മൊബൈൽ ഗെയിമിന് അടിമയാണോ? ഒഴിവാക്കാൻ ഇതാ ചില മാർഗങ്ങൾ

HIGHLIGHTS
  • പതിവായി വിഡിയോ ഗെയിം കളിക്കുമ്പോൾ അത് ഡോപാമിൻ ഇൻടോളറൻസ് വർധിപ്പിക്കുന്നു
  • ഇന്ത്യയിൽ മൊബൈൽ ഗെയിം കളിക്കുന്നവരിൽ 43 ശതമാനം പേര് സ്ത്രീകളാണ്
mobile game addiction
Photo credit : Rawpixel.com / Shutterstock.com
SHARE

കോവിഡ് മഹാമാരി മൂലം ലോക്ഡൗൺ വന്നപ്പോൾ ആളുകൾ വീടുകളിൽ കുടുങ്ങിയ അവസ്ഥ വന്നു. ഓൺലൈൻ ക്ലാസുകളും, വർക്ക് ഫ്രം ഹോമും സാധാരണമായി സാമൂഹിക അകലം പാലിക്കലും നിയന്ത്രണങ്ങളുമെല്ലാം പകർച്ചവ്യാധി നിയന്ത്രിക്കാൻ സഹായിച്ചെങ്കിലും ഇത് മിക്കവരിലും ചില ദുശീലങ്ങൾക്കും കാരണമായി. 

ഇൻമോബി എന്ന ഒരു ടെക്‌നോളജി കമ്പനി നടത്തിയ സർവേ അനുസരിച്ച്, കോവിഡ് കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ വീതം മൊബൈൽ ഗെയിമിങ്ങിന് അഡിക്ട് ആയതായി കണ്ടു. പ്രധാനമായും 45 വയസിനു മുകളിൽ പ്രായമുള്ള മൊബൈൽ ഉപയോഗിക്കുന്നവർ കുടുംബവുമായും സുഹൃത്തുക്കളുമായും മറ്റ് സമാന മനസ്‌കരുമായി ബന്ധപ്പെടാൻ മൾട്ടി പ്ലെയർ ഗെയിംസുകളിൽ അതായത് ഒന്നിലധികം കളിക്കാർ വേണ്ട ഗെയിമുകളിൽ മുഴുകുന്നതായി കണ്ടു. 2021 ഗെയിമിങ്ങ് റിപ്പോർട്ട് ഇന്ത്യ'' എന്ന പേരിൽ ഇൻമോബി പുറത്തിറക്കിയ സർവേ റിപ്പോർട്ടിലെ ഫലങ്ങൾ ഇതാ.

∙ മഹാമാരിക്കാലത്ത് 45 ശതമാനം ഇന്ത്യക്കാർ മൊബൈൽ ഗെയിമുകൾ കളിക്കാൻ തുടങ്ങി. മീറ്റിങ്ങുകളുടെയും ഭക്ഷണത്തിന്റെയും പ്രധാന കാര്യങ്ങളുടെയും എല്ലാം ഇടയിൽ ആണ് ഇന്ത്യക്കാർ ഗെയിം കളിക്കുന്നത്. ഓരോ സെഷനും ഇടയിൽ മൊബൈൽ ഗെയിമിനായി ഇവർ പത്തു മിനിറ്റ് ചെലവഴിക്കുന്നു. എന്നാൽ ചിലർ ഒറ്റയിരുപ്പിൽ ഒരു മണിക്കൂർ വരെ മൊബൈൽ ഗെയിം കളിക്കുന്നു. 

∙ ഇന്ത്യയിൽ മൊബൈൽ ഗെയിം കളിക്കുന്നവരിൽ 43 ശതമാനം പേര് സ്ത്രീകളാണ്. ഇവരിൽ 12 ശതമാനം പേർ 25 മുതൽ 44 വയസ് വരെ പ്രായമുള്ളവരും 28 ശതമാനം പേർ നാൽപത്തഞ്ചോ അതിനുമുകളിലോ പ്രായമുള്ളവരും ആണ്.

∙ മറ്റ് ആപ്പുകളെ അപേക്ഷിച്ച് ഗെയിമിങ്ങ് ആപ്പുകളിൽ കാണുന്ന വിഡിയോ ആഡുകളുമായാണ് ഇന്ത്യക്കാർ കൂടുതൽ ഇന്ററാക്ട്  ചെയ്യുന്നത്.

∙ ഗെയിം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഒന്നര ഇരട്ടി വളർച്ച ഉണ്ടായി എന്നും ദിവസവും 80 ശതമാനത്തിലധികം പേരാണ് ദിവസവും മൊബൈൽ ഗെയിം കളിക്കുന്നത് എന്നും സർവേ പറയുന്നു. 

∙ കാർഡ്/പസിൽ/ബോർഡ് ഗെയിമുകൾ ആണ് മിക്കവർക്കും ഇഷ്ടം. മൾട്ടി പ്ലെയർ ബാറ്റിൽ അരീന (MOBA) ആക്‌ഷൻ ഗെയിമുകളും ഇഷ്ടപ്പെടുന്നവരും ഏറെയാണ്.

വിഡിയോ ഗെയിം കളിക്കുന്ന ശീലം നിർത്താൻ ശ്രമിച്ചിട്ടും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് വീണ്ടും അത് ശീലമാക്കുന്ന അവസ്ഥയാണോ? പറയാൻ എളുപ്പമാണെങ്കിലും പ്രവർത്തിക്കാൻ പ്രയാസം ആകുന്നതിനു കാരണം ഇത് തലച്ചോറിനെയും പെരുമാറ്റത്തെയും ബാധിക്കുന്നു എന്നതാണ്. പതിവായി വിഡിയോ ഗെയിം കളിക്കുമ്പോൾ അത് ഡോപാമിൻ ഇൻടോളറൻസ് വർധിപ്പിക്കുന്നു. 

വിഡിയോ ഗെയിമുകൾ വെല്ലുവിളി നിറഞ്ഞതാണ്. അത് കളിക്കാരിൽ വളരെ പെട്ടെന്നുതന്നെ എന്തെങ്കിലും നേടിയതായി ഒരു തോന്നൽ ഉണ്ടാക്കുന്നു. ആളുകൾ അതിന് അഡിക്ട് ആവാൻ ഇതാണ് ഒരു കാരണം. വിഡിയോ ഗെയിമുകൾ നെഗറ്റീവ് വികാരങ്ങളെ പ്രകടമാക്കാതെ സപ്രസ് ചെയ്യുന്നു എന്നതും, ആളുകൾ മൊബൈൽ ഗെയിമുകളിലേക്കു തിരിയാൻ ഒരു കാരണമാകാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

വിഡിയോ ഗെയിമിങ്ങ് ശീലം മാറ്റാൻ ഏറ്റവും പ്രധാനം, അവ എന്താവശ്യങ്ങളെ സംതൃപ്‌തിപെടുത്തുന്നു എന്ന്  മനസിലാക്കലാണ്. 

ഗെയിമിങ്ങ് ഒഴിവാക്കിക്കൊണ്ട് അതേ സംതൃപ്‌തി നിങ്ങൾക്ക് നൽകാൻ മറ്റ് ആരോഗ്യപരമായ മാർഗങ്ങൾ കണ്ടെത്താൻ അത് എളുപ്പമാകും. മൊബൈൽ ഗെയിമിങ്ങ് ഒഴിവാക്കാൻ ഇതാ ചില മാർഗങ്ങൾ.

∙ എല്ലാ ഗെയിമിങ്ങ് ആപ്പുകളും നിങ്ങളുടെ ഫോണിൽ നിന്ന് ഉടനെ ഡിലീറ്റ് ചെയ്യുക. 

∙ വിഡിയോ ഗെയിമുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ മറ്റൊരു താൽപര്യമുള്ള മേഖല കണ്ടെത്തുക. 

∙ പുതിയ ഒരു കാര്യം പഠിക്കുക. ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുക, അല്ലെങ്കിൽ ഒരു ഫിറ്റ്നസ് ക്ലാസ്സിൽ ചേരുക. എന്തെങ്കിലും കായിക പ്രവൃത്തികൾ ചെയ്യുക. 

∙ പ്രകൃതിയിൽ കൂടുതൽ സമയം ചെലവഴിക്കുക. ധ്യാനിക്കുക, ഓട്ടം ശീലമാക്കുക. 

ഇതൊന്നും ശ്രമിച്ചിട്ടും നിങ്ങൾക്ക് ഗെയിം അഡിക്‌ഷൻ മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുക.

English Summary : Mobile and video game addiction

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA