ഡോ. സച്ചിൻ ടെണ്ടുൽക്കർ, അഡ്വ. എ.ആർ റഹ്മാൻ!

HIGHLIGHTS
  • അടിസ്ഥാന അതിജീവന കഴിവുകൾ നേടുന്നതിൽ നമ്മുടെ കുട്ടികൾ പലപ്പോഴും പരാജയപ്പെടുന്നു.
  • ജീവിതത്തിന്റെ ആദ്യ പത്ത് വർഷങ്ങളിൽ മസ്തിഷ്കം അതിവേഗം വികസിക്കുന്നു
sachin-tendulkar-and-ar-rahman-colash-image
എ.ആർ റഹ്മാൻ, സച്ചിൻ ടെൻണ്ടുക്കർ
SHARE

നിങ്ങൾ സ്ഫടികം ‘ചാക്കോമാഷ്’ ആണോ? (കടുവ, കടുവ). മാതാപിതാക്കളേ, നിങ്ങളോടാണ് ചോദ്യം. നിങ്ങൾ സ്ഫടികം  സിനിമയിലെ  ചാക്കോമാഷ് ആണോ?  ഭൂഗോളത്തിന്റെ സ്പന്ദനം നിങ്ങൾ വാശിപിടിക്കുന്നിടത്താണോ? അതിലൂടെ മക്കൾ സഞ്ചരിക്കണമെന്ന വാശിയുണ്ടോ?എങ്കിൽ  നിങ്ങൾ  ആ കുഞ്ഞുമനസ്സുകളിൽ ആടുതോമയെ കുത്തിനിറയ്ക്കുകയാണ്.

സിനിമാക്കാര്യം ആണു പറയുന്നതെങ്കിലും  സംഗതി ആനക്കാര്യമാണ്.

‘എന്റെ കുട്ടിക്ക് ഒരു കഴിവില്ല...പഠിക്കാൻ ഭയങ്കര ഉഴപ്പാണ്...ഇവൻ രക്ഷപ്പെടുമോ എന്ന് എനിക്കുറപ്പുമില്ല..’ പലപ്പോഴും ഞാൻ കേട്ടിട്ടുള്ള മാതാപിതാക്കളുടെ നിരാശയുള്ള വാക്കുകളാണിത്. കുട്ടിയുടെ മുൻപിൽ വെച്ച് ഇൗ വാക്കുകൾ പറയുമ്പോൾ ആ കുഞ്ഞുമനസിന്റെ വേദന അവരുടെ കണ്ണുകളിൽ വായിച്ചെടുക്കാറുണ്ട്. അത് നിങ്ങളുടെ തോന്നലാണ്...ഇയാള് മിടുക്കനാണ് എന്ന മറുപടി നൽകിയാണ് മാതാപിതാക്കളുടെ സന്ദേഹത്തിന്റെ മുനയൊടിക്കാറ്. പഠനത്തിൽ മികവ് പുലർത്തില്ലെന്നു കരുതി കുട്ടിയെ മോശക്കാരനായി മുദ്രകുത്തുന്ന മാതാപിതാക്കൾ ഇനിയെന്നാണ് മാറി ചിന്തിക്കുക? കുട്ടികൾക്കുള്ള കഴിവ് പ്രോത്സാഹിപ്പിക്കുകയല്ലേ മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടത്. സ്വയം സഹായം അല്ലെങ്കിൽ സ്വയം പരിചരണ കഴിവുകൾ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ആവശ്യമായ ദൈനംദിന ജോലികൾ സ്വയം നിർവഹിക്കാൻ കുട്ടികൾ പഠിക്കുന്ന ആദ്യ മാർഗങ്ങളാണിവ. അതിനാൽ എല്ലാ കുട്ടികളെയും അവരവരുടെ കഴിവുകളനുസരിച്ച് വളരാൻ പ്രോത്സാഹിപ്പിക്കണം. 

കോഫ കൂപ്പറിലെ റിമെറ

നൈജീരിയയിലെ കോഫ കൂപ്പർ സ്കൂൾ എന്ന യുഎസ് ആസ്ഥാനമായുള്ള മിഷനറി സ്കൂളിലാണ് എനിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. പഠനത്തോടൊപ്പം സ്കൂൾ ദിനങ്ങളും രസകരമായിരുന്നു. നാലാം ക്ലാസ് വരെ ഗൃഹപാഠം ഉണ്ടായിരുന്നില്ല. എല്ലാ പരീക്ഷകളും അന്നന്ന് മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. കൂടാതെ മാർക്ക് അല്ലെങ്കിൽ റാങ്ക് അടിസ്ഥാനമാക്കിയുള്ള വിവേചനം ഉണ്ടായിരുന്നില്ല. ‌‌‌രാവിലെ എട്ട് മുതൽ ഉച്ച ഒരു ണി വരെയായിരുന്നു സ്കൂൾ സമയം. അതിനാൽ കളിക്കാനും വിശ്രമിക്കാനും എനിക്ക് ധാരാളം സമയം ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് ധാരാളം ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ മുഖങ്ങളായിരുന്നു എനിക്ക് ചുറ്റും. നൈജീരിയൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആദ്യത്തെ മുൻ‌ഗണന അന്നത്തെ ഭക്ഷണം ലഭിക്കുക എന്നതായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസത്തിന് വലിയ മുൻ‌ഗണനന അവിടെ ഉണ്ടായിരുന്നില്ല. 

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം എപ്പോഴും ഞാൻ ഒാർക്കും. എന്റെ ക്ലാസിലെ ഒരു പെൺകുട്ടി ക്ലാസ് സമയത്ത് ഒരു കോണിൽ എംബ്രോയിഡറി ചെയ്യുകയായിരുന്നു. ടീച്ചർ അത് കണ്ട് അവളുടെ അസാധാരണമായ കഴിവിനെ അഭിനന്ദിക്കുകയും എല്ലാവരുടെയും മുന്നിൽ വന്ന് അവളുടെ കഴിവുകൾ പ്രകടിപ്പിക്കാനുളള അവസരം കൊടുക്കുകയും ചെയ്തു. തീർച്ചയായും റിമെറയ്ക്ക് (അവളുടെ പേര് ഞാൻ ഇപ്പോഴും ഓർക്കുന്നു) വളരെ പ്രചോദനവും സന്തോഷവും അനുഭവപ്പെട്ടിരിക്കാം നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ! അധ്യാപകൻ സഹപാഠികളുടെ മുൻപിൽ വച്ച് അവളെ ശകാരിക്കുകയും ക്ലാസ് വിട്ടുപോകാൻ പറയുകയും വിശദീകരണം തേടി മാതാപിതാക്കളെ വിളിക്കുകയും ചെയ്യുമായിരുന്നു. സ്വാഭാവികമായും ഗുരുതരമായ കുറ്റകൃത്യം ചെയ്തത് പോലെ ചിത്രീകരിക്കപ്പെടുകയും അവളിലെ കഴിവ് അതോടെ തീർന്നു പോകുമായിരുന്നു. 

dr-arun-oommen
ഡോ. അരുൺ ഉമ്മൻ

സമ്മർദ്ദ(ന)കാലം

കേരളത്തിലേക്ക് തിരിച്ചുവന്ന് ഏഴാം ക്ലാസിൽ ചേരുമ്പോൾ ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം എനിക്ക് തികച്ചും വ്യത്യസ്തമായിട്ടാണ് തോന്നിയത്. വിദ്യാർത്ഥികൾ വളരെയധികം സമ്മർദ്ദത്തിലായിരുന്നു. അധ്യാപകരും പരീക്ഷകളും എപ്പോഴും ദുസ്വപ്നം പോലെയായിരുന്നു. അധ്യാപക – വിദ്യാർത്ഥി ബന്ധത്തിൽ സൗഹൃദത്തിന് വലിയ സ്ഥാനമില്ലെന്ന് തോന്നി.  പഠനവും സ്കൂളും വലിയൊരു ഭാരമായിട്ടാണ് എനിക് തോന്നിയത്. നൈജീരിയയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും ഞാൻ പലതും പഠിച്ചു. പാഠപുസ്തകങ്ങളിൽ അച്ചടിക്കുന്നത് പഠിക്കുകയോ പരീക്ഷകളിൽ ഉയർന്ന സ്കോർ നേടുകയോ മാത്രമല്ല വിദ്യാഭ്യാസമല്ലെന്ന് അവർ വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ കേരളത്തിൽ പരീക്ഷകളിൽ ഉയർന്ന സ്കോർ നേടുന്നതിലും 4 വയസ് മുതൽ റാങ്ക് ജേതാക്കളാകുവാനുള്ള സമ്മർദ്ദത്തിലുമായിട്ടാണ് തോന്നിയത്. പഠനത്തിൽ മികവ് ഏറെ പ്രാധാന്യമുളളതാണെങ്കിലും അടിസ്ഥാന അതിജീവന കഴിവുകൾ നേടുന്നതിൽ നമ്മുടെ കുട്ടികൾ പലപ്പോഴും പരാജയപ്പെടുന്നു. 

memory1
Representative Image. Photo Credit : Jatinder Arora / Shutterstock.com

മാർക്കിടേണ്ടത് നമ്മളല്ല

ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളുണ്ടെന്ന് മാതാപിതാക്കളും സമൂഹവും മനസിലാക്കുകയയാണ് ആദ്യ.ം വേണ്ടത്. പരീക്ഷകളിൽ ഉയർന്ന സ്കോർ നേടുന്ന കുട്ടി ജീവിതത്തിൽ വിജയിക്കണമെന്നില്ല. പരീക്ഷകളിൽ ശരാശരി മാർക്ക്  നേടിയ നിരവധി കുട്ടികൾ ജീവിതത്തിൽ വലിയ ഉയരത്തിൽ എത്തിയ മാതൃകകളുമുണ്ട്. കുട്ടിയുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയുമാണ് മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്. ഉയർന്ന് മാർക്ക് നേടാൻ വേണ്ടിയാണ് മാതാപിതാക്കളും അധ്യാകപരും നിരന്തരം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്. പാഠപുസ്തകങ്ങൾ കാണാപാഠം പഠിപ്പിച്ച് ഉയർന്ന മാർക്ക് വാങ്ങിയാൽ മിടുക്കരായിയെന്ന മുൻവിധിയാണ് എല്ലാവർക്കുമുള്ളത്. പഠനത്തിൽ അൽപം പിന്നാക്കമായ വിദ്യാർഥികൾ പാഠ്യതേര വിഷയങ്ങളിൽ മികവു കാണിച്ചാലും വേണ്ട രീതിയിൽ അംഗീകരിക്കുകയുമില്ല. മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരാത്ത കാലത്തോളം മിടുക്കരായ വിദ്യാർഥികവുടെ കഴിവുകൾ ആരും തിരിച്ചറിയാതെ പോകും. 

ആദ്യ പത്ത് ആപത്തിലാക്കല്ലേ!

ജീവിതത്തിന്റെ ആദ്യ പത്ത് വർഷങ്ങളിൽ മസ്തിഷ്കം അതിവേഗം വികസിക്കുന്നു. പ്രത്യേക കഴിവുകൾ വികസിപ്പിക്കുന്നതിനും ലോകത്തെ പര്യവേക്ഷണം ചെയ്യുന്നതിനും ജീവിതത്തിന്റെ വിവിധ വശങ്ങൾ മനസിലാക്കുന്നതിനും ഈ കാലയളവ് വിനയോഗിക്കണം. ഇൗ കാലയളവിൽ അക്കാദമിക് പ്രകടനം കൂടാതെ ജീവിതത്തിൽ മികച്ച വിജയം നേടാൻ കുട്ടികൾ പഠിക്കേണ്ട നിരവധി കാര്യങ്ങളുണ്ടെന്ന് മാതാപിതാക്കളും അധ്യാപകരും മനസിലാക്കിയാൽ കുട്ടി ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാകും. സമൂഹത്തിൽ എങ്ങനെ പെരുമാറണം, സഹജീവികളോടുള്ള സ്നേഹവും കരുതലും, സ്ഥിരോത്സാഹം, ഇച്ഛാശക്തി, സഹിഷ്ണുത, പ്രതിസന്ധി ഘട്ടങ്ങളെയും കഠിനമായ ജീവിത സാഹചര്യങ്ങളെയും മറികടക്കാനുള്ള കഴിവ്, നിസ്വാർത്ഥത എല്ലാറ്റിനും ഉപരി ജീവിതത്തിൽ ലഭിക്കുന്ന എല്ലാറ്റിനും സംതൃപ്തിയോടെ ജീവിക്കുകയെന്നതും. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പലപ്പോഴും വളരെ സമയമെടുക്കുമെന്ന് ബോധ്യപ്പെടുത്തുകയും  കഠിനാധ്വാനത്തിന്റെ മൂല്യത്തെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും മനസ്സിലാക്കി കൊടുക്കുകയും വേണം.

