ധാരാളം പഴങ്ങളും പഴച്ചാറുകളും കഴിക്കുന്നവർ ശ്രദ്ധിക്കുക; ഒളിച്ചിരിക്കുന്ന അപകടവും കരുതിയിരിക്കണം

HIGHLIGHTS
  • ഫ്രക്റ്റോസ് എന്ന ഘടകമാണ് ഗുണവും ദോഷവുമുണ്ടാക്കുന്നത്
  • മിതമായി ഉപയോഗിക്കുമ്പോൾ പഴങ്ങളിലെ ഫ്രക്റ്റോസ് ആരോഗ്യകരമാണ്
fruit juices
Representative Image. Photo credit : New Africa / Shutterstock.com
SHARE

ധാരാളം പഴങ്ങളും പഴച്ചാറുകളും കഴിക്കുന്നവർ ശ്രദ്ധിക്കുക, മികച്ച ആരോഗ്യവും പ്രതിരോധ ശേഷിയും ലക്ഷ്യമിട്ടാണ് ഇത്തരം ഭക്ഷണക്രമം പിന്തുടരുന്നതെങ്കിൽ വഴിയിൽ ഒളിച്ചിരിക്കുന്ന അപകടവും കരുതിയിരിക്കണം.

പൊതുവേ ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമാണ് പഴങ്ങൾ. ഇടനേരങ്ങളിൽ പഴച്ചാറുകളും പലരുടെയും ശീലമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസ് എന്ന ഘടകമാണ് ഗുണവും ദോഷവുമുണ്ടാക്കുന്നത്. 

പഴങ്ങൾ, തേൻ, ചില പച്ചക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതി ദത്ത പഞ്ചസാരയാണ് ഫ്രക്റ്റോസ്.  മിതമായി ഉപയോഗിക്കുമ്പോൾ പഴങ്ങളിലെ ഫ്രക്റ്റോസ് ആരോഗ്യകരമാണ്. ഫൈബർ, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയോടൊപ്പമാണ് പഴങ്ങളിലെ പഞ്ചസാരയും ശരീരത്തിലെത്തുന്നത്.

എന്നാൽ പഴം, ഡ്രൈഫ്രൂട്ട്, പഴച്ചാർ എന്നിവയുടെ  ഉപയോഗം അധികമായാൽ  മധുരം തിരിച്ചടിക്കും. അധികം കിട്ടിയ ഫ്രക്റ്റോസ് കൊഴുപ്പാക്കി കരളിൽ സൂക്ഷിച്ചുവയ്ക്കാനാണ് ശരീരം തീരുമാനിക്കുക. കരളിൽ കൊഴുപ്പ് കൂടുതൽ ശേഖരിക്കുമ്പോൾ ഫാറ്റി ലിവർ ആണ് ഫലം. മദ്യം കൈകൊണ്ടു പോലും തൊടാത്ത പലർക്കും ഫാറ്റിലിവർ പിടിപെടുന്നതിന് ഒരു കാരണമിതാണെന്നു പോഷകാഹാര വിദഗ്ധർ പറയുന്നു.

പഴം വില്ലനാകുന്നത് ഇക്കാര്യത്തിൽ മാത്രമല്ല. അമിതമായ ഫ്രക്റ്റോസ് ഇൻസുലിൻ പ്രതിരോധത്തിനു കാരണമാകാം. അമിത വണ്ണം, എൽഡിഎൽ കൊളസ്ട്രോളിന്റെ വർധന എന്നിവയ്ക്കും വഴിയൊരുക്കും. മികച്ച ആരോഗ്യം ലക്ഷ്യമിട്ടും പൊണ്ണത്തടി ഒഴിവാക്കാനുമാണ് പലരും ചോറും പലഹാരങ്ങളുമടങ്ങുന്ന ആഹാരക്രമം വിട്ട് കൂടുതൽ പഴങ്ങളേയും പഴച്ചാറിനേയും ആശ്രയിക്കുന്നത്. എന്നാൽ  ഫലം വിപരീതമാകുമെന്നതാണ് സത്യം.

ടിന്നിലിടച്ചതും കാർബണേറ്റ് ചെയ്തതുമായ പഴച്ചാറുകൾ കൂടുതൽ ദോഷം വരുത്തും. പൊതുവേ കുട്ടികളാണ് ഇത്തരം പാനീയങ്ങളുടെ ആരാധകർ എന്നതിനാൽ അവരിൽ അമിതവണ്ണം, ടൈപ്പ് വൺ പ്രമേഹം എന്നിവയ്ക്കും ഇവ വഴിയൊരുക്കാം.

എന്നാൽ മിതമായ തോതിൽ പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കുന്നവർ ഭയക്കേണ്ട കാര്യമില്ല. ദിവസവും ഏകദേശം 80 ഗ്രാം വരെ ഫ്രക്റ്റോസ് അപകടമുണ്ടാക്കില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പഴ വർഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസിന്റെ അളവ് അറിഞ്ഞുകഴിക്കുന്നതാണ് ഉത്തമമെന്ന് ചുരുക്കം.

സാധാരണ ഉപയോഗിക്കുന്ന പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസിന്റെ അളവ്:

മാമ്പഴം( മീഡിയം)             16.2 ഗ്രാം

ഓറഞ്ച് (മീഡിയം)             6.1 ഗ്രാം

തണ്ണിമത്തൻ (ഒരു കഷണം) 11.3ഗ്രാം

പപ്പായ (ഒരു കഷണം)       6.7 ഗ്രാം

വാഴപ്പഴം (മീഡിയം)           7.1 ഗ്രാം

ആപ്പിൾ  (മീഡിയം)           9.5 ഗ്രാം

പേരയ്ക്ക (മീഡിയം)         1.1ഗ്രാം

പാഷൻഫ്രൂട്ട്                     1.3 ഗ്രാം

സ്ട്രോബെറി (4–5 എണ്ണം) 3.8 ഗ്രാം

പൈനാപ്പിൾ (ചെറിയ കഷണം) 4.0 ഗ്രാം

മുന്തിരി (ഒരു കപ്പ്)         12.4 ഗ്രാം

ഉണക്കമുന്തിരി (കാൽ കപ്പ്) 12.4 ഗ്രാം

ചെറുനാരങ്ങ                    0 ഗ്രാം

(സംശയിക്കേണ്ട,  ചെറുനാരങ്ങയും ഒരു പഴമാണ്)

English Summary : More fruits and juices leads to health problems

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA