ADVERTISEMENT

ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ വറുത്ത ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഉഴുന്നുവട, പരിപ്പുവട, സമോസ, ഉള്ളിവട ഇതൊക്കെ നാലുമണിച്ചായയ്‌ക്കൊപ്പം ശീലമാക്കിയവരായിരിക്കും മിക്കവരും. ജിമ്മിൽ  പോകുന്നവരും ഡയറ്റ് ചെയ്യുന്നവരും ഒക്കെ എണ്ണപ്പലഹാരങ്ങൾ ഇടയ്ക്ക് കഴിക്കാറുണ്ട്. 

എണ്ണപ്പലഹാരങ്ങൾ കഴിക്കാം, പക്ഷേ അളവ് ശ്രദ്ധിക്കണമെന്നു മാത്രം. ഇവ വറുക്കാൻ കടുകെണ്ണ, വെളിച്ചെണ്ണ, നിലക്കടലയെണ്ണ ഇവയെല്ലാമായിരിക്കും ഉപയോഗിക്കുന്നത്. 

രുചികരമാണെങ്കിലും ആരോഗ്യത്തിന് ഇവ അത്ര നല്ലതല്ല. ഒരു തവണ വറുത്ത എണ്ണ വീണ്ടും വീണ്ടും വറുക്കാൻ ഉപയോഗിക്കുന്നതാണ് ഇവ അനാരോഗ്യകരമാകാൻ ഒരു പ്രധാന കാരണം. 

എണ്ണ ചൂടായി പുകഞ്ഞു വരുമ്പോൾ അത് ട്രാൻസ്ഫാറ്റുകളായും പോളാർ സംയുക്തങ്ങളായും പാരാ അരോമാറ്റിക് ഹൈഡ്രോ കാർബണുകളായും ഓക്‌സിഡൈസ് ചെയ്യപ്പെടുന്നു. ഈ തന്മാത്രകളെല്ലാം മനുഷ്യ ജീവന് വിനാശകരമാണ്. 

വറുത്ത എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നതിലൂടെ, കൊളസ്‌ട്രോൾ, ബി.പി രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് കുറയുക ഇവ സംഭവിച്ചതായി എലികളിