മുഴുക്കുടിയനെ ആരും കൊണ്ടുനടക്കാറില്ലല്ലോ, അടുത്ത ചിയേഴ്സ് പറയുന്നതിന് മുൻപ് ഇൗ അനുഭവങ്ങൾ കേൾക്കണം

health-alcoholics-anonymous-an-international-fellowship-of-men-and-women-who-once-had-a-drinking-problem
SHARE

കൂട്ടുകെട്ടിലായിരിക്കും തുടക്കം. അവർക്കൊപ്പം നിൽക്കുന്നയാളാണെന്നു തെളിയിക്കാൻ. അല്ലെങ്കിൽ അവരെ സന്തോഷിപ്പിക്കാൻ. 90 ശതമാനം കേസുകളിലും മദ്യപാനം തുടങ്ങുന്നത് കൂട്ടുകാർക്കൊപ്പമായിരിക്കും .ക്രമേണ മദ്യം കെട്ടിയിടുന്ന അവസ്ഥയെത്തുമ്പോഴേക്കും കൂട്ടുകാരൊക്കെ വിട്ടുപോയിരിക്കും. മുഴുക്കുടിയനെ ആരും കൊണ്ടുനടക്കാറില്ലല്ലോ.

ഒടുവിൽ, ഓർമകൾ പോലുമില്ലാതെ ഒറ്റപ്പെട്ട ജീവിതം. എന്നാൽ കൂട്ടുകെട്ടു കൊണ്ടുതന്നെ മദ്യാസക്തിയുടെ കെട്ടുപൊട്ടിക്കാമെന്നു തെളിയിക്കുകയാണ് ഈ കൂട്ടായ്മ. അനേകരുടെ ജീവിതത്തിൽ ഫലപ്രദമെന്നു തെളിഞ്ഞ സ്നേഹ ചികിത്സ.

alcoholics-anonymous-an-international-fellowship-of-men-and-women-who-once-had-a-drinking-problem

ആൽക്കഹോളിക്സ് അനോനിമസ് (എഎ) കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടേണ്ടതുണ്ട്. അത്യാവശ്യക്കാരെ പരിചയപ്പെടുത്തേണ്ടതുണ്ട്. മദ്യത്തിലാറാടി മരണത്തോളം പോയി മടങ്ങി വന്നവരുടെ കൂട്ടായ്മയാണ് അത്. മറവിയുടെ ചാരത്തിൽ ഓർമകളുടെ ചില കനലുകളെങ്കിലുമുണ്ടാവും. അവരത് ആളിക്കത്തിക്കുമ്പോൾ അനുഭവങ്ങളുടെ ചൂടുണ്ടാവും; കൂടുതലും  അപമാനങ്ങളുടെ. സ്വന്തം കഥകൾ അവർ സത്യസന്ധമായി വിളിച്ചുപറയും. കേട്ടിരിക്കുന്ന മദ്യാസക്തനെസ്സംബന്ധിച്ചിടത്തോളം അതൊരു കണ്ണാടിക്കാഴ്ചയാണ്. കഥകളിൽ അവിടിവിടെ നിസ്സഹായരായി നിൽക്കുന്ന സ്വന്തക്കാരെ കാണാം. അപമാന ഭാരം കൊണ്ടു തലകുനിച്ചു നിൽക്കുന്ന തന്നെത്തന്നെ കാണാം.

മുഖങ്ങളേ മാറുന്നുള്ളൂ, കഥകൾ ഏറെക്കുറെ ഒന്നുതന്നെ.  ഇങ്ങനെ ഒന്നോ രണ്ടോപേർ സംസാരിച്ചുകഴിയുമ്പോഴേക്കും കേൾക്കുന്നവർ മനസ്സുകൊണ്ടൊരു

കുമ്പസാരം നടത്തിയിട്ടുണ്ടാവും. പിന്നെ, എല്ലാം സഹിച്ചുകൂടെ നിന്നവരുടെ സ്നേഹത്തിലേക്ക് ഒന്നു കുളിച്ചുകയറകയേ വേണ്ടൂ...അവിടുന്നങ്ങോട്ട് കരുതലിൻറെ കൈത്താങ്ങുമായി ഈ കൂട്ടുകാരുണ്ടാവും.

‘‘ദിവസവും രണ്ടു ലിറ്റർ വരെ കഴിച്ചിരുന്നയാളാണ് ഞാൻ. സാമ്പത്തിക സുരക്ഷിതത്വമുള്ള ജോലിയും ഭേദപ്പെട്ട കുടുംബ പശ്ചാത്തലവുമൊക്കെയുണ്ടായിരുന്നു. സോഷ്യൽ ഡ്രിങ്കിങ് എപ്പഴോ മുഴുക്കുടിയിലേക്ക് വഴിമാറി. ഉത്തരവാദിത്തങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി. സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഞാൻ കുറഞ്ഞകാലം കൊണ്ട്12 കേസുകളിൽ പ്രതിയായി. എല്ലാം നിസ്സാര തർക്കങ്ങളിൽ തുടങ്ങിയ വഴക്കുകൾ.എങ്ങനെയോ ഈ കൂട്ടായ്മയിൽ അംഗമായി. ആസക്തിയിൽ നിന്നു മോചിതനായി

എന്നുമാത്രമല്ല  സ്വന്തം അനുഭവങ്ങൾ പറഞ്ഞേ് ഒട്ടേറെപ്പേരെ സഹായിക്കാനുമായി...’’ ജീവിതത്തിലെ ‘മദ്യ’കാലഘട്ടം പിന്നിട്ട ഒരാളുടെ വാക്കുകളാണിത്. ഈ

കൂട്ടായ്മയെ മുൻപോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നൊരാളാണ് ഇന്ന് അദ്ദേഹം.

മദ്യപാനാസാക്തി രോഗമാണെന്നു തിരിച്ചറിയുകയാണ് ആദ്യത്തെ സ്റ്റെപ്.മദ്യത്തിന്റെ മുൻപിൽ താൻ തോറ്റുപോയി എന്നു സമ്മതിക്കുകയും വേണം. അതോടെ ‘‘ എനിക്കിത് എപ്പോൾ വേണമെങ്കിലും നിർത്താം’’ എന്ന  കപടനാട്യങ്ങളൊക്കെ അവസാനിക്കും. തിരിച്ചുവരവിന്റെ തുടക്കം അവിടെ നിന്നാണ്.

ആൽക്കഹോളിക് അനോനിമസ് ഒരു രാഷ്ട്രാന്തര കൂട്ടായ്മയാണ്. ‘‘ സ്വയം മദ്യവിമുക്തനാവുന്നതോടൊപ്പം ആവശ്യമുള്ളവരെ അങ്ങിനെയാവാൻ സഹയിക്കുക’’

alcoholics-anonymous-an-international-fellowship-of-men-and-women-who-once-had-a-drinking-problem-health

എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. 1935ൽ അമേരിക്കയിലെ അക്രോണിലാണ് കൂട്ടായ്മ രൂപംകൊണ്ട്. കടുത്ത മദ്യാസക്തിയിൽ നിന്നു വിടുതൽ നേടാൻ പ്രയത്നിച്ചിരുന്ന ബിൽ വിൽസൺ ബോബ് സ്മത്ത് എന്നിവർ ഒരു മോചനമാർഗമാരാഞ്ഞു നടത്തിയചർച്ചകളിൽ നിന്നാണ്ഇതിന്റെ തുടക്കം.മദ്യാസ്ക്തിയിൽ നിന്നു മോചിതരായ 100പേരുടെ അനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം 1939ൽ പ്രസിദ്ധീകരിച്ചു. 1946ൽ കൂട്ടായ്മയ്ക്ക് ഒരു പ്രവർത്തന രേഖ തയ്യാറാക്കി. സ്വന്തന്ത്ര സ്വഭാവം നിലനിർത്തുകഎന്നതായിരുന്ന പ്രധാന ലക്ഷ്യം. സംഘടനയുടെ പേര് സൂചിപ്പിക്കുംപോലെ അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും നിഷ്കർഷയുണ്ട്. വിവിധ രാഷ്ട്രങ്ങളിലായി20 ലക്ഷത്തിലധികം

പേർ കൂട്ടായ്മയിൽ അംഗമാണ്. കേവലം മദ്യത്തിൽ നിന്നുവിട്ടുനിൽക്കൽ മാത്രമല്ല എഎയുടെ പ്രഖ്യാപിതലക്ഷ്യം. പൂർണമായ മാനസിക പരിവർത്തനം ലക്ഷ്യമിടുന്ന ഒരു  ആത്മീയ പദ്ധതി കൂടിയാണത്. 12 സ്റ്റെപ്പുകളാണ് ഇതിനായി നിർദേശിക്കുന്നത്. മദ്യപാനംനിർത്താൻ ബലപ്രയോഗമടക്കമുള്ള രീതികൾ അവലംബിക്കുനന്നതിന് കർശന വിലക്കുണ്ട്.

കേരത്തിൽ 400 ലധികം എഎ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടുപേർ ചേർന്നാൽ തന്നെ ഒരു ഗ്രൂപ്പായി. ഇങ്ങനെ 5 ലധികം ഗ്രൂപ്പുകൾ കൂടി ഇന്റർ ഗ്രൂപ്പാകുന്നു. ഇതിന് ഒരു ചെയർമാനുണ്ടാകും. യോഗങ്ങളുടെ ഏകോപനം, എഎയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രചാരണം നടത്തുക എന്നിവ ചെയർമാന്റെ ഉത്തരവാദിത്തമാണ്. കൂട്ടായ്മയിൽ പുതുതായി എത്തുന്നയാൾക്കായി ഒരു സ്പോൺസർ ഉണ്ടാവും. എല്ലാം തുറന്നു പറയാവുന്ന ഒരു വ്യക്തി. പങ്കാളികളോട് പറയാൻ മടിക്കുന്നതുപോലും ഈ സ്പോൺസറോട് പങ്കുവയ്ക്കാം. ഒരു വിശുദ്ധ കുമ്പസാരത്തിന്റെ ഗുണം ചെയ്യുന്ന രീതിയാണ് ഇത്. 

കേരളത്തിൽ മദ്യാസക്തിക്കടിമപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ഈ രോഗം സ്ത്രീകൾക്ക് ഇരട്ട പ്രഹരമാണ്. കുടിക്കുന്ന സ്ത്രീക്കുള്ള സാമൂഹിമായ വിലക്കുകൾ ഒരു വശത്ത്. മദ്യത്തിന്റെ ദൂഷ്യം മറുവശത്ത്. ഫലത്തിൽ, ഇത് ഒളിപ്പിച്ചു വച്ച് നരകിച്ച് ഒടുങ്ങകയാണ് പലരും. എഎ കൂട്ടായ്മായിൽ പങ്കെടുത്തു കൊണ്ട് മദ്യപാനാസാക്തിയിൽ നിന്നു മോചിതയായ ഒരു വീട്ടമ്മയുടെ വാക്കുകൾ

‘‘വടക്കേയിന്ത്യയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന കാലത്താണ് ഞാൻ മദ്യത്തിനടിമയായെന്നും മോചനം വേണമെന്നുമുള്ള തിരിച്ചറിവുണ്ടാവുന്നത്. ഒരു ടെലിവിഷൻ ഷോയിൽ നിന്നാണ് എഎയെക്കുറിച്ച് ആദ്യം കേട്ടത്. തുടർന്ന് അവിടെയുള്ള മീറ്റിങ്ങുകളിൽ പങ്കെടുത്തു തുടങ്ങി. 2018 ൽ കേരളത്തിൽ സ്ഥിരതാമസമായി. മദ്യത്തിന് അടിമപ്പെട്ട സ്ത്രീകളുടെ എണ്ണം ഒട്ടും കുറവല്ല എന്ന് ഇക്കാലം കൊണ്ടു മനസ്സിലാക്കി. എന്നാൽ, അതു പരസ്യമായി തുറന്നു സമ്മതിക്കാനും ഇത്തരം കൂട്ടായ്മകളിൽ പങ്കെടുക്കാനും സ്ത്രീകൾ വിമുഖത കാണിക്കുന്നു. കുടുംബത്തിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നുമില്ല. ഒളിച്ചുവച്ച് കൂടുതൽ അപകടവാസ്ഥയിലേക്ക് പോകുകയാണ് പലരും. 25 വയസ്സാകുമ്പോഴേക്കും രണ്ടു തവണ ഡി അഡിക്‌ഷൻ സെന്ററിൽ ചികിത്സ തേടേണ്ടി വന്ന പെൺകുട്ടിയെപ്പോലും പരിചയപ്പെട്ടിട്ടുണ്ട്. എന്നാലും ഇതൊരു രോഗാവസ്ഥയാണെന്ന് സമ്മതിക്കാൻ മടിയാണ് അവർക്ക്.. പുരുഷൻമാർ മാത്രമുള്ള മീറ്റിങ്ങുകളിലേക്കാണ് ഞാൻ എന്റെ അനുഭവങ്ങളുമായി വന്നു കയറിയത്. എന്നെസ്സബന്ധിച്ചിടത്തോളം നൂറുശതമാനം പോസിറ്റീവ് ആയ മാറ്റമാണ് ഈ കൂട്ടായ്മയിൽ നിന്നുണ്ടായത്. കുറേപ്പേരിലേക്ക് ഇതിന്റെ വെളിച്ചമെത്തിക്കാനും കഴിഞ്ഞു. ഇപ്പോൾ സ്ത്രീകൾക്കുമാത്രമുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കിയും ഞങ്ങൾ സർവീസ് നടത്തുന്നു...’’ –  അവർ പറഞ്ഞു. 

അൽ അനോൺ

‘‘ഒരു മദ്യപന്റെ  ഭാര്യയെ സംബന്ധിച്ചടത്തോളം ഏറ്റവും ദുസ്സഹമായകാര്യം എന്താണെന്നറിയാമോ? വഴക്ക്, തെറി, മർദനം, കടം എന്നിങ്ങനെ പുറമേക്കു കാണുന്ന കാര്യങ്ങളേക്കാൾ കൂടുതൽ അവളെ വലയ്ക്കുന്ന മറ്റൊരു കാര്യമുണ്ട്.അവൾ ഏറ്റവും കുടുതൽ ചിന്തിക്കുന്നത് മദ്യത്തക്കുറിച്ചായിരിക്കും; അതിനെ വെറുത്തു കൊണ്ടുതന്നെ. പരിചയമില്ലാത്ത സ്ഥലത്ത് ഭർത്താവുമൊത്ത് പോവേണ്ടി വന്നു എന്നു വിചാരിക്കുക. അവൾ ആകുലപ്പെടുന്നത് അവിടത്തെ മദ്യഷാപ്പുകളെ കുറിച്ചായിരിക്കും. അടുത്ത് മദ്യഷാപ്പുണ്ടോ, ഭർത്താവ് അതു കാണുമോ...ആകുലതയായി മദ്യം നിങ്ങളുടെ ജീവിതത്തിൽ അതിന്റെ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കും...’’ –  ഒരു പഴയ മദ്യാസക്തന്റെ   ഭാര്യ

കുടിക്കുന്നവരെക്കാൾ, അതിന്റെ ഫലങ്ങളിൽ  കുളിച്ചു നിൽക്കുന്നത് കൂടെയുള്ളവരാവുമല്ലോ. മദ്യാസ്കതരുടെയും അതിൽ നിന്നു മോചിതരായവരുടെയും ഉറ്റവർക്കായുള്ള

കൂട്ടായ്മയാ അൽ അനോൺ. 1951ൽ എഎ സ്ഥാപകൻ ബിൽ വിലൻന്റെ ഭാര്യ ഡ്യബ്ള്യു. ലോയിസും ബി. ആനും ചേർന്നാണ് ഇതിനു തുടക്കമിട്ടത്. മദ്യാസ്കതരെക്കാൾ

മാനസിക പിന്തുണയും ആശ്വാസവും എത്തിക്കേണ്ടത് അവരുടെ കൂടെനിൽക്കുന്നവർക്കാണ്. കൂടയുള്ളവരുടെ പിന്തുണ കൊണ്ടുമാത്രമേ മോചനത്തിനുള്ള വഴിതെളിയുന്നുള്ളൂ.

‘‘മുഴുക്കുടിയനായിത്തീർന്ന ഭർത്താവിനോട് എനിക്കു ശത്രുതാ മനോഭാവമായിരുന്നു. എവിടെയോ അൽപം സ്നേഹം ഉള്ളിൽ നിൽക്കുന്നതുകൊണ്ട് വിട്ടുപോയില്ല എന്നുമാത്രം. എഎയുടെ മീറ്റിങ്ങുകളിൽ പങ്കെടുത്തതുകൊണ്ടുടായ ആദ്യ മാറ്റം ഈ മനോഭാവം മാറ്റാൻ കഴിഞ്ഞു എന്നതാണ്. മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ്. ആസക്തിയിൽ നിന്നു മോചിതനായി വരാൻ  ഒരു പക്ഷെ, കുറച്ചുകൂടി മാനസിക പിന്തുണ രോഗിക്കു വേണം എന്നുമാത്രം...’’ – അൽ അനോണിന്റെ ഒരു പ്രവർത്തക  സാക്ഷ്യപ്പെടുത്തുന്നു.

ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിൽ, ആസക്തിയുടെ നൂൽപ്പാലത്തിൽ മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു പരിചയക്കാരൻ നിങ്ങൾക്കുണ്ടോ? ക്രൂരമായ പരിഹാസ ശരങ്ങളേറ്റു തളർന്നു നിൽക്കുന്ന അയാൾക്ക് ഒരു അവസരം കൂടി കൊടുക്കാൻ നിങ്ങൾക്കു താൽപ്പര്യമുണ്ടോ? ഈഹെൽപ് ലൈൻ നമ്പറുകളിലൊന്ന്  ചിലപ്പോൾ പ്രയോജനപ്പെട്ടേക്കാം.

എഎ(8590572537,9447580580)

അൽഅനോൺ (9349810022,9349910022,)

English Summary : Alcoholics Anonymous, an international fellowship of men and women who once had a drinking problem

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA