‘നടത്തമുള്ളതു കൊണ്ട് 102 വയസ്സായിട്ടും ചത്തില്ല’; ചിരിച്ചും ചിരിപ്പിച്ചും അന്നമ്മച്ചേടത്തി നടപ്പിന്റെ രഹസ്യം പറയുന്നു

annamma
SHARE

അന്നമ്മച്ചേടത്തിക്ക് പ്രായം 102. ദിവസവും നടക്കുന്നത് 8 കിലോമീറ്റർ. ഇരിങ്ങോൾ നാഗഞ്ചേരിമനയ്ക്കു സമീപമുള്ള വീട്ടിൽ നിന്നു പെരുമ്പാവൂർ ടൗണിലേക്കാണു യാത്ര. വൈകിട്ട് തിരികെയും നടക്കും. ഇരിങ്ങോൾ തെക്കേടത്ത് പൈലിയുടെ ഭാര്യയാണ് അന്നമ്മ. ഭർത്താവും 4 മക്കളിൽ ഒരാളും മരിച്ചു. ഇരിങ്ങോളിലെ ചെറിയ വീട്ടിലാണു താമസം. പാചകവും സ്വന്തം. എന്തിനാണീ നടത്തമെന്നു ചോദിച്ചാൽ തനിനാടൻ ശൈലിയിൽ ചേടത്തി പറയും, ‘നടക്കാനാണ് ഡാക്കിട്ടർ പറഞ്ഞിരിക്കുന്നത്. സുഗറും പ്ലസറുമൊക്കെയുണ്ട്. വീട്ടിൽ ഒറ്റയ്ക്കിരുന്നാൽ      ഉള്ളിൽ പല ചിന്തകൾ കൂടും. ഇവിടേക്കു വന്നാൽ നാല് മനുഷ്യരെ കാണാലോ മോനെ. നടത്തമുള്ളതു കൊണ്ട് 102 വയസ്സായിട്ടും ചത്തില്ല’. പിന്നെ ഉച്ചത്തിൽ ഒരു ചിരിയാണ്. ചട്ടയും മുണ്ടും ധരിച്ചു കയ്യിൽ കുടയും വടിയും പ്ലാസ്റ്റിക് സഞ്ചിയും. ഇതാണ് അന്നമ്മച്ചേടത്തി. ഇരിങ്ങോളിലെ വീട്ടിൽ നിന്ന് ഏകദേശം 4 കിലോമീറ്ററാണ് പെരുമ്പാവൂർ ആശുപത്രിപ്പടി വരെ. താലൂക്ക് ആശുപത്രിപ്പടിയാണ് അന്നമ്മച്ചേടത്തിയുടെ സ്റ്റോപ്പ്. 

ഇവിടെ വന്നു ചായ കുടിക്കും. ഓട്ടോറിക്ഷക്കാരോടും കയറ്റിറക്കു തൊഴിലാളികളോടുമൊക്കെ കുശലം പറഞ്ഞും പഴങ്കഥകൾ പറഞ്ഞും തമാശപൊട്ടിച്ചും പരിസരത്തൊക്കെ ചുറ്റിത്തിരിയും. വെയിൽ ചാഞ്ഞു തുടങ്ങിയാൽ നടന്നു മടങ്ങും. ഒപ്പം താമസിക്കാൻ ചെറുമക്കൾ വിളിക്കാറുണ്ട്. പതിവു രീതികളും പഴയ വീടും വിട്ട് എങ്ങോട്ടുമില്ല. വീട്ടിലേക്കുള്ള തിരിച്ചു നടത്തത്തിനിടയിൽ കണ്ടപ്പോൾ അന്നമ്മച്ചേടത്തി പറഞ്ഞു, ‘വീടൊന്നു നന്നാക്കി കിട്ടിയാൽ നന്നായിരുന്നു. ചോരാതെ കിടാക്കാലോ’.

English Summry : 102 age old Annamma's health secrets

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA