ADVERTISEMENT

വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് ലഹരിക്കേസിൽ കുടുക്കിയ ശോഭ, പ്രണയം ഒഴിവാക്കിയതിനു പകരമായി ജീവൻ കൊടുക്കേണ്ടി വന്ന മാനസ– കേരളത്തിൽ ഇപ്പോൾ ഇത്തരം വാർത്തകൾ പതിവായിരിക്കുന്നു. സമ്പൂർണ സാക്ഷരതയുണ്ടെന്നും വിദ്യാഭ്യാസത്തിൽ മുന്നിലാണെന്നും അഭിമാനിക്കുന്ന നമ്മുടെ നാട്ടിലാണ് ‘പ്രണയപരാജയ’ത്തിന്റെ പേരിൽ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. സമൂഹത്തിൽ വേരുറപ്പിച്ചിട്ടുള്ള പുരുഷകേന്ദ്രീകൃത മനോഭാവം തന്നെയാണ് ഇതിനു കാരണം.

കൊല്ലുന്ന സ്നേഹം എങ്ങനെ ശരിക്കുള്ള സ്നേഹമാകും

വിഷമയമായ ബന്ധങ്ങളെ (ടോക്സിക്) തിരിച്ചറിയുകയെന്നതു വളരെ പ്രധാനമാണ്. എനിക്കു കിട്ടുന്നില്ലെങ്കിൽ വേറെ ആർക്കും കിട്ടരുത് എന്ന വിനാശകരമായ ചിന്താഗതി വളരുന്നത്, ആഗ്രഹിക്കുന്നതെല്ലാം കിട്ടേണ്ടയാളാണു പുരുഷൻ എന്ന സങ്കൽപത്തിൽ നിന്നാണ്. അത്തരം വിശ്വാസങ്ങളിലും മനോഭാവങ്ങളുമാണു സമൂഹം പ്രോത്സാഹിപ്പിക്കുന്നത് എന്നതു കൊണ്ടു തന്നെയാണ് ആൺകുട്ടികളും പുരുഷന്മാരും കൊടിയ ക്രൂരതകളിലേക്കു തിരിയുന്നത്. ആണും പെണ്ണും തുല്യരാണെന്നും ഒരാളുടെ മാത്രം ആഗ്രഹങ്ങളോ താൽപര്യങ്ങളോ അല്ല നടക്കേണ്ടതെന്നുമുള്ള ബോധ്യം കുടുംബങ്ങളിലും അതുവഴി സമൂഹത്തിലും വളരേണ്ടതുണ്ട്.

തന്റെ സ്വഭാവത്തെയോ രീതികളെയോ കുറിച്ചു സംശയങ്ങളില്ലാത്ത ഒരു പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുക, അതിനു ശേഷം പതിയെ കാര്യങ്ങൾ ആൺമേൽക്കോയ്മയുടെ പതിവു രീതികളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം പുരുഷന്മാരുടെ ശൈലി. വയലന്റ് ആയി പ്രതികരിക്കുന്നത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും ആണുങ്ങളായാൽ ഇങ്ങനെയാണെന്നും ‘സ്നേഹം കിട്ടാതെ’ വരുമ്പോൾ ഇങ്ങനെയെല്ലാം ചെയ്യുമെന്നും പെൺകുട്ടിയെ ഉൾപ്പെടെ ധരിപ്പിക്കുന്നിടത്താണ് ഇവരുടെ വിജയം. ഇതെല്ലാം തന്റെ അവകാശമാണ് എന്ന ചിന്തയും ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന ന്യായീകരണവും അവനിൽ വളരുന്നത് ചുറ്റുപാടുകളിൽ നിന്നാണ്. അങ്ങനെ വരുമ്പോൾ ആൺകുട്ടിയെ വളർത്തുന്നവരുൾപ്പെടെ സമൂഹത്തിലെ ഓരോരുത്തർക്കും ഈ തെറ്റിൽ പങ്കാളിത്തവുമുണ്ട്. 

