ADVERTISEMENT

തലക്കെട്ട് വായിക്കുമ്പോൾ നെറ്റി ചുളിക്കുന്നവരുണ്ടാകും. ചിറി കോട്ടുന്നവരുണ്ടാകും. ഇതിന്റെ നേരേ വിപിരീതമായതു ചെയ്‌താൽ സംതൃപ്ത ദാമ്പത്യമാകുമെന്നത് അവർ ഓർക്കട്ടെ. ഈ ചീത്ത കാര്യങ്ങൾ ബുദ്ധിയിൽ ഇട്ടു വേവിച്ചു ശുദ്ധീകരിക്കുമ്പോഴാണ് നല്ല ദാമ്പത്യം വേണമെന്ന ഉൾപ്രേരണയുണ്ടാകുന്നത്. അതുകൊണ്ട് തികച്ചും നെഗറ്റീവായ ഈ ലേഖനത്തിനുമുണ്ട് ഒരു ഗുണപരമായ തലം. ദാമ്പത്യത്തെ നശിപ്പിക്കാൻ പോന്ന ആ പത്തു ബോംബുകൾ  ഇതാ. 

ഒന്ന്: പങ്കാളിയെ വിശ്വസിക്കാനേ പാടില്ല. ആരുടെ കൂടെയാണ് പൊറുതിയെന്ന ചോദ്യം കൊണ്ട് ദിവസവും ശ്വാസം മുട്ടിക്കുക. വിശ്വാസമില്ലാത്ത ബന്ധത്തിൽ ശ്വാസം മുട്ടി കഷ്ടപ്പെടും. പുറത്തു ചാടാനുള്ള പ്രവണത വർധിപ്പിക്കും. തരം കിട്ടുമ്പോഴൊക്കെ പങ്കാളിയെ വഞ്ചിക്കാനുള്ള ശൈലി കൂടിയുണ്ടെങ്കിൽ ബന്ധം പൊളിക്കൽ എളുപ്പമാണ്. കഴിയുന്നത്ര നുണ പറയുക. ദാമ്പത്യത്തിന്റെ ആധാരശിലയായ വിശ്വസ്തത തകർക്കുന്ന ബോംബിട്ടാൽ എല്ലാം കഴിഞ്ഞില്ലേ ?

രണ്ട് : കേട്ടാൽ മനസ്സു തകർന്നു പോകുന്ന വർത്തമാനമേ പറയാവൂ. പങ്കാളിയെ താഴ്ത്തി പറയാം. നാലാളുടെ മുമ്പിൽ പരിഹസിക്കാം.  ആശയ വിനിമയ ശുഷ്കമായ ശൈലിയായാലും മതി. ബന്ധങ്ങൾ തകർന്നു തരിപ്പണമായിക്കോളും. ഒരുമിച്ചിരിക്കുമ്പോഴുള്ള വൈകാരിക അകലവും ശൂന്യതയുമൊക്കെ വിവാഹ ജീവിതത്തെ ദുസ്സഹമാക്കും. 

മൂന്ന് : പങ്കാളിയുടെ മേൽ ഉടയോൻ ചമഞ്ഞ് എന്തിനും നിയന്ത്രണം ഏർപ്പെടുത്താം. അടിമയാക്കി സ്വാതന്ത്ര്യം നിഷേധിക്കാം. ഇടുന്ന വസ്ത്രത്തിന്റെ കാര്യം മുതൽ ചെയ്യുന്ന നിസ്സാര കാര്യങ്ങൾക്കു വരെ അനുവാദം വേണമെന്ന് നിഷ്കർഷിക്കാം. സാമ്പത്തികസ്വാതന്ത്ര്യം കൊടുക്കാനേ പാടില്ല.  പങ്കാളിയുടെ ഒരാവശ്യവും അംഗീകരിക്കരുത്. കയ്യിലെ ചരടിനൊത്തു തുള്ളുന്ന പാവയാക്കി മാറ്റുവാൻ ശ്രമിച്ചാൽ ദാമ്പത്യം ദുരിതപൂർണം.

നാല് : ഓരോ വ്യക്തിക്കും തനതായി വളരാനുള്ള അവകാശമുണ്ട്. ആ ഇടം ഇല്ലാതാക്കിയാൽ പിന്നെ വളരില്ല. കല്യാണം കഴിയുമ്പോൾ പങ്കാളിയുടെ താൽപര്യത്തിനു വിപരീതമായി, പണിക്ക് പോകാൻ പാടില്ലെന്ന് പറയുന്നവർ ദാമ്പത്യത്തെ തകർക്കുന്നവരാണ്. ഇതും വിവാഹ ജീവിതത്തെ തകർക്കാൻ പ്രയോഗിക്കാം. 

അഞ്ച് : കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളുടെയും ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുക. പങ്കാളിക്ക് ഒരു പങ്കും നൽകാതിരിക്കുക. മക്കളുടെ കേമത്തം മുതൽ എല്ലാ കാര്യങ്ങളും സാധിച്ചത് ഞാൻ മൂലമാണെന്ന് മേനി പറയുക. പങ്കാളിയെ കൊണ്ട് എന്തിനു കൊള്ളാമെന്ന് കുത്തി പറയുക. വീഴ്ചകൾ ഉണ്ടാകുമ്പോൾ ഒക്കെ പങ്കാളിയുടെ മേൽ കെട്ടിവച്ച് കുറ്റം പറയുക. ദാമ്പത്യം തകർന്നോളും. 

family-life02
Photo credit : Rachaphak / Shutterstock.com

ആറ് : കോപം വരുമ്പോൾ പരുഷ വാക്കുകൾ കൊണ്ട് അഭിഷേകം ചെയ്യാം. എന്നിട്ടും കലി  തീരുന്നില്ലെങ്കിൽ അടിക്കാം. ശാന്തമായി കാര്യങ്ങൾ ചർച്ച ചെയ്യാനേ പാടില്ല. ബന്ധത്തിന്റെ നൂലിഴകൾ ഓരോ വഴക്കിലും മുറിഞ്ഞോളും. 

ഏഴ് : ഒരു കാരണവശാലും പങ്കാളിയെ അനുമോദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. ചൊല്ലിലും ചെയ്തിയിലും ഈ ഭാവം വരാനേ പാടില്ല. ഒരു നല്ല വാക്ക് പറഞ്ഞു കൂടേയെന്ന് പരിഭവം പറഞ്ഞാൽ ഇത് വെറും കടമയെന്ന് ചൊല്ലി നിസ്സാരമാക്കി കളയണം. ബന്ധം ദുർബലമായിക്കോളും. 

എട്ട് : അവസരം കിട്ടുമ്പോഴൊക്കെ പങ്കാളിയിൽ അപകർഷതാ ബോധം കുത്തി വച്ചോളണം. തന്നെയൊന്നിനും കൊള്ളില്ലെന്നു പറഞ്ഞു കൊണ്ടിരിക്കണം. വീഴ്ചകൾ വന്നാൽ സാരമില്ലെന്നു പറയരുത്. കുറ്റബോധം കയറ്റണം. ഞാനില്ലെങ്കിൽ  നീ സിറോയെന്ന വിചാരമുണ്ടാക്കണം. 

ഒമ്പത് : വിവാഹത്തെ ഒരു സാമ്പത്തിക ഇടപാടായി കണക്കാക്കണം. പങ്കാളിയിൽനിന്നു പണം ഊറ്റാൻ ഏതു തന്ത്രവും പയറ്റാം. സ്ത്രീധനത്തിനായി പീഡനം നടത്താം. ഭർത്താവിന്റെ കാശു കിട്ടാൻ വിരട്ടാം. എതിർത്താൽ ദാമ്പത്യം ഒഴിയുമെന്ന ഭീഷണി മുഴക്കാം.  വികലവും സാമൂഹിക നിമിത്തവുമായ ആണവകാശങ്ങൾ കാട്ടി പെണ്ണിനെ മുൾ മുനയിൽ നിർത്താം. അടുപ്പം കുറഞ്ഞോളും. 

പത്ത് : അഭിപ്രായ വ്യത്യാസങ്ങൾക്കുള്ള പ്രതികാരങ്ങൾ കിടപ്പറയിൽ കാട്ടുക. സെക്സ് നിഷേധിക്കാം. വാശിയോടെ ബലാൽസംഗ സമാനമായ രതി നടത്തലാകാം. സ്നേഹമല്ല, വിരോധം കാട്ടലാണ് ലക്ഷ്യമെന്ന തോന്നലുണ്ടാക്കാം. ജീവിത പങ്കാളിയാണെന്ന തോന്നൽ മെല്ലെ അപ്രത്യക്ഷമാകും. 

വിവാഹേതര ബന്ധത്തിന്റെ ചുഴിയിൽ പെട്ടും സ്ത്രീധന പീഡനത്തിന്റെ ശ്വാസം മുട്ടലിൽ വീണും അസഹനീയമായ അധീശത്വത്തിന്റെ പിടിയിൽ കഷ്ടപ്പെട്ടുമൊക്കെ എത്തുന്ന ദമ്പതികളിൽ ഇതൊക്കെ കാണാം. ഇതൊക്കെയുണ്ടെങ്കിലും മക്കൾക്ക് വേണ്ടിയോ സാമൂഹിക സങ്കൽപങ്ങൾക്ക് വേണ്ടിയോ സഹിച്ചു കഴിയുന്ന ദാമ്പത്യങ്ങളുണ്ട്. പൂർണമായും ഈ ബോംബുകൾ വീണ് തകർന്നിട്ടും കപടമായ പൊരുത്തപ്പെടലിൽ നിലനിൽക്കുന്ന കുടുംബങ്ങൾ. പേടിക്കണം ഇത്തരം കുടുംബങ്ങളെ. ഇതൊന്നും നല്ലതിനല്ലെന്ന് നേരത്തേ തിരിച്ചറിഞ്ഞാൽ ഇത്രയും വലിയ ദുരന്തത്തിൽ എത്തില്ല. 

ഇത് വായിച്ചപ്പോൾ എന്തു തോന്നി ?ചിലതൊക്കെ നമ്മുടെ ദാമ്പത്യത്തിലുണ്ടെന്ന് തോന്നിയാൽ തിരുത്താൻ നോക്കുക. തകർക്കാനല്ലല്ലോ വിവാഹത്തിൽ കാലെടുത്തു കുത്തുന്നത്, സന്തോഷം പകരുന്ന കൂട്ടായ്‍മ സൃഷ്ടിക്കാനല്ലേ. തുല്യത ആഘോഷിക്കാനല്ലേ. നല്ല കുട്ടികൾ വളരാനുള്ള അന്തരീക്ഷം ഒരുക്കാനല്ലേ.

(കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ്‌ ലേഖകന്‍)

Content Summary : Never make these 10 mistakes if you want a happy married life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com