ADVERTISEMENT

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അത് ലോകത്ത്  ഇത്രയധികം വ്യാപിക്കുമെന്ന് ആരും കരുതിയതല്ല. ഇനിയെന്ത് എന്നറിയാത്ത ഒരു അനിശ്ചിതാവസ്ഥയിൽ ഭയം, സങ്കടം, സമ്മർദ്ദം ഇവയെല്ലാം ഉണ്ടാകുക സ്വാഭാവികം മാത്രം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മനുഷ്യരെയൊക്കെ ഭയം കീഴ്പ്പെടുത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും സമ്മതിക്കുന്നു. 

ഇപ്പോൾ 2021 പകുതിയോടടുക്കുമ്പോഴും ലോകം സാധാരണ അവസ്ഥയിലേക്കു വന്നിട്ടില്ല. താൽക്കാലികമായ തൊഴിലില്ലായ്‌മ, വർക്ക് ഫ്രം ഹോം, ഓൺലൈൻ പഠനം, കുടുംബാംഗങ്ങളെ കാണാൻ പറ്റാതിരിക്കുക, സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഇവരെയൊക്കെ നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥ മഹാമാരിയുടെ വരവോടെ ഇതായിരിക്കുന്നു യാഥാർഥ്യം. വീണ്ടും കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ അടച്ചു പൂട്ടലിലേക്ക് നാട് നീങ്ങുമ്പോൾ ശുഭപ്രതീക്ഷ പുലർത്തിക്കൊണ്ട് പോസിറ്റീവ് ആയ മനസോടെ മുന്നോട്ട് നീങ്ങാം. നമ്മുടെ ചിന്തകളെ, കാഴ്ചപ്പാടുകളെ എല്ലാം ഉയർത്താൻ ചില നിർദേശങ്ങളിതാ.

∙ ഓർക്കുക, നിങ്ങൾ ഒറ്റയ്ക്കല്ല: ഈ അവസ്ഥയ്ക്ക് കാരണം നിങ്ങളല്ല എന്നോർക്കുക. നിങ്ങളോടൊപ്പം ദശലക്ഷക്കണക്കിനു പേർ ഉണ്ട്. നമുക്കെല്ലാവർക്കും ഒരുമിച്ചു നിന്ന് ഈ അവസ്ഥയെ നേരിടാം. 

∙ ഈ സമയവും കടന്നു പോകും : അതേ ഈ സമയവും കടന്നു പോകും. കഴിഞ്ഞ കുറെ മാസങ്ങളായി ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി വെല്ലുവിളികളെ നേരിട്ട് അവയെ കൈകാര്യം ചെയ്‌ത  നിങ്ങൾക്ക് ഇതും നേരിടാനാകും. 

∙ വേണ്ടത്ര ഉറങ്ങാം : ജോലിത്തിരക്കിൽ നന്നായി ഒന്നുറങ്ങാൻ പോലും സമയം കിട്ടാതിരുന്നവരുണ്ടാകാം. ഇപ്പോൾ അലാറമൊന്നും വയ്ക്കാതെ തന്നെ രാത്രി എട്ടു മണിക്കൂർ സുഖമായി ഉറങ്ങാം. 

∙ പഠനം തുടരാം : ഈ മഹാമാരിക്കാലത്ത് നിരവധി സർവകലാശാലകൾ ആഴ്‌ചകൾ നീണ്ടു നീളുന്ന ഓൺലൈൻ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ ഏറെ ആഗ്രഹിച്ച ഒന്നിനെക്കുറിച്ച് പഠിക്കാൻ തുടങ്ങാം. അല്ലെങ്കിൽ കുട്ടികളോട് ചോദിച്ച് കംപ്യൂട്ടർ ഗെയിം പഠിക്കാം. ഓൺലൈൻ ആയി ഒരു പുതിയ ഭാഷ പഠിക്കാം. യൂട്യൂബ് വിഡിയോസ് എങ്ങനെ നിർമിക്കാം എന്നു പഠിക്കാം. യോഗ പഠിക്കാം ഓൺലൈനായി. അങ്ങനെ നിരവധി കാര്യങ്ങൾ പഠിക്കാം. 

∙ ധ്യാനിക്കാം : ധ്യാനം ശീലമാക്കുന്നത് ആരോഗ്യവും ദീർഘായുസ്സും മനഃശാന്തിയും നൽകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഓൺലൈനിൽ നിരവധി ഓപ്‌ഷനുകൾ ലഭ്യമാണ്. വീട്ടിലെ നിശബ്ദതയും സന്തോഷവും നിറഞ്ഞ ഒരു സ്ഥലം തിരഞ്ഞെടുത്ത് ധ്യാനം ശീലമാക്കാം. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും  നാഡികളെ ശക്തിപ്പെടുത്താനും ധ്യാനം സഹായിക്കും. 

∙ കൃതജ്ഞതയുള്ളവരാകാം : ലോകം അസന്നിഗ്ധാവസ്ഥയിലൂടെ കടന്നു പോവുകയാണ്. എന്നാൽ നമുക്ക് നിലനിൽക്കാൻ ഏറെ സൗകര്യങ്ങളുണ്ട്. വീട്, അഭയസ്ഥാനം, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, വിശക്കുമ്പോൾ ഭക്ഷണം മറ്റ്  സൗകര്യങ്ങൾ അങ്ങനെയെല്ലാം. നമുക്ക് എല്ലാത്തിനോടും കൃതജ്ഞതയുള്ളവരാകാം. നന്ദി പ്രകടിപ്പിക്കാൻ ഒരു ജേണൽ കയ്യിൽ വയ്ക്കാം. അല്ലെങ്കിൽ രാവിലെ കുറച്ചു സമയം കൃതജ്ഞതാ ധ്യാനം ചെയ്യാം, പ്രാർഥിക്കാം. അങ്ങനെ നാം നമ്മുടെ സൗഭാഗ്യങ്ങളിൽ നന്ദിയുള്ളവരാകാം. 

∙ വർക്ക് ഔട്ട് ചെയ്യാം : വ്യായാമവും വർക്ക് ഔട്ടും എല്ലാം നിങ്ങളുടെ ദിനചര്യയുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ടാകാം. ശാരീരികമായ ഗുണങ്ങളല്ലാതെ വ്യായാമവും ചെയ്യുന്നതു കൊണ്ട് മറ്റ് ഗുണങ്ങളും ഉണ്ട്. വ്യായാമം ചെയ്യുന്നതു മൂലം ശരീരത്തിൽ എൻഡോർഫിൻ ഉൽപ്പാദിപ്പിക്കപ്പെടും ഇത് പോസിറ്റിവിറ്റി ഫീലിങ്സ് ഉണ്ടാക്കും. ഓരോ ദിവസവും പ്ലാൻ ചെയ്‌ത്‌ മുന്നോട്ട് പോകാം. വ്യായാമം മുടക്കാതിരിക്കാം. 

∙ പഴയ ഹോബികൾ തിരിച്ചു വരട്ടെ: ഗാർഡനിങ്ങ്, പാചകം, തുന്നൽ, വായന അങ്ങനെ ഏതും ആവാം. ബുക് ഷെൽഫിലെ പൊടിയൊക്കെ തട്ടിക്കളഞ്ഞ് പുസ്‌തകങ്ങൾ എടുത്തു വായിച്ചു തുടങ്ങാം. പത്തു വർഷം മുൻപ് വായിച്ച ബുക്ക് ഒന്നു കൂടെ വായിക്കാം. ഇഷ്ടപ്പെട്ട വിനോദം തിരഞ്ഞെടുത്ത് ചെയ്യുമ്പോൾ മനസിലും സന്തോഷം നിറയും. 

∙ കൂട്ടുകാരെയും ബന്ധുക്കളെയും വിളിക്കാം : വിഡിയോ കോളിലൂടെയും ചാറ്റിലൂടെയും പ്രിയപ്പെട്ടവരുമായി കണക്റ്റഡ് ആവാം. 

∙ ജേണൽ എഴുതാം : ഒരു ബുക്കും പേനയും എടുത്ത് എഴുതി തുടങ്ങൂ. ഈ മഹാമാരിക്കാലത്തെ നിങ്ങൾ എങ്ങനെ നേരിട്ടൂ എന്ന് എഴുതാം. 

ശുഭാപ്‌തി വിശ്വാസം കൈവിടാതെ നമുക്കോരോരുത്തർക്കും മുന്നോട്ടു  പോകാം. ഈ  കാലവും കടന്നു പോകും. തീർച്ച.

English Summary : How to stay positive during COVID- 19 pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com