നവജാത ശിശു പരിചരണം; എടുക്കുന്നതിൽ തുടങ്ങി അറിയേണ്ട കാര്യങ്ങൾ

HIGHLIGHTS
  • തലയ്ക്കും കഴുത്തിനും സപ്പോർട്ട് കൊടുത്തു വേണം കുഞ്ഞിനെ എടുക്കാൻ
  • തോളിലിടുമ്പോൾ കൈകൾ രണ്ടും അമ്മയുടെ കഴുത്തിനു പിന്നിൽ വീഴുന്ന രീതിയിൽ ഉയർത്തി എടുക്കണം
Infant And Toddler Safety Checklist
Photo credit : Herlanzer / Shutterstock.com
SHARE

വർക്കല ഇടവയിൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽനിന്നു വീണ കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അമ്മ മരിച്ച സംഭവം ആരെയും സങ്കടപ്പെടുത്തും. താഴെ തെർമോക്കോൾ കൂനയിൽ വീണതുകൊണ്ട് കുഞ്ഞിന് നിസ്സാര പരുക്കുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 25 കാരിയായ അമ്മയ്ക്കു ജീവൻ നഷ്ടമായി.

ഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങൾക്കൊപ്പം ആശങ്കകളും വളരും. പ്രത്യേകിച്ച് ആദ്യമായി അമ്മയാകുന്നവർക്ക്. കുഞ്ഞിനെ എടുക്കുന്നതിൽ തുടങ്ങി പാലൂട്ടുന്നതും കുളിപ്പിക്കുന്നതും ഭക്ഷണം നകുന്നതും വാക്സിനേഷനും ആരോഗ്യവുമെല്ലാം അമ്മയിൽ ആകുലതകളുണ്ടാക്കും. കുഞ്ഞുങ്ങളുടെ പരിചരണത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളെപ്പറ്റി പറയാം.

കുഞ്ഞിനെ എടുക്കുമ്പോൾ?

കുഞ്ഞിന്റെ തലയ്ക്കും കഴുത്തിനും സപ്പോർട്ട് കൊടുത്തു വേണം  എടുക്കാൻ. ഒരിക്കലും കുഞ്ഞിന്റെ കൈകളിൽ തൂക്കി ഉയർത്തരുത്. ശരീരഭാരം താങ്ങാൻ കുഞ്ഞുകൈകൾക്കാവില്ല. അതുകൊണ്ട് കുഴ തെറ്റിപ്പോകാം. കഴുത്ത് ഉറയ്ക്കാതെ കുഞ്ഞിനെ എടുക്കുമ്പോൾ തലയ്ക്കും കഴുത്തിനും ശരിയായി താങ്ങു കൊടുക്കണം. മുലപ്പാൽ കൊടുക്കുന്ന സമയത്ത് കുഞ്ഞിന്റെ തല അമ്മയുടെ കൈക്കുഴയിലും ദേഹം കൈയിലുമായി വരണം. കുഞ്ഞിന്റെ പിൻഭാഗം അമ്മയുടെ കൈവെള്ളയിൽ വരണം.

തോളിലിടുമ്പോൾ കുഞ്ഞിന്റെ കൈകൾ രണ്ടും അമ്മയുടെ കഴുത്തിനു പിന്നിൽ വീഴുന്ന രീതിയിൽ ഉയർത്തി എടുക്കണം. ഒരു കൈ കൊണ്ടു കുഞ്ഞിന്റെ തലയും പിൻഭാഗവും താങ്ങുകയും മറുകൈ കുഞ്ഞിന്റെ ഉദരഭാഗത്തെ താങ്ങുകയും വേണം. 

കുഞ്ഞ് ഉയരത്തിൽനിന്നു വീണ‍‍ാൽ? 

കുട്ടികൾക്കുണ്ടാവുന്ന അപകടങ്ങള‍ിൽ അധികവും വീഴ്ച തന്നെയാണ്. വീഴ്ച മൂലം തല തടിച്ചു വീങ്ങുക, മുറിവുണ്ടാവുക, തലയോട്ടിക്ക് ക്ഷതമേൽക്കുക, തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടാവുക എന്നിങ്ങനെ പലതരം ഗുരുതരാവസ്ഥകളുണ്ടാകാം. കുട്ടിക്കു ബോധക്ഷയമുണ്ടാവുന്നുവെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസവും പുനരുജ്ജീവനപ്രവൃത്തികളും (സിപിആർ) തുടങ്ങണം. കുട്ടി ഛർദിക്കുകയാണെങ്കിൽ തലച്ചോറിന് ക്ഷതം പറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. മുറിവുണ്ടെങ്കിൽ അഞ്ചു മിനിറ്റ് അമർത്തിപ്പിടിച്ചോ തുണികൊണ്ടു കെട്ടിയോ രക്തസ്രാവം തടയണം. തലയോട് പൊട്ടിയെന്നു സംശയമുണ്ടെങ്കിൽ ന്യൂറോസർജൻ ഉള്ള ആശുപത്രിയിൽ ഉടൻ എത്തിക്കണം.

∙ കുഞ്ഞിന്റെ ആദ്യ മാസങ്ങളിൽ കുറച്ചു കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. അമ്മയുടെ വയറിനുള്ളിലെ സുരക്ഷിതത്വത്തിൽനിന്ന് പുറംലോകത്തേക്കുള്ള വരവിൽ ചില കുഞ്ഞുങ്ങൾക്ക് പെട്ടെന്നു പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്നു ശ്രദ്ധിക്കണം.

∙ പാലു കൊടുക്കുമ്പോൾ തികട്ടി വരുന്നത് സ്വാഭാവികമാണ്. എന്നാൽ ധാരാളം പാൽ അന്നനാളത്തിലെത്തി പുറത്തേക്കു പോരുകയാണെങ്കിൽ പ്രശ്നങ്ങളുണ്ടാകാം. ആവർത്തിച്ചുള്ള ചുമയും ശ്വാസംമുട്ടലും ഉണ്ടായാൽ ഡോക്ടറെ സമീപിക്കണം.

∙ ചെറുചൂടുവെള്ളത്തിൽ വേണം കുളിപ്പിക്കാൻ. തലയിൽ വെള്ളമൊഴിക്കുമ്പോൾ കുഞ്ഞിനെ കമഴ്ത്തി പിടിക്കാം. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കുറെശ്ശെ ഒഴിച്ച് തല കഴുകണം.

∙ ഫുൾ സ്പീഡിൽ ഫാനിടുന്നത് കുഞ്ഞിനു ശ്വാസംമുട്ടൽ ഉണ്ടാക്കാം. ഫാൻ എപ്പോഴും പൊടി വിമുക്തമായിരിക്കണം. 

∙ രോഗാണുബാധ ഒഴിവാക്കാൻ ഡോക്ടറുടെ നിർദേശമുണ്ടെങ്കിൽ മാത്രം പൊക്കിൾക്കൊടിയിൽ മരുന്നു പുരട്ടാം. 

∙ മലമൂത്ര വിസർജ്ജനത്തിനു ശേഷം ചെറുചൂടുവെള്ളത്തിൽ മൃദുവായ തുണി ഉപയോഗിച്ചു വേണം വൃത്തിയാക്കാൻ. 

English Summary : New born baby care

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS