ADVERTISEMENT

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ഇത്രയും പ്രധാനപ്പെട്ടതായിട്ടും പലരും ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമായി അടുത്ത കാലത്തായി ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഹൃദ്രോഗം ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് രക്ഷ നേടാന്‍ അടിയന്തരമായി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. 

നല്ല ഹൃദയാരോഗ്യം മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് നയിക്കും. ഇതിനാല്‍ ചെറുപ്പം മുതല്‍ക്കേതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് നാം ജാഗ്രത പുലര്‍ത്തണം. മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് പിന്തുടരേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്. 

1. ആരോഗ്യകരമായ ഭക്ഷണം

ഭക്ഷ്യധാന്യങ്ങളോ, ചാമ അരിയോ പോലുള്ള മുഴുധാന്യങ്ങളിലേതെങ്കിലും ഒന്ന് നിങ്ങളുടെ പതിവായ ആഹാരക്രമത്തിന്റെ ഭാഗമാക്കുക. ഫ്‌ളാക്‌സ് സീഡ്, ചിയ വിത്തുകള്‍ പോലെ ഒമേഗ 3 അടങ്ങിയ ഭക്ഷണവും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പച്ചിലകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉപ്പ് കുറച്ച് ഭക്ഷണത്തിന് രുചി നല്‍കാന്‍ കറിവേപ്പില പോലുള്ളവ ഉപയോഗപ്പെടുത്തുക. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഒലീവ് ഓയില്‍, കടുകെണ്ണ എന്നിവ ഹൃദയത്തിന് നല്ലതാണ്. ബദാം, ഹേസല്‍നട്ട്, നിലക്കടല, വാള്‍നട്ട് പോലെയുള്ള നട്ടുകള്‍ ദിവസവും കഴിക്കാം. 

2. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

ദിവസം മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിച്ച് കൊണ്ടിരിക്കണം. ഇതിനു പുറമേ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന കരിക്കിന്‍വെള്ളം, നാരങ്ങാ വെള്ളം പോലുള്ള ആരോഗ്യകരമായ പാനീയങ്ങളും ആകാം. വീട്ടിലുണ്ടാക്കുന്ന  മധുരവും ഉപ്പും കുറഞ്ഞപാനീയങ്ങളാണ് നല്ലത്. 

3. നിത്യവും വ്യായാമം

രക്തധമനികളില്‍ ക്ലോട്ട് ഉണ്ടാകാതിരിക്കാന്‍ വ്യായാമം സഹായിക്കും. നടക്കുകയോ, ഓടുകയോ, പുഷ് അപ്പുകളോ സിറ്റപ്പുകളോ ഒക്കെയാകാം. എല്ലാ ആഴ്ചയും കുറഞ്ഞത് 150 മുതല്‍ 300 മിനിട്ട് ശാരീരിക വ്യായാമമാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. 

4. സമ്മര്‍ദം നിയന്ത്രിക്കുക

അനാവശ്യമായ ടെന്‍ഷനും സമ്മര്‍ദങ്ങളും നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സമ്മര്‍ദ ലഘൂകരണത്തിന് ശ്വസന വ്യായാമങ്ങളും ധ്യാനവും ഒക്കെ ശീലമാക്കാം. 

5. രക്തസമ്മര്‍ദം നിയന്ത്രിക്കാം

ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കുമൊക്കെ നയിക്കുന്ന പൊതുവായ പ്രശ്‌നമാണ് ഉയര്‍ന്ന രക്ത സമ്മര്‍ദം. രക്തസമ്മര്‍ദം ഇടയ്ക്കിടെ പരിശോധിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായകമായ ഭക്ഷണം കഴിക്കുകയും വേണം. 

ശ്വസംമുട്ടല്‍, കിതപ്പ്, തലകറക്കം, നെഞ്ചു വേദന, കഴുത്ത്, താടി, തൊണ്ട എന്നിവിടങ്ങളില്‍ വേദന, താളം തെറ്റിയ ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ സ്ഥിരമായി കണ്ടു തുടങ്ങിയാല്‍ ഒരു ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്യാന്‍ മടി കാണിക്കരുത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ച് കഴിഞ്ഞാല്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.

English Summary : 5 Tips You Should Follow To Boost Cardiovascular Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com