memory-c
Representative Image. Photo Credit : StockImageFactory.com / Shutterstock.com

തളർത്തരുത് മികവിനെ

ജീവിതത്തിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ നിരുപാധിക പിന്തുണ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് ഇൗ കോവിഡ് കാലത്ത് കുട്ടികൾക്ക് ഏകാന്തത അനുഭവപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ സാന്നിധ്യവും പിന്തുണയും ലഭിക്കുന്ന കുട്ടികൾക്ക്  മാനസിക സമ്മർദ്ദം കുറവാണ്. മാതാപിതാക്കളും അധ്യാപകരും നൽകുന്ന സ്നേഹവും പരിഗണനയും കുട്ടികളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വലുതാണ്. നിങ്ങൾ അവർക്കു വേണ്ടി എന്ത് ചെയ്യുന്നു എന്നതിനേക്കാൾ നിങ്ങൾ അവരെ എന്ത് ചെയ്യാൻ പഠിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവരുടെ മുന്നോട്ടുള്ള ജീവിതവും..ഇത് പ്രധാനമാണ്.  ദീർഘകാലാടിസ്ഥാനത്തിൽ, ഇത് പഠിക്കാനുള്ള അവരുടെ കഴിവിനെ സഹായിക്കുന്നു. ഇങ്ങനെ വളരുന്ന കുട്ടികൾക്ക് മാനസിക സമ്മർദ്ദം കുറവാണ്.

ആ രക്ഷിതാവ് നിങ്ങളാകട്ടെ!

റിക്ക് വാറ്റെന്റെ വാക്കുകൾ എപ്പോഴും ഒാർക്കുക ‘തന്നിൽ വിശ്വസിക്കുന്ന ഓരോ കൊച്ചു കുട്ടിയുടെപിന്നിലും അവനിൽ അവന്ടെ കഴിവുകളിൽ ആദ്യം വിശ്വസിച്ച ഒരു രക്ഷിതാവ് ഉണ്ട് എന്ന് ഓർക്കുക...’ ഓരോ കുട്ടിയും ഓരോ വ്യത്യസ്ത തരം പൂക്കളാണ്. അവരൊരുമിച്ചു കൂടിയാൽ ഈ ലോകത്തെ മനോഹരമായ ഒരു പൂന്തോട്ടമാക്കി മാറ്റാൻ സാധിക്കുന്നു. നിങ്ങളുടെ കുട്ടി മറ്റുള്ള കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. അത് തന്നെയാണ് അവരെ ഏറ്റവും മനോഹരവും മികച്ചതും ആക്കുന്നതും. അക്കാദമിക് മിടുക്കരായ കുട്ടികൾ തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാൽ അക്കാദമിക് പ്രകടനം എല്ലായ്‌പ്പോഴും വിജയത്തിന് ഉറപ്പുനൽകുന്നില്ല.  

ഒന്ന് ആലോചിച്ചു നോക്കൂ എ.ആർ റഹ്മാൻ, സച്ചിൻ ടെൻണ്ടുക്കർ തുടങ്ങിയ പ്രതിഭകൾ അഭിഭാഷകനെയോ ഡോക്ടറെയോ പോലുള്ള മറ്റേതെങ്കിലും ജോലി ഏറ്റെടുക്കേണ്ടി വന്നങ്കെിലോ?

(കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് ന്യൂറോസർജനാണ് ലേഖകൻ)

Content Summary : What every child needs for good mental health

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA