ADVERTISEMENT

ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രതിദിനം അഞ്ച് നേരം പഴവും പച്ചക്കറികളും കഴിക്കണമെന്ന് പുതിയ പഠനങ്ങള്‍. ഇതില്‍ രണ്ട് തവണ പഴങ്ങളും മൂന്ന് തവണ പച്ചക്കറികളുമാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. 

മരണകാരണമായേക്കാവുന്ന ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുടെ അപകട സാധ്യത കുറയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണശീലം സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം 10ല്‍ ഒരാള്‍ മാത്രമേ ആവശ്യമായ തോതില്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുള്ളൂ. 

രണ്ട് നേരം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരെ അപേക്ഷിച്ച് അഞ്ച് തവണ ഇവ കഴിക്കുന്നവര്‍ക്ക് പല കാരണങ്ങളാലുള്ള മരണത്തിന്റെ സാധ്യത 13 ശതമാനം കുറവാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഹൃദ്രോഗവും പക്ഷാഘാതവും ഉള്‍പ്പെടെയുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഇവര്‍ക്ക് വരാനുള്ള സാധ്യത 12 ശതമാനം കുറവാണ്. കാന്‍സര്‍ വരാനുള്ള സാധ്യത 10 ശതമാനവും ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ് പോലുള്ള ശ്വാസകോശ രോഗങ്ങള്‍ വരാനുള്ള സാധ്യത 35 ശതമാനവും കുറവാണെന്നും പഠനത്തില്‍ പറയുന്നു. 

എന്നാല്‍ എല്ലാ പഴങ്ങളും പച്ചക്കറികളും ഒരേ പോലെയുള്ള ഫലം നല്‍കുന്നില്ല. പീസ്, കോണ്‍, ഫ്രൂട്ട് ജ്യൂസുകള്‍, ഉരുളക്കിഴങ്ങ് പോലെയുള്ള സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറികള്‍ മരണ സാധ്യത കുറയ്ക്കുന്നില്ലെന്ന് പഠനം ഓര്‍മിപ്പിക്കുന്നു. അതേ സമയം ചീര, ലെറ്റിയൂസ് പോലുള്ള പച്ചിലകള്‍, സിട്രസ് പഴങ്ങള്‍, ബെറി പഴങ്ങള്‍, കാരറ്റ് എന്നിവ പോലെ ബീറ്റ കരോട്ടീനും വൈറ്റമിന്‍ സിയും അടങ്ങിയ പഴം-പച്ചക്കറി വര്‍ഗങ്ങള്‍  മരണ സാധ്യത കുറയ്ക്കുന്നതാണ്. 

ഓരോ തവണ ആഹാരം കഴിക്കുമ്പോഴും പ്ലേറ്റിന്റെ പകുതിയോളമെങ്കിലും പഴങ്ങളും പച്ചക്കറികളും എടുക്കണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

English Summary : Eating daily servings of fruits and vegetables helpful for longer life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com