രണ്ടാം ലോക്ഡൗണിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • കുട്ടികൾ നേരിടുന്ന ചെറിയ പ്രശ്നങ്ങൾ പോലും അവർക്കു വലുതാണ്
depression child
Photo credit : Erica Finstad / Shutterstock.com
SHARE

കോവിഡിന്റെ രണ്ടാം വരവിൽ കേരളത്തിൽ വീണ്ടും ലോക്ഡൗൺ. കുട്ടികളെ ഇത് എങ്ങനെയാണു ബാധിക്കുക ? കുട്ടികളുടെ പ്രശ്നങ്ങളെ എങ്ങനെയാണു നേരിടുക ? ഓൺലൈൻ ക്ലാസ് ഉയർത്തുന്ന വെല്ലുവിളികളും പ്രശ്നങ്ങളും ? ഇതേക്കുറിച്ചു സംസാരിക്കുകയാണു കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസി.പ്രഫ. ഡോ.വർഷ വിദ്യാധരൻ. 

∙ രണ്ടാം ലോക്ഡൗണിൽ കുട്ടികൾ നേരിടുന്നത് ഗുരുതര പ്രശ്നങ്ങൾ 

കഴിഞ്ഞ വർഷം ലോക്ഡൗണിനെ തുടർന്നു കുട്ടികൾ നേരിട്ട മടുപ്പും അനുബന്ധ പ്രശ്നങ്ങളുമാണു മാനസികാരോഗ്യ വിദഗ്ധർ കൂടുതൽ കൈകാര്യം ചെയ്തത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ബാധിച്ചു ചികിത്സയിലുള്ള  മാതാപിതാക്കളുടെയും കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെയും കുട്ടികൾ നേരിടുന്ന ടെൻഷനും മാനസിക സംഘർഷങ്ങളും ഒട്ടേറെ വരുന്നുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെയും മാതാപിതാക്കൾ രോഗശയ്യയിലായ കുട്ടികളുടെയും സങ്കടങ്ങളും മാനസികപ്രശ്നങ്ങളും ഒരുപാടു ചൈൽഡ് ലൈനിലേക്കു എത്തുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്തു മാതാപിതാക്കളും മുതിർന്നവരും കുട്ടികൾക്കു കൂട്ടായി വീട്ടിലുണ്ടായിരുന്നു. ഈ ലോക്ഡൗണിലും കുട്ടികൾക്കൊപ്പം അവരുണ്ടെങ്കിൽ അതുതന്നെയാണു കുട്ടികൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം. 

∙ കുട്ടികൾ എപ്പോൾ ഉറങ്ങുന്നു, ഉണരുന്നു എന്നത് പ്രധാനം

വീട്ടിലിരിക്കുന്ന കുട്ടികളിൽ ചിലരെങ്കിലും തോന്നിയ സമയത്ത് എഴുന്നേൽക്കുകയും ഇഷ്ടമുള്ളപ്പോൾ ഉറങ്ങുകയും ചെയ്യുന്ന ദിനചര്യയിലേക്കു മാറിയിട്ടുണ്ട്. കൃത്യതയില്ലാത്ത ദിനചര്യയിലേക്കു കുട്ടികൾ മാറുന്നതു ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾ തുടർച്ചയായി അവരോടു സംസാരിച്ച് അതുമാറ്റിയെടുക്കാൻ ശ്രമിക്കണം. അൽപസമയം അങ്ങോട്ടുമിങ്ങോട്ടും മാറിയാലും ഏകദേശം കൃത്യതയുള്ള ജീവിതചര്യയിലേക്ക് അവരെ കൊണ്ടുവരാനാകണം. രാത്രി 10നു ശേഷം മറ്റ് അത്യാവശ്യമില്ലെങ്കിൽ വീട്ടിലെ ടിവി, ലാപ്ടോപ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാതിരിക്കുക (സ്ക്രീൻ ഓഫാക്കുക). എന്നിട്ടും ഉറക്കം വന്നില്ലെങ്കിൽ പുസ്തകം വായിക്കുകയോ പാട്ടു കേൾക്കുകയോ ചെയ്യാം. രാവിലെ അധികം വൈകാതെ ഉണരുക. അൽപ സമയം കുട്ടികളുമൊത്തു വ്യായാമം ചെയ്യുക. ഇക്കാര്യത്തിൽ മാതാപിതാക്കൾ തന്നെ മാതൃകയാകണം. മൂന്നോ നാലോ ആഴ്ച ഇതു ശീലിച്ചാൽ കുട്ടികളുടെ ദിനചര്യയുടെ ഭാഗമാകും. 

∙ ശ്രദ്ധയോടെയിരിക്കാം ഓൺലൈൻ ക്ലാസിൽ

132 രാജ്യങ്ങളിലെ 10 ബില്യണിലധികം കുട്ടികളുടെ വിദ്യാഭ്യാസത്തെ കോവിഡ് ബാധിച്ചെന്ന കണക്കുകൾ ഇതിനകം വന്നിട്ടുണ്ട്. പല പരിമിതകളുണ്ടെങ്കിലും ക്ലാസിൽ പോകാതെ കുട്ടികൾ വീട്ടിൽ വെറുതെയിരിക്കുന്നതിലും ഭേദമാണ് ഓൺലൈൻ ക്ലാസുകൾ. ഓൺലൈൻ ക്ലാസുകൾക്ക് ഇരിക്കുന്നതിലും കുട്ടികളെ ചില ചിട്ട ശീലിപ്പിക്കേണ്ടതുണ്ട്. പഠിക്കാൻ ഇരിക്കുമ്പോൾ മറ്റു വെബ്സൈറ്റുകളിലേക്കു കുട്ടികൾ പോകുന്നില്ലെന്നു മാതാപിതാക്കൾ ഉറപ്പുവരുത്തണം. പഠനത്തിനിടെ കുട്ടികൾ മറ്റു സൈറ്റുകളിലേക്കു പോകുന്നുണ്ടെങ്കിൽ ആ ശീലം മാറുന്നതു വരെ മാതാപിതാക്കളുടെ ശ്രദ്ധയും ജാഗ്രതയും തുടരുക. ആവർത്തിച്ചു പറഞ്ഞ് ആ ശീലം മാറ്റിയെടുക്കുക. 

∙ കുട്ടികൾക്ക് ബോറടിക്കുമ്പോൾ 

കുട്ടികൾക്കു ബോറടിക്കുമ്പോഴാണ് അവർ ബ്രൗസ് ചെയ്യുന്ന സൈറ്റുകൾ ‘റിസ്ക്’ ആകുന്നത്.  കുട്ടികൾ ഗെയിം ഉപയോഗിക്കുമ്പോൾ മാതാപിതാക്കളും മുതിർന്നവരും 3 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 1. അവരുടെ പ്രായത്തിനനുസരിച്ചുള്ള ഗെയിമുകളാണോ കുട്ടികൾ കളിക്കുന്നത്. 2. അതിലുള്ള ലൈംഗികതയുടെ, അക്രമത്തിന്റെ അംശം. സാധിക്കുമെങ്കിൽ മുതിർന്നവരും അൽപസമയം കുട്ടികളുടെ കൂടെയിരുന്ന് ആ ഗെയിമിൽ പങ്കാളികളാകുക. 3. എത്ര സമയം ഗെയിം കളിക്കുന്നു. ഒറ്റയിരിപ്പിൽ അരമണിക്കൂറിലധികം കുട്ടികൾ സ്ക്രീനിൽ ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക. ആദ്യം ഇത് ഉൾക്കൊള്ളാൻ കുട്ടികൾ തയാറായില്ലെങ്കിലും തുടർച്ചയായി പറഞ്ഞു മനസ്സിലാക്കുക. ഒരു ദിവസം രണ്ടുമണിക്കൂറിലധികം കുട്ടികൾ ഗെയിമിൽ ചെവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. 

∙ ക്രിയേറ്റീവ് സ്ക്രീൻടൈം

ഗെയിമിൽ മാത്രം മുഴുകിയിരിക്കുന്ന കുട്ടികളെ ക്രിയാത്മകമായ കാര്യങ്ങൾക്കു പ്രോത്സാഹനം നൽകുന്ന വെബ്സൈറ്റുകൾ പരിചയപ്പെടുത്താം. ശ്രദ്ധ കൂട്ടുന്ന, ഏകാഗ്രത മെച്ചപ്പെടുത്തുന്ന ഗെയിമുകൾ പ്രോത്സാഹിപ്പിക്കാം. ബ്ലൂബോക്സ്, സൂപ്പർമാരിയോ, ടെട്രിക്സ് തുടങ്ങിയ ഗെയിമുകൾ ഉദാഹരണം. ഹോംക്രാഫ്റ്റ് പരിചയപ്പെടുത്തുന്ന, കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കഥകളുള്ള വെബ്സൈറ്റുകൾ ഏറെയുണ്ട്. അൽപസമയം കുട്ടികൾക്കൊപ്പം ചെലവഴിച്ചാൽ ആ സൈറ്റുകളും അവർ ഇഷ്ടപ്പെട്ടു തുടങ്ങും. കുട്ടികൾ എത്രസമയം ഗെയിമുകളിൽ ചെലവഴിക്കുന്നുണ്ടെന്നു കണ്ടെത്താൻ മാതാപിതാക്കളെ സഹായിക്കുന്ന ആപ്പുകളും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തുക. 

∙ കുട്ടികളുടെ വലിയ പ്രശ്നങ്ങൾ 

ലോക്ഡൗൺ കാലത്തു കുട്ടികൾ നേരിടുന്ന ചെറിയ പ്രശ്നങ്ങൾ പോലും അവർക്കു വലുതാണെന്നു മുതിർന്നവർ തിരിച്ചറിയണം. മുതിർന്നവരുടെ ജീവിതം പകുതി എത്തിയപ്പോഴാണ് കോവിഡ് മഹാമാരിയുടെ ദുരിതം നേരിടുന്നത്. കുട്ടികളുടെ കാര്യമെടുത്താൽ അവരുടെ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ പ്രയാസമേറിയ അനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. നിപ്പ, 2 പ്രളയം എന്നിവ കഴിഞ്ഞു ജീവിതം സമാധാനമായി വരുമ്പോഴേക്കും കോവിഡും എത്തി. ഇക്കാലത്തു കുട്ടികൾക്കും ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ടാകാമെന്നും അവരും അസ്വസ്ഥതരാകാമെന്നും  മുതിർന്നവർ തിരിച്ചറിയേണ്ടതുണ്ട്. ഈ ഉൾക്കാഴ്ചയിലൂടെ വേണം മുതിർന്നവർ കുട്ടികളോടു സംസാരിക്കേണ്ടതും പെരുമാറേണ്ടതും. 

∙ കുട്ടികളിലെ പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം

ഒരു ദിവസം കുഞ്ഞു സങ്കടപ്പെട്ടിരിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ, അതു ദിവസങ്ങളോളം തുടർന്നാലോ ? കുഞ്ഞിന്റെ സംസാരം കുറയുന്നു, ചെറിയ കാര്യങ്ങൾക്കു വരെ വാശി പിടിക്കുന്നു, ദേഷ്യം കൂടുന്നു, രാത്രി ഉറക്കം കുറയുന്നു, കുഞ്ഞ് ഒതുങ്ങിക്കൂടുന്നു, മറ്റുള്ളവരോടുള്ള ഇടപഴകൽ കുറയുന്നു എന്നിവ ദിവസങ്ങളോളം തുടർന്നാൽ നിർബന്ധമായി ശ്രദ്ധിക്കണം. അവർക്കു ടെൻഷനുണ്ടാകാം. മാനസിക സമ്മർദമുണ്ടാകാം. ചിലപ്പോഴത് വിഷാദത്തിന്റെ ആരംഭമാകാം. ഇപ്പോഴത്തെ ഈ അവസ്ഥയിൽ മുന്നോട്ടുപോകാനുള്ള ധൈര്യവും പിന്തുണയുമാണു കുട്ടികൾക്ക് ആദ്യം വേണ്ടത്. അതിനായി രക്ഷിതാക്കൾ മുൻവിധികളില്ലാതെ അവരോടു തുറന്നു സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയാറാകണം. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം. എന്നിട്ടും അവരുടെ സ്വഭാവത്തിൽ മാറ്റം വരുന്നില്ലെങ്കിൽ ജാഗ്രത പുലർത്തണം. 

∙ കരുതലും സ്നേഹവും കൈമാറണം

കരുതലും സ്നേഹവുമുണ്ടെങ്കിൽ ഏതു ദുരിതകാലവും അതിജീവിക്കാമെന്ന സന്ദേശം കുട്ടികൾക്കു കൈമാറുന്ന ‘റോൾ മോഡലു’കളായി മാതാപിതാക്കളും വീട്ടിലുള്ള മുതിർന്നവരും മാറേണ്ട കാലം കൂടിയാണിത്. ഈ പ്രതിസന്ധി അതിജീവിക്കാനുള്ള മനഃശക്തിയും ധൈര്യവും  

അതിന്റെ അർഥത്തിലും വ്യാപ്തിയിലും കുട്ടികൾക്കു മനസ്സിലാക്കി കൊടുക്കാൻ  മാതാപിതാക്കൾക്കും മുതിർന്നവർക്കും കഴിയണം. മാതാപിതാക്കൾക്കു വീട്ടിൽ കുട്ടികളൊടൊപ്പം ചെലവഴിക്കാൻ കിട്ടുന്നത്ര സമയം അവരുമായി പങ്കുവയ്ക്കുക. കുട്ടികളോടു തുറന്നു സംസാരിക്കുക. കുട്ടികളുടെ സങ്കടം, ദേഷ്യം, ഒറ്റപ്പെടൽ തുടങ്ങിയവയൊക്കെ അവർക്കു തുറന്നു പറയാൻ അവസരം നൽകുക. കുട്ടികളുടെ വിഷമം കാണാനും കേൾക്കാനും  അവരൊടൊപ്പം കളിക്കാനും സമയം കണ്ടെത്തണം. കുട്ടികൾ ഓൺലൈനാകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം. വീട്ടിനകത്തും വീട്ടുമുറ്റത്തും കുട്ടികളെ ഉല്ലാസഭരിതരാക്കാൻ കഴിയുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക. 

(വിളിക്കാം: 9495002270 (കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടി) 

English Summary : Covid-19 lockdown and children facing problem

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA