ഇടവിട്ടുള്ള ഉപവാസം: ഈ തെറ്റുകള്‍ ശരീരത്തിന് ഹാനികരമാകാം

HIGHLIGHTS
  • ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങില്‍ പൊതുവേ ആളുകള്‍ വരുത്താറുള്ള ചില തെറ്റുകള്‍
fasting
Photo credit : Nok Lek / Shutterstock.com
SHARE

തടി കുറയ്ക്കാന്‍ ഇന്ന് ലോകത്ത് ഏറ്റവും പ്രചാരമുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ഇടവിട്ടുള്ള ഉപവാസം അഥവാ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങ്. ഭക്ഷണം കഴിക്കലും ഉപവാസവും മാറി മാറി പരീക്ഷിക്കുന്ന ഈ രീതി ശരിയായി ചെയ്താല്‍ ഭാരം കുറയ്ക്കാനും രോഗങ്ങള്‍ അകറ്റാനും ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കാനും സാധിക്കും. ഒരു ദിവസത്തെയോ ആഴ്ചയെയോ കഴിക്കാനും ഉപവസിക്കാനുമുള്ള കാലയളവുകളായി വിഭജിച്ചാണ് ഇത് നടപ്പാക്കുന്നത്. 

ഉറങ്ങുമ്പോള്‍ കഴിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ എല്ലാവരും ദിവസത്തിലൊരു നേരം ഉപവാസം ചെയ്യാറുണ്ടെന്ന് പറയാം. ഈ ഉപവാസത്തെ അല്‍പം കൂടി ദീര്‍ഘിപ്പിക്കുകയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങില്‍ ചെയ്യുന്നത്. ഉദാഹരണത്തിന് പ്രഭാത ഭക്ഷണം ഒഴിവാക്കി ദിവസത്തിലെ ആദ്യ ഭക്ഷണം ഉച്ചയ്ക്ക് 12 മണിക്ക് കഴിക്കാം. അവസാന ഭക്ഷണം രാത്രി എട്ടിനും. രാത്രി എട്ടിന് കഴിക്കുന്ന ഒരാള്‍ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അടുത്ത ഭക്ഷണം കഴിക്കുമ്പോള്‍ 16 മണിക്കൂര്‍ അയാള്‍ ഉപവാസത്തിലാണ്. പിന്നെ വീണ്ടും രാത്രി എട്ടു മണിക്ക് കഴിക്കുമ്പോള്‍ 8 മണിക്കൂര്‍ കൂടി ഉപവാസം. ഇത് 16/8 രീതിയിലെ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങ് ആണ്. 

എന്നാല്‍ ഇടയ്ക്കിടെയുള്ള ഉപവാസത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുള്ളൂ. ഇത്തരത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങില്‍ പൊതുവേ ആളുകള്‍ വരുത്താറുള്ള ചില തെറ്റുകള്‍ ഇനി പറയുന്നവയാണ്. 

1. അതിവേഗം ആരംഭം

ശരീരത്തെ ക്രമേണ മാത്രമേ ഈ രീതിയിലേക്ക് നയിക്കാന്‍ ശ്രമിക്കാവൂ. പെട്ടെന്നൊരു ദിവസം കര്‍ശനമായി ഉപവാസം നടത്താന്‍ നോക്കുന്നത് നന്നാകില്ല. 

2. വലിച്ചുവാരി തിന്നുന്നത്

കഴിക്കുന്ന സമയം സാധാരണയില്‍ കവിഞ്ഞ് കാലറി അകത്താക്കുന്നതും ഫലം ചെയ്യില്ല. 1200 മുതല്‍ 1500 വരെ കാലറിയിലേക്ക് ഭക്ഷണം നിയന്ത്രിക്കുക. 

3. തെറ്റായ ഭക്ഷണം

ഇടയ്ക്കിടെയുള്ള ഉപവാസ രീതി പിന്തുടരുമ്പോള്‍ കൊഴുപ്പും പഞ്ചസാരയുമൊക്കെ നിറഞ്ഞ ഭക്ഷണവും പ്രോസസ് ചെയ്ത ഭക്ഷണവും കഴിക്കരുത്. വീട്ടിലുണ്ടാക്കിയ ആരോഗ്യകരവും ഫ്രഷുമായ ഭക്ഷണം കഴിക്കണം. 

4. കുറച്ച് കഴിക്കുന്നത്

ഭാരം കുറയാനാണല്ലോ ഇതെല്ലാം ഇന്ന് കരുതി കഴിക്കുമ്പോള്‍ തീരെ കുറവ് ഭക്ഷണം കഴിച്ചാലും ശരിയാകില്ല. 1200 കാലറിയില്‍ താഴെ കഴിക്കുന്നത് ശരീരത്തിന്റെ ചയാപചയത്തെ തകരാറിലാക്കുകയും മസില്‍ മാസ് നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു. 

5. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക

ഇത്തരത്തിലുള്ള ഭക്ഷണരീതി പിന്തുടരുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറക്കരുത്. നിര്‍ജ്ജലീകരണം തലവേദനയ്ക്കും പേശീ വേദനയ്ക്കും അത്യധികമായ വിശപ്പിനും കാരണമാകും. എന്നു വച്ച് ഗ്യാസ് നിറച്ച പാനീയങ്ങളോ സോഡയോ ഒന്നും കഴിക്കരുത്. വെള്ളം, പഞ്ചസാര ചേര്‍ക്കാത്ത ചായ, കാപ്പി ഇവയൊക്കെ ആകാം. 

6. വ്യായാമം ചെയ്യാതിരിക്കുക

ഉപവാസത്തിലാണെന്ന് കരുതി വ്യായാമം മുടക്കരുത്. അടിഞ്ഞു കൂടിയ കൊഴുപ്പ് കളയാന്‍ സഹായിക്കുന്ന വ്യായാമം പതിവാക്കുക

7. ശരീരത്തെ സമ്മര്‍ദത്തിലാക്കരുത്

ചെറിയ വീഴ്ചകളൊക്കെ ആര്‍ക്കും സംഭവിക്കും. ഒരു ദിവസം നിങ്ങള്‍ക്ക് അത് സാധിച്ചില്ലെന്ന് കരുതി വിഷമിക്കേണ്ട. ഒരു ബ്രേക്ക് എടുത്ത് വീണ്ടും ആരംഭിക്കാന്‍ കഴിയണം. ശരീരത്തെ വല്ലാതെ സമ്മര്‍ദത്തിലാക്കി കൊണ്ട് ഉപവാസം എടുക്കരുത്. 

8. തെറ്റായ പ്ലാന്‍

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങ് വിവിധ തരത്തിലുണ്ട്. നിങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായത് തിരഞ്ഞെടുക്കണം. നിങ്ങളുടെ ശരീരത്തിന് പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന പ്ലാന്‍ ആകണം എടുക്കേണ്ടത്.

English Summary : Common mistakes in intermittent fasting

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA