാവില്ല)

ഗോപിചന്ദനാദി ഗുളിക– ഒന്നുവീതം രണ്ടു നേരം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അരച്ചു കഴിക്കുക.

English Summary : Summer health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com