പ്രണയം എന്നത് രണ്ടു വശത്തുനിന്നുമുള്ള (ടു വേ) വികാരമാകണം. പ്രണയമോ വിവാഹാഭ്യർഥനയോ നിരസിക്കപ്പെട്ടാൽ അത് ഉൾക്കൊള്ളാൻ ചില പുരുഷന്മാർക്കു കഴിയുന്നില്ല. നോ എന്നു പറഞ്ഞാൽ മനസ്സിലാകാത്ത അവർ യെസ് എന്ന ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെ മുന്നോട്ടു പോകുന്നു. അത് മറുവശത്തുള്ള പെൺകുട്ടിയുടെ കുറ്റമല്ലല്ലോ. അവൾ അനുകൂലമായി പ്രതികരിക്കാതെ വരുമ്പോൾ ഇത്തരം പുരുഷന്മാരുടെ യഥാർഥ സ്വഭാവം പുറത്തു വരുന്നു. 

dr-shalini-nair-mental-health-wellness
ഡോ. ശാലിനി നായർ

പുറത്തറിയാത്ത മാനസിക പ്രശ്നങ്ങളുണ്ടാകാം

വൈകാരിക പക്വതയില്ലാത്ത വ്യക്തികളിലാണ് വിനാശകരമായ ചിന്തകൾ കൂടുതലായി ഉണ്ടാകുന്നത്. കൂടുതൽ പക്വമതികളാണെന്ന് അവർ നടിക്കുമ്പോഴും യഥാർഥത്തിൽ അവർക്ക് ചെറിയൊരു വിമർശനം പോലും താങ്ങാനുള്ള ശേഷിയുണ്ടാകില്ലെന്നതാണു സത്യം. ഇത്തരം പുരുഷന്മാർ തിരിച്ചറിയപ്പെടാത്ത വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരാകും. സാമൂഹിക വിരുദ്ധ സ്വഭാവം, താൻ സകല ഗുണങ്ങളും തികഞ്ഞയാളാണെന്നും എല്ലാ തെറ്റും മറ്റുള്ളവരുടേതാണെന്നും കരുതുന്നതടക്കമുള്ള  ‘നാർസിസിസ്റ്റിക്’ രീതികൾ തുടങ്ങി വ്യക്തിത്വ വൈകല്യങ്ങൾ പലതുണ്ട്. നിരസിക്കപ്പെടുന്നതും വിമർശിക്കപ്പെടുന്നതും ഇവർക്കു ചിന്തിക്കാൻ പോലുമാകില്ല. പകരം എനിക്ക് ഇതിനെല്ലാം അർഹതയുണ്ട്, അവകാശമുണ്ട് എന്ന ‘വൺവേ’ ചിന്തകൾ മാത്രമേ ഇവർക്കുണ്ടാകൂ. ഈഗോയ്ക്കു മുറിവേറ്റാൽ പിന്നെ എന്തും ചെയ്തു കളയുകയും ചെയ്യും.

വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയുടെ കടയിൽ ലഹരി വസ്തുക്കൾ കൊണ്ടു വയ്ക്കുകയും അവളെ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുകയും ചെയ്ത യുവാവിന്റെ മാനസിക നില എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. നോ എന്ന ഉത്തരം അയാൾക്ക് അപമാനമായി തോന്നുകയും ‘എന്നെ പരിഹസിച്ചു, എന്നെ അവഗണിച്ചു, എന്നെ കുറ്റപ്പെടുത്തി’ എന്നിങ്ങനെയുള്ള ചിന്തകളിലൂടെ പ്രതികാരം വളരുകയും ചെയ്തു. ആണുങ്ങളുടെ ഈഗോ സംരക്ഷിക്കേണ്ടതു  സ്ത്രീകളുടെ ചുമതലയാണെന്നു വരെ നമ്മുടെ സമൂഹം ധരിച്ചുവച്ചിരിക്കുന്നു. 

ദുർബലരായ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പൂവാലശല്യം, ഒറ്റയ്ക്കു താമസിക്കുന്ന യുവതികളെ, വിധവകളെ, വിവാഹമോചിതരെ എല്ലാം മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ തുടങ്ങിയവയും സാമൂഹിക മനോഭാവത്തിന്റെ പ്രശ്നമാണ്. ‘ആൺതുണയില്ലാതെ’ ജീവിക്കുന്നതു കുറ്റകൃത്യമാണെന്ന മട്ടിലാണു സമൂഹത്തിന്റെ നോട്ടം.

dating-mobile-app-relationship
Representative Image. Photo Credit : Tero Vesalainen / Shutterstock.com

മിടുക്കികളെ അവർക്ക് ദഹിക്കില്ല

സ്വതന്ത്രമായി ചിന്തിക്കുന്ന, കൃത്യമായ തീരുമാനങ്ങളും നിലപാടുകളുമുള്ള സ്ത്രീകളെ ഉൾക്കൊള്ളാൻ പലപ്പോഴും പുരുഷ ഈഗോയ്ക്കു കഴിയാറില്ല. സ്ത്രീ എന്നാൽ തന്റെ താഴെ നിൽക്കേണ്ട ഒരാളാണെന്നും മൃദുവായി മാത്രം സംസാരിക്കുന്നവരും എന്തു പറഞ്ഞാലും അനുസരിക്കുന്നവരും മാത്രമാണു നല്ല സ്ത്രീകളെന്നും അങ്ങനെയല്ലാത്തവരെ ‘നിലയ്ക്കു നിർത്തേണ്ടത്’ തന്റെ ‘അവകാശ’മാണെന്നും ഇവർ കരുതുന്നു. പ്രണയം പറഞ്ഞാൽ അതു സ്ത്രീകൾ സ്വീകരിച്ചേ മതിയാകൂ എന്ന നിലപാടിന്റെ അടിസ്ഥാനവും ഈ ചിന്ത തന്നെ. താൻ ഇഷ്ടപ്പെടുന്ന സ്ത്രീക്ക് തന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള അവകാശമുണ്ടെന്ന് അവർക്കുമനസ്സിലാകുന്നില്ല. എന്തു ദോഷങ്ങളും കുറവുകളും ഉണ്ടെങ്കിലും അതു സഹിച്ച് തന്നെ ഇഷ്ടപ്പെട്ടേ മതിയാകൂ എന്നതാകും ആവശ്യം. സ്ത്രീകളുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും അവരുടെ ഇഷ്ടങ്ങളും അംഗീകരിക്കാൻ പറ്റാത്ത ഇവർ നോ എന്നു കേൾക്കുമ്പോൾ ഉടൻ വയലന്റ് ആകും. പിന്നീട് പ്രതികാര ബുദ്ധിമാത്രമാകും പ്രവർത്തിക്കുക.

വീട്ടിൽ തുടങ്ങണം

സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമേറിയ ചർച്ചകളും പരിഹാര നടപടികളും ഉണ്ടാകണം. ഓരോ ആൺകുട്ടിയും പെൺകുട്ടിയും മികച്ച മാനസികാരോഗ്യത്തോടെയും വൈകാരിക പക്വതയോടെയും വളർന്നുവരണമെങ്കിൽ മാതാപിതാക്കൾക്ക് ആദ്യം ഇക്കാര്യത്തിൽ ബോധ്യം ഉണ്ടായാലേ പറ്റൂ. സ്ത്രീകളെക്കുറിച്ചുള്ള മനോഭാവം മാറിയില്ലെങ്കിൽ എന്തു വികസനം ഉണ്ടായിട്ടും ഫലമില്ല. ഇത്തരം വാർത്തകൾ ആവർത്തിക്കപ്പെടുകയും ചെയ്യും. 

വ്യക്തിത്വ വൈകല്യങ്ങൾക്കു ശാസ്ത്രീയമായ പരിഹാരം കാണണം. വ്യക്തിത്വ, പെരുമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്ക പദ്ധതികൾ സ്കൂളുകളിൽ ഉൾപ്പെടെ നടപ്പാക്കുകയും വേണം. 

ആണത്തമെന്നാൽ തോന്നുന്നതു പോലെ ജീവിക്കുന്നതോ പെൺകുട്ടികളെ അടിച്ചമർത്തിയും ഭീഷണിപ്പെടുത്തിയും വരുതിയിൽ നിർത്തുന്നതോ അല്ല എന്ന തിരിച്ചറിവ് സ്ത്രീക്കും പുരുഷനും ഒരേ പോലെ ഉണ്ടാകണം. തിരിച്ചറിഞ്ഞേ പറ്റൂ, യഥാർഥ പുരുഷന്മാർ ഇങ്ങനെയല്ല. 

English Summary : How to identify the real love

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com