പ്രമേഹ രോഗികളേ... ഇതെല്ലാം നമുക്കും കഴിക്കാം; ഒന്നു ശ്രദ്ധിച്ചാൽ മതി

diabetes diet
SHARE

ഇന്നത്തെ കാലത്ത് പ്രമേഹം ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുവരുന്ന രോഗമാണ്. രക്ത പരിശോധനയില്‍ പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ മധുരം, ചോറ് തുടങ്ങി പല ഇഷ്ടവസ്തുക്കളെയും ചവറ്റുകുട്ടയിലിട്ട് ഡയറ്റിനും മരുന്നിനും പിന്നാലെ പോകുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഡയബറ്റിസ് അഥവാ പ്രമേഹത്തിന് പ്രത്യേക ഡയറ്റ് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാം ശരിയായ അളവിലും രീതിയിലും കഴിച്ചാല്‍ പ്രമേഹമെന്ന വില്ലനെ ഒരുപരിധി വരെ തടഞ്ഞു നിറുത്താനും കഴിയും. ഒരു പ്രത്യേക ഡയറ്റ് ഫോളോ ചെയ്യുമ്പോള്‍ നിങ്ങളുടെ പ്രമേഹം എത്ര കുറഞ്ഞു എന്ന് നോക്കുന്നതിനൊപ്പം ആ ഡയറ്റ് നിങ്ങള്‍ക്കെത്ര ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു എന്നു കൂടി ശ്രദ്ധിക്കുക. നമ്മുടെ ശരീരത്തെ കൂടുതല്‍ ക്ഷീണത്തിലേക്ക് കൊണ്ടുപോകുന്നുവെങ്കില്‍ അത്തരം ഡയറ്റുകള്‍ പിന്തുടരുന്ന കാര്യത്തില്‍ പുനര്‍ ചിന്ത ആവശ്യമാണ്. 

 ഇവിടെ അഞ്ചു തരം ഫുഡ് ഗ്രൂപ്പുകളെയാണ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. അതില്‍ ചിലത് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുമ്പോള്‍ മറ്റു ചിലത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിറുത്താന്‍ സഹായിക്കും. 

 .  പഴങ്ങളും പച്ചക്കറികളും

 . അരി, പാസ്ത, ബ്രഡ് പോലുള്ള അന്നജം കലര്‍ന്ന ഭക്ഷണങ്ങള്‍

 . പ്രോട്ടീന്‍ ഭക്ഷണങ്ങള്‍

 . പാലും പാലുത്പന്നങ്ങളും

 . എണ്ണയും ധാതുക്കളും

 പഴങ്ങളും പച്ചക്കറികളും വേണം

പ്രമേഹമെന്ന് കണ്ടാല്‍ പിന്നെ ഒരു ചെറുപഴം പോലും കഴിക്കാന്‍ പലര്‍ക്കും ഭയമാണ്. എന്നാല്‍ പഴങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്. പഴങ്ങളിലും പച്ചക്കറികളിലും പ്രകൃതിദത്തമായി വൈറ്റമിന്‍, മിനറല്‍, ഫൈബര്‍ എന്നിവയുണ്ട്. കാലറിയും വളരെ കുറവാണ്. പഴമായി കഴിക്കാന്‍ ഇഷ്ടക്കുറവുള്ളവര്‍ക്ക് സ്മൂത്തിയായും ജ്യൂസായുമൊക്കെ ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളെ കൂടെക്കൂട്ടാം. കാലറി ഭയന്ന് ഇവ ഒഴിവാക്കുന്നവര്‍ ഓര്‍ക്കുക പഴങ്ങളിലും പച്ചക്കറികളിലും വളരെ കുറവ് കാലറി മാത്രമേയുള്ളൂ. ഇത് നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കും. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷണവും നല്‍കും. ദിവസവും ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രമിച്ചാല്‍ തന്നെ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ തേടിയെത്തും. 

 സ്റ്റാര്‍ച്ചി ഭക്ഷണവും ഗുണമാണേ

നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്‌ളൂക്കോസ്. ഇത് ലഭിക്കുന്നത് ഭക്ഷണത്തിലടങ്ങിയ കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്.  ഉരുളക്കിഴങ്ങ്, അരി, പാസ്ത, ബ്രഡ്, ചപ്പാത്തി തുടങ്ങിയവയാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെ ഷുഗര്‍ ലെവല്‍ പെട്ടന്ന് ഉയര്‍ത്തുന്നതു കൊണ്ടാണ് സ്റ്റാര്‍ച്ച് ഫുഡിനെ പ്രമേഹരോഗികള്‍ ഭയപ്പാടോടെ കാണുന്നത്. എന്നാല്‍, തവിടു ചേര്‍ന്ന അരി, ബസുമതി അരി, അല്ലേല്‍ എളുപ്പം വേവുന്ന അരി ഉപയോഗിക്കുന്നതുകൊണ്ട് പ്രമേഹ രോഗിക്ക് ഒരു കുഴപ്പവുമില്ല. ക്വിനോവ, നുറുക്ക് ഗോതമ്പ് എന്നിവയും വളരെ നല്ലതാണ്. 

തവിടുകളയാത്ത ഗോതമ്പു കൊണ്ടുള്ള റൊട്ടിയും ദാല്‍ കറിയും വളരെ നല്ലതാണ്. ഉരുളക്കിഴങ്ങിനു പകരം മധുരക്കിഴങ്ങ് പരീക്ഷിച്ചു നോക്കൂ. ഇതെല്ലാം നമുക്കും കഴിക്കാം പ്രമേഹ രോഗികളേ. 

ബീന്‍സ്, നട്സ്, പയറുവർഗങ്ങൾ, മുട്ട, മാംസം, മീന്‍ എന്നിവയൊക്കെയാണ് പ്രോട്ടീന്‍ ഭക്ഷണത്തിന്റെ കലവറകള്‍. പൊതുവില്‍ ഹെല്‍ത്തി ഡയറ്റില്‍ നിന്ന് മാറ്റിനിറുത്തപ്പെടുന്ന ഭക്ഷണങ്ങളാണ് റെഡ് മീറ്റും സംസ്‌കരിച്ച മാംസ്യവും. അതിന്റെ അമിത ഉപയോഗം കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു പറഞ്ഞാണ് ഇവയെ മാറ്റി നിറുത്തുന്നത്. ഇതിനു പകരം ഓയിലി ഫിഷ് ആയ അയല, സാല്‍മണ്‍, മത്തി തുടങ്ങി ഒമേഗ 3 ധാരാളമായി അടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും മതി. ഓയിലി ഫിഷ് ഹൃദയത്തിന് മികച്ചതാണ്. നമ്മുടെ മസിലുകള്‍ ഹെല്‍ത്തിയായി സൂക്ഷിക്കുന്നതിനും ഇത് മുഖ്യപങ്ക് വഹിക്കുന്നു. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഒരാഴ്ചയില്‍ രണ്ടു തവണയെങ്കിലും ഓയിലി ഫിഷ് കഴിക്കാന്‍ ശ്രമിക്കണം. എന്നാല്‍ മീറ്റിന്റെ ഉപയോഗം വളരെ അപൂര്‍വമായി മതി.

 പല്ലിനും എല്ലിനും കാത്സ്യം

 പാല്‍, ചീസ്. യോഗര്‍ട്ട് എന്നിവയില്‍ ഒരുപാട് കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ എല്ലിനും പല്ലിനും വളരെ ആവശ്യമാണ്. ചില പാലുത്പന്നങ്ങള്‍ കൊഴുപ്പ് കൂടുതലുള്ളവയായിരിക്കും, പ്രത്യേകിച്ച് സംസ്‌കരിച്ച കൊഴുപ്പ്. അതുകൊണ്ടു തന്നെ കൊഴുപ്പു കുറഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു ഗ്ലാസ് പാലില്‍ ഇത്തിരി കറുവപ്പട്ട ചേര്‍ത്താല്‍ വളരെ നല്ലത്. മധുരമില്ലാത്ത യോഗര്‍ട്ട് പഴങ്ങള്‍ക്കൊപ്പമോ കറിക്കൊപ്പമോ ഉപയോഗിച്ചാല്‍ ഗുണവുമേറെ, വ്യത്യസ്ത രുചിയും ലഭിക്കും. എല്ലാ ദിവസവും കാത്‌സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

ആരോഗ്യ പൂരിത കൊഴുപ്പടങ്ങിയ ഒലിവ് ഓയില്‍, വെജിറ്റബിള്‍ ഓയില്‍, റാപ്പ്‌സീഡ് ഓയില്‍, നട്ട് ബട്ടര്‍ എന്നിവയൊക്കെ പ്രമേഹരോഗികള്‍ക്ക് വളരെ ഗുണകരമാണ്.

English Summary : Healthy, balanced diet for diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS