ഓൺലൈൻ ക്ലാസെന്നു പറഞ്ഞു മകൻ എപ്പോഴും ഫോണിൽ; ദുരുപയോഗം തടയാം ഇങ്ങനെ

mobile addiction
Representative Image. Photo Credit : Prostock-studio / Shutterstock.com
SHARE

പഠനം ഓൺലൈൻ ആയതോടെ മൊബൈൽ, ലാപ്ടോപ്, കംപ്യൂട്ടർ തുടങ്ങിയവ കുട്ടികൾക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറി. മൊബൈലിൽ നോക്കി ഇരിക്കുന്ന കുട്ടിയോട് എന്തു ചോദിച്ചാലും പഠിക്കുകയാണ്, അല്ലെങ്കിൽ പ്രോജക്ട് നോക്കുകയാണ്, സാർ തന്ന വിഡിയോ കാണുകയാണ് ...ഇങ്ങനെയായി മറുപടികൾ. പഠനാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നവരും എന്നാൽ ഇതൊരു അവസരമായിക്കണ്ട് ദുരുപയോഗം ചെയ്യുന്ന കുട്ടികളും ഉണ്ട്. പലതരം മാനസിക പ്രശ്നങ്ങളുമായി വിദഗ്ധരുടെ അടുത്ത് ചികിത്സ തേടിയെത്തുന്ന കുട്ടികളുമുണ്ട്. മലയാള മനോരമ സംഘടിപ്പിച്ച ഫോൺ–ഇൻ പരിപാടിയിൽ വന്ന ചില പ്രധാന ചോദ്യങ്ങളും അവയ്ക്ക് മാനസികാരോഗ്യ വിദഗ്ധർ നൽകിയ മറുപടികളും നോക്കാം.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നെന്ന കാരണം പറഞ്ഞു മകൻ എപ്പോഴും ഫോണിലാണ്. എന്താണ് അവൻ ചെയ്യുന്നതെന്ന് അറിയാനാകുന്നില്ല

ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പേരന്റ്സ് എന്ന ആപ്ലിക്കേഷൻ സ്വന്തം ഫോണിലും ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആൻഡ് ടീംസ് എന്ന ആപ്ലിക്കേഷൻ കുട്ടികളുടെ ഫോണിലും ഇൻസ്റ്റാൾ െചയ്യുക. ഇരു ആപ്ലിക്കേഷനുകളും പെയർ ചെയ്താൽ കുട്ടികളുടെ ഫോൺ ഉപയോഗം അച്ഛനോ അമ്മയ്ക്കോ നിയന്ത്രിക്കാം. നിശ്ചിത സമയത്തേക്കു മാത്രമായി അവർക്കു ഫോൺ‌ തുറന്നു നൽ‌കാം. ആവശ്യമില്ലാത്ത വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യാം. 

പലതവണ പറഞ്ഞിട്ടും മകൻ ഓൺലൈൻ കളി നിർത്തുന്നില്ല. എങ്ങനെ പിന്തിരിപ്പിക്കാം

വീടിനു പരിസരത്തോ മറ്റോ കുട്ടികൾക്കു കായികമായ കളികൾക്ക് അവസരം നൽകുക. അവർക്കു താൽപര്യമുള്ള മറ്റു കാര്യങ്ങൾ കണ്ടെത്തി അതിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക. 

 വെറുതേ ഇരിക്കുന്ന സമയം കുറയ്ക്കുക. പാട്ടുപാടുക, ചിത്രം വരയ്ക്കുക തുടങ്ങി മക്കളുടെ കഴിവുകൾ സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ച് അവരിൽ അഭിമാനബോധം വളർത്തുക. അവരെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. 

ഫോൺ കളി പൂർണമായി ഒഴിവാക്കണോ? എത്ര സമയം കളിക്കാനായി നൽകാം

മറ്റു വിനോദങ്ങളിൽ ഏർപ്പെടാൻ സാഹചര്യമില്ലെങ്കിൽ ദിവസം പരമാവധി ഒരു മണിക്കൂർ വരെ കളിക്കാൻ അനുവദിക്കാം. എന്നാൽ, അഡിക്‌ഷൻ വരുത്തുന്ന കളികൾ ഒഴിവാക്കണം. ഇങ്ങനെ ഫോൺ നൽകാൻ വ്യവസ്ഥ വയ്ക്കണം. കുട്ടിക്കായി ടൈംടേബിൾ തയാറാക്കുക. അത് അതേപടി പാലിച്ചാൽ മാത്രമേ ഫോൺ നൽകൂ എന്ന കരാറിലേർപ്പെടുക. അതിൽ വിട്ടുവീഴ്ച വരുത്തരുത്. 3 വയസ്സുവരെ കുട്ടികളെ ഫോണോ ടിവിയെ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

ഇത്തരം ഗെയിമുകൾ നിരോധിക്കാൻ എന്താണു വഴി

ഗെയിമുകൾ മാത്രമല്ല, വീടുകളിലെ അന്തരീക്ഷവും ചിലപ്പോൾ കുട്ടികളെ ഇൗ അഡിക്‌ഷനിലേക്ക് എത്തിക്കുന്നുണ്ട്. ഫ്രീ ഫയർ പോയാൽ മറ്റൊരു ഗെയിം വന്നേക്കാം. ഓരോ കുട്ടിയെയും പ്രത്യേകം മനസ്സിലാക്കി അവന്റെ പെരുമാറ്റരീതികളെ മെച്ചപ്പെടുത്താനാണു ശ്രമിക്കേണ്ടത്. 

ഓൺലൈൻ കളി തുടങ്ങിയ ശേഷം എപ്പോഴും ദേഷ്യമാണ്. വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുന്നു. എത്ര ശ്രമിച്ചിട്ടും വഴങ്ങുന്നില്ല

ഗെയിം അഡിക്‌ഷൻ ഒരു പരിധി പിന്നിട്ടാൽ ഡിജിറ്റൽ ഡീടോക്സിഫിക്കേഷൻ ചികിത്സ വേണ്ടി വരും. അതിനായി മാനസികാരോഗ്യ വിദഗ്ധനെ കാണണം. 

കുട്ടി വരാൻ കൂട്ടാക്കുന്നില്ലെങ്കിൽ മാതാപിതാക്കൾ ഡോക്ടറെ കാണുക. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായി കഴിഞ്ഞാൽ പിന്നീടു ബന്ധങ്ങളിലെ സമവാക്യങ്ങൾ പോലും കുട്ടികൾ മറക്കും. 

കുട്ടികൾ വൈകാരികമായി രക്ഷിതാക്കളെ ‘ബ്ലാക്ക്മെയിൽ’ ചെയ്യാൻ ശ്രമിക്കും. ഇതിനു വഴങ്ങരുത്. 

കുട്ടികളുടെ ‘നിയന്ത്രണത്തിന്റെ മീറ്റർ’ അവരുടെ കയ്യിൽത്തന്നെയാണ്. സ്വയം നിയന്ത്രണത്തിന് അവരെ പ്രേരിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ബുദ്ധിപരമായി മാതാപിതാക്കൾ ഇടപെടണം. 

English Summary : Gadget addiction in children

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA