ADVERTISEMENT

കോളജ് വിദ്യാർഥികളിലെ വിളർച്ച (അനീമിയ) അകറ്റാനുള്ള ആരോഗ്യ വകുപ്പിന്റെ ഓൺലൈൻ ബോധവൽക്കരണത്തിനു പാലക്കാട് ജില്ലയിൽ തുടക്കം. കല്ലടി എംഇഎസ് കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ്, ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജ്, ഒറ്റപ്പാലത്തെ വിവിധ കോളജുകൾ എന്നിവിടങ്ങളിൽ വെബിനാർ നടത്തി. തിരഞ്ഞെടുത്ത വിദ്യാർഥികൾക്കു ക്ലാസ് നൽകി അവരെ കോളജുകളിലെ പരിശീലകരാക്കുന്ന പദ്ധതിക്കാണു തുടക്കമായത്. ജില്ലയിലെ എല്ലാ കോളജുകളിലും ബോധവൽക്കരണം നടത്തും. ഡോ. ശ്രുതി ശങ്കർ, ഡോ.കെ. നിധിൻ, ഡോ.കെ. ജയ സ്വാതി, ഡോ.എ. സതീശൻ എന്നിവർ ക്ലാസ് നയിച്ചു.

എന്തുകൊണ്ട് വിളർച്ച ?

പോഷകാഹാരക്കുറവും അമിതപോഷണവും വിളർച്ചയിലേക്കു നയിക്കാം. ശരീരത്തിലുണ്ടാകുന്ന ഇരുമ്പിന്റെ കുറവു മൂലം രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ഇവ തളർച്ച, ക്ഷീണം, തലകറക്കം എന്നിവയ്ക്കു  കാരണമാകാം. തൈറോയ്ഡ്, കാൻസർ, കുടൽരോഗങ്ങൾ, കുട്ടികളിലെ വിരരോഗങ്ങൾ എന്നിവയും വിളർച്ച കാരണം സംഭവിക്കാം. വിളർച്ച നീണ്ടുപോയാൽ ക്രോണിക് അനീമിയ എന്ന അടുത്ത ഘട്ടത്തിലേക്കും ഹൃദയത്തെ പോലും ബാധിക്കുന്ന മറ്റു രോഗങ്ങളിലേക്കും കടക്കും. 

പരിഹാരം

ഇരുമ്പ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കണം. ഇവ അടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ കഴിക്കണം. ജങ്ക് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണം വിളർച്ചയ്ക്കു കാരണമാകും. രണ്ടുതരം ഇരുമ്പുകളാണു ശരീരത്തിന് ആവശ്യം. ഹീം അയണും നോൺ ഹീം അയണും. ആദ്യത്തേതു മാംസ്യത്തിൽ നിന്നും രണ്ടാമത്തേതു പച്ചക്കറികളിൽ നിന്നും ലഭിക്കും. യുവതികൾക്കും മധ്യവയസ്കരായ സ്ത്രീകൾക്കും ശരീരത്തിൽ ദിവസേന 18 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. ഗർഭിണികൾക്ക് 27 മില്ലി ഗ്രാം വരെ വേണം.

ഇവ കഴിക്കാം

ഈന്തപ്പഴം, പാവയ്ക്ക, ചീര, ബ്രോക്കോളി, ശർക്കര, കരിപ്പട്ടി, ഓറഞ്ച്, സ്ട്രോബറി, മാതള നാരങ്ങ, പയറു വർഗങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, ധാന്യങ്ങൾ, കശുവണ്ടി, മൾബറി, കല്ലുമ്മക്കായ, റെഡ് മീറ്റ് ഇറച്ചി വിഭവങ്ങൾ എന്നിവ ഇരുമ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണ്.

English Summary : Anemia: Causes and Nutritional Requirements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com