ശതപൂർണിമയിൽ മഹാവൈദ്യൻ; ‘അഷ്ടാംഗഹൃദയം’ വായിച്ചു തു‍ടങ്ങുന്ന ദിവസം, പ്രാതൽ ഇളനീരും പഴങ്ങളും

p-k-warrier-1
SHARE

പിറന്നാളുകൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്ന കാലമാണിത്. എന്നാൽ, ഏതെങ്കിലുമൊരു നൂറാം പിറന്നാൾ സമൂഹമാധ്യമങ്ങൾ ഇത്രയേറെ അവിസ്മരണീയമാക്കിയതായി കേരളം കണ്ടിട്ടുണ്ടോയെന്നു സംശയം. ഈ ശതാബ്ദി ഇത്ര തേജോമയമായതു പി.കെ.വാരിയരുടെ ‘ശതപൂർണിമ’യായതുകൊണ്ടെന്നു നിസ്സംശയം പറയാം. കാരണം, ആയുസ്സ് ഒരനുഗ്രഹമാണെങ്കിൽ പി.കെ.വാരിയർ ഏതിനും തികഞ്ഞൊരു മരുന്നുതന്നെയാണ്. 

ജീവിതമെന്ന പാഠം 

‘എലിയിലും പന്നിയിലുമൊന്നുമല്ല, മനുഷ്യനിൽ പരീക്ഷിച്ചുണ്ടായതാണ് ഈ ശാസ്ത്രം’ – പത്തു കൊല്ലം മുൻപു നവതി വേളയിൽ മലയാള മനോരമ ഞായറാഴ്ചയ്ക്കുവേണ്ടി അഭിമുഖത്തിനു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. മനുഷ്യപ്രകൃതത്തിന് അത്രയേറെ ചേർന്ന വൈദ്യാനുഭവം അദ്ദേഹം സ്വന്തം ജീവിതത്തിൽനിന്നുതന്നെ എടുത്തുപറഞ്ഞു: ‘രാവിലെ ഇളനീരും പഴങ്ങളും മാത്രം കഴിക്കാൻ തുടങ്ങിയശേഷമാണു ഞാൻ രണ്ടു നേരം കുളി പതിവാക്കിയത്. പണ്ടു സ്‌ഥിരം മൂക്കടപ്പായിരുന്നു. രാത്രി കിടക്കാൻ നാലഞ്ചു തലയണ വേണമെന്ന അവസ്‌ഥ. രാത്രി പാലും പഴങ്ങളും മാത്രമാക്കി. ഇപ്പോൾ സുഖനിദ്ര. ഉച്ചയ്‌ക്കു മാത്രം കുറച്ചൂണു കഴിക്കും’. 

പ്രകൃതി എന്ന പ്രകൃതം 

പ്രകൃതിയോടു ചേർന്നുള്ള പ്രകൃതം വാരിയർക്കു മാത്രമല്ല, കോട്ടയ്ക്കൽ എന്ന ദേശത്തിനാകെയുണ്ട്. മൈത്രി എന്ന സന്ദേശം വായിക്കാൻ കോട്ടയ്ക്കലെ പ്രസിദ്ധമായ കൈലാസമന്ദിരത്തിന്റെ കവാടംവരെയൊന്നു പോയാൽ മതി. വിഷ്ണുസ്ത്രോത്രം കൊത്തിവച്ച കമാനത്തിന്റെ ഇരുവശങ്ങളിലും കാണുക മുസ്‌ലിം, ക്രൈസ്തവ ചിഹ്നങ്ങളാണ്. മാനവസ്നേഹത്തിന്റെ മഹൽച്ചിത്രമായും വേദന മാറ്റുന്ന സ്നേഹൗഷധമായും ഈ സ്ഥാപനത്തെ ലോകം മുഴുവൻ കാണുന്നതിനു മറ്റെന്തു വിശദീകരണം വേണം?! 

ശൈവ– വൈഷ്ണവ ചൈതന്യങ്ങളുടെ സംഗമം കൂടിയാണ് ആര്യവൈദ്യശാലയുടെ നടുമുറ്റം. കൈലാസമന്ദിരം എന്ന തറവാടിന്റെ പേരുതന്നെ ശിവപ്രസാദം പകരുമ്പോൾ, വിശ്വംഭരമൂർത്തിയുടെ അനുഗ്രഹസാന്നിധ്യമാണ് ഈ നാലുകെട്ടിന്റെ മുറ്റത്ത് എന്നും നിറയുന്നത്. ദേവാനുഗ്രഹങ്ങളുടെ ഈ മുറ്റത്ത് പന്നിയംപള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ.വാരിയരുടെ നൂറാം പിറന്നാൾ കടന്നെത്തുമ്പോൾ കാലംതന്നെയാണ് അനുഗൃഹീതമാകുന്നത്. 

pk-warrier
ഡോ. പി. കെ വാരിയർക്കൊപ്പം ലേഖകൻ (ഫയൽ ചിത്രം)

മരുന്നിന്റെ പത്തരമാറ്റ് 

120–ാം വർഷത്തിലൂടെ കടന്നുപോകുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ യൗവനകാലത്തു പിറന്ന ഒരാൾ 67 വർഷമായി അതിനെ നയിച്ചുകൊണ്ടിരിക്കുന്നു. 76 വർഷമായി ഈ സ്ഥാപനത്തിന്റെ കേന്ദ്ര ഭരണസമിതിയായ ട്രസ്റ്റ് ബോർഡിൽ ഡോ. പി.കെ.വാരിയരുണ്ട്. ഇക്കാലമത്രയും അദ്ദേഹം മരുന്നിൽ അരച്ചുചേർത്തത് ഒരദ്ഭുതവുമല്ല, മാറ്റമില്ലാത്ത പത്തര മാറ്റുതന്നെ! ചികിത്സിക്കുന്നവരല്ല, ചികിത്സയാണു പ്രധാനം എന്നു വാദിക്കുന്നവർക്കിടയിൽ വാരിയരില്ല. കാരണം, അദ്ദേഹത്തിന്റെ ജീവിതംതന്നെയാണ് ഏറ്റവും നല്ല കുറിപ്പടി. ദിവസേന പുലർച്ചെ എഴുന്നേറ്റ് അദ്ദേഹം ആവർത്തിച്ചാവർത്തിച്ചു വായിക്കുന്ന ‘അഷ്ടാംഗഹൃദയം’ ആ വൈദ്യവിസ്മയത്തെ തേടിയെത്തുന്നവരിലാണ് അനുഗ്രഹമായി നിറയുന്നത്. ആഗോള ചികിത്സാരംഗത്തെ അണുവിട ചലനങ്ങൾപോലും അടുത്തറിയാൻ ദിവസേന വായനയും പഠനവും മനനവും ഗവേഷണവുമൊക്കെ ഡോ. വാരിയർ നടത്തിയതിന്റെ ഫലംകൂടിയാണ് കോട്ടയ്ക്കലിന്റെ പെരുമയും കേരളത്തിന്റെ വൈദ്യഗരിമയും. 

ലോകത്തിന്റെ വന്ദനം  

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ എന്ന ചെറുപട്ടണം ചിലപ്പോൾ നമുക്കു ഗൾഫാണെന്നു തോന്നും, ചിലപ്പോൾ യൂറോപ്പോ ചൈനയോ മലേഷ്യയോ സിംഗപ്പൂരോ... അങ്ങനെ പലപല രാജ്യക്കാരെ വഴിയിലൊക്കെ കാണും. എല്ലാവരും തേടുന്നതു മരുന്നിന്റെ ഫലം മാത്രമല്ല, മരുന്നിൽ ചേർത്ത കൈപ്പുണ്യത്തിന്റെ അനുഗ്രഹം കൂടിയാണ്. അമ്മാവൻ വൈദ്യരത്നം പി.എസ്.വാരിയരിലും ഏട്ടൻ ഡോ. മാധവ വാരിയരിലും കൈവഴിയിട്ട ആ കൈപ്പുണ്യത്തെ പുതിയ കാലത്തും ശോഭ മങ്ങാതെ സൂക്ഷിക്കുന്നത് പി.കെ.വാരിയർ എന്ന ആയുർവേദ ഐക്കണാണ് എന്നു നിസ്സംശയം പറയാം. സോപ്പ് തേച്ചു കുളിക്കുകയോ (വാകയാണു പ്രിയം) പാലും ചായയും കഴിക്കുകയോ ചെയ്യാതെ, എന്നും രാവിലെ വലിയമ്മാവന്റെ മെതിയടി കണ്ടു തൊഴുതശേഷം ചികിത്സിക്കാനിറങ്ങിവരുമ്പോൾ നാടിന്റെ ‘കുട്ടിമ്മാനെ’ തേടി കാത്തിരിക്കാറുള്ളതു ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിൽനിന്നുള്ള വേദനിക്കുന്നവർ. രോഗത്തിനുള്ളതിനേക്കാൾ മരുന്ന് മനസ്സിന്റെ വേദന മാറ്റാൻ വാരിയരുടെ കയ്യിൽനിന്നു കിട്ടുമെന്ന് വരുന്നവർക്കെല്ലാമറിയാം. ഒന്നു കണ്ടാൽ മതി, ഇത്തിരി മിണ്ടിയാൽ മതി എന്നു മാത്രം ആഗ്രഹിച്ചെത്തുന്നവരാണവർ. 

വൈദ്യം, വേരിൽനിന്ന്... 

എൻജിനീയറാകാൻ ചെറുപ്പത്തിൽ മോഹിച്ചയാൾ, കുടുംബവഴിയിലെ വൈദ്യപാരമ്പര്യംതന്നെ തുടർന്നതിന് നന്ദി പറയേണ്ടതു കേരളമാകെയാണ്. ക്വിറ്റ് ഇന്ത്യ സമരകാലത്തു വിപ്ലവം തലയ്ക്കുപിടിച്ച് പഠനം നിർത്തിപ്പോയ കൃഷ്ണൻകുട്ടി വാരിയർ, സമരപുളകങ്ങൾ അരച്ചുചേർത്താൽ ജീവിതമരുന്നാവില്ലെന്നു വൈകാതെ തിരിച്ചറിഞ്ഞു വൈദ്യപഠനം തുടരുകയായിരുന്നു. ‘പ്രയാസമുള്ളതു കടിച്ചുമുറിച്ചു വേരാക്കാനുള്ള തോന്നൽ’ എന്നാണ്, കടന്നുവന്ന കാലത്തെ പ്രയത്നത്തെയും വിജയത്തെയും അദ്ദേഹം ഒറ്റ വാചകത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. വേരിൽനിന്നു പാരിലേക്കു വളർന്ന ഈ ശിഖരമില്ലായിരുന്നെങ്കിൽ, മലയാളത്തിന്റെ മറുമരുന്നിന് ഇന്നീ ഫലപ്രാപ്തി ഉണ്ടാവില്ലായിരുന്നല്ലോ! 

English Summary : Dr. P. K Warrier, doyen of Ayurveda, turned 100, helath secrets

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA