ADVERTISEMENT

പ്രായമായ പിതാവിന് മരുന്ന് വാങ്ങാനായി വീട്ടിൽ ധരിച്ചിരുന്ന വേഷത്തിൽതന്നെ ഇരു ചക്ര വാഹനത്തിൽ പോയതാണ് അയാൾ. രാത്രി ഒൻപത് മണി  കഴിഞ്ഞിരുന്നു. തിരിച്ചു വരാൻ വൈകിയപ്പോഴാണ് അന്വേഷിച്ചിറങ്ങിയത്. വലിയ തിരക്കില്ലാത്ത റോഡിൽ രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു അയാൾ. ഇരു ചക്ര വാഹനം പൊട്ടി പൊളിഞ്ഞു ദൂരെ കിടപ്പുണ്ടായിരുന്നു. ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചതാണ് എല്ലുകൾ തകർന്ന്  മൃതപ്രായനായ അയാൾ ഗുരുതരമായ ശാരീരിക വൈകല്യങ്ങളോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരു വർഷത്തിലധികമെടുത്തു. ഇടിച്ചിട്ടു മുങ്ങിയത് ആരെന്ന് ഇന്നും അജ്ഞാതം .അത് ആരെന്ന് കണ്ടെത്തുവാൻ അവിടെ ക്യാമറ കണ്ണുകളും ഇല്ലായിരുന്നു. മനഃപൂർവമാകില്ല അപകടം ഉണ്ടാക്കിയത്. എന്നിട്ടും എന്തേ ആ വാഹനം അപകടത്തിൽ പെട്ടയാൾക്ക് വേണ്ട രക്ഷാ പ്രവർത്തനം നൽകാതെ പോയത് ? ഇരയായ ആൾക്ക് എന്തു സംഭവിച്ചുവെന്ന് അയാൾ ഒരു പക്ഷേ അന്വേഷിക്കുന്നുണ്ടാവും. കുറ്റബോധം കൊണ്ട് നീറുന്നുമുണ്ടാവും. എന്തെങ്കിലും സംഭവിച്ചോട്ടെയെന്നും ഞാൻ പുലിവാലിൽ നിന്നും തലയൂരിയില്ലെയുന്നും വിജയ ഭാവത്തിൽ ചിന്തിക്കുന്നവരുമുണ്ടാകും. ഇത്തരം ഹിറ്റ് ആൻഡ് റൺ സംഭവങ്ങളിൽ ഒരു ജീവനാണ് കുരുതി  കൊടുക്കപ്പെടുന്നതെന്ന് ഓർക്കണം.

പോയ നാലു വർഷത്തിൽ അജ്ഞാത വാഹനങ്ങൾ ഇടിച്ചു റോഡിൽ മരണപ്പെട്ടവർ ആയിരത്തിൽ കൂടുതലെന്ന്‌ സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോ പറയുന്നു. സാരമായി പരിക്കേറ്റവർ പതിനായിരത്തോളം. ഭൂരിപക്ഷവും രാത്രിയിൽ. കാൽനടയാത്രക്കാരും ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരുമാണ് ഇരകളിൽ അധികവും. വണ്ടി ഓടിക്കുന്നയാളുടെ അശ്രദ്ധയും അമിത വേഗവുമാകാം അപകട കാരണം. പൊതു നിരത്തിൽ പ്രകടപ്പിക്കുന്ന അക്ഷമയെ മെരുക്കിയാൽതന്നെ അപകടങ്ങൾ ഗണ്യമായി കുറയും .ആരെയും പിന്നിലാക്കാൻ വേണ്ടിയല്ല വണ്ടിയോടിക്കേണ്ടത്. സുരക്ഷിതമായി എത്തി ചേരേണ്ടിടത്ത് എത്താനാണ്. അത് മരണത്തിലേക്കാവരുത്. മറ്റുള്ളവരെ മരണത്തിലേക്കും അപകടത്തിലേക്കും തള്ളി വിടാനുമാകരുത്. വേഗത കൂട്ടി  ഓടി പോയാലും അടുത്ത ഗതാഗത കുരുക്കിലോ സിഗ്നലിലോ കാത്തു  നിൽക്കേണ്ടി വരില്ലേ?

ശ്രദ്ധിക്കാതെ  ഓർക്കാപ്പുറത്തു വാഹനത്തിന്റെ മുമ്പിലേക്ക്  വെട്ടിക്കയറി വരുന്ന ഇരയും അപകടമുണ്ടാക്കാം. അയാളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ അപകടത്തിൽ പെടുന്നവരുണ്ട്. ചിലപ്പോൾ വെട്ടി കയറി വരുന്നവരായിരിക്കും അപകടത്തിൽ പെടുന്നത്. റോഡ് മുറിച്ചു കടക്കുന്ന കാൽ നടക്കാരും സൈക്കിൾ യാത്രികരും ഇരു ചക്ര വാഹനം ഓടിക്കുന്നവരും ഹിറ്റ് ആൻഡ് റൺ ഇരകളാകാൻ സാധ്യതയുള്ളവരാണെന്ന തിരിച്ചറിവിൽ ജാഗ്രത പാലിക്കണം.

ആക്സിഡന്റിന്റെ സാഹചര്യം എന്തുമാകട്ടെ, അപകടത്തിൽ പെട്ടയാളെ വഴിയിൽ ഉപേക്ഷിച്ചു വാഹനം ഓടിച്ചയാൾ  മുങ്ങുന്നത് മനുഷ്യത്വ രഹിതമാണ്. ആശുപത്രിയിൽ എത്തിക്കണം. വൈദ്യ സഹായം ലഭ്യമാക്കണം. നിയമ സംവിധാനങ്ങൾക്ക്  മുമ്പിൽ പേടിക്കാതെ ഹാജരാകണം.  മനഃപൂർവ്വമല്ലാത്ത  അപകടമാകുമ്പോൾ  നിയമ പ്രശ്നങ്ങൾ   കുറവാണ്. ഇത് പലർക്കും അറിയില്ല. മുങ്ങുമ്പോഴാണ് കുറ്റം ഗുരുതരമാകുന്നത്. ചിലപ്പോൾ ഏതെങ്കിലും ക്യാമറ കണ്ണിൽ കുടുങ്ങാമെന്ന സാധ്യതയുമുണ്ട്. വാഹനം ഏതെന്ന് അറിയാത്തപ്പോൾ ഇരയ്ക്ക് നഷ്ട പരിഹാരം കിട്ടാൻ തടസ്സം വരുമെന്നതാണ്  ഈ മുങ്ങൽ  മൂലം സൃഷ്ടിക്കപ്പെടുന്ന മറ്റൊരു ദുരന്തം. അതുകൊണ്ട്‌ അടുത്ത പൊലീസ് സ്റ്റേഷനിലെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നല്ല മനസ്സ് ഉണ്ടാക്കണം. 

എന്റെ വാഹനം മൂലം അപകടമുണ്ടായെന്ന് തുറന്നു പറയാനും രക്ഷിക്കാനും നിന്നാൽ എന്തുണ്ടാവുമെന്ന ഭീതി പലർക്കുമുണ്ട്. അപകടമുണ്ടാക്കിയാളെ  പുലഭ്യം പറഞ്ഞും കയ്യേറ്റം ചെയ്തും  പൊലീസ് ചമയുന്ന ചിലരുണ്ട്. വാഹനം തല്ലി തകർക്കാൻ ശ്രമിക്കുന്നവരുണ്ട്. ഈ രോഷം ഭയന്ന് ഓടുന്നവരുണ്ട് ആക്‌സിഡന്റിലെ കുറ്റം നിശ്ചയിക്കൽ നിയമപാലകർക്ക് വിട്ടു കൊടുക്കുക. അപകടം ഉണ്ടാക്കിയ ആളുടെ കൂടി സഹായത്തോടെ ഇരയായ വ്യക്തിക്ക് വൈദ്യ സഹായം എത്തിക്കുന്നതിലാണ് പൊതു ജനം ശ്രദ്ധിക്കേണ്ടത്. അപ്പോഴേ അപകടം ഞാൻ മൂലമെന്ന് പറയാനുള്ള സാഹചര്യങ്ങളും സംസ്കാരവും ഉണ്ടാകൂ. ഹിറ്റ് ആൻഡ് റൺ സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ .

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)

English Summary : Road accidents: hit and run cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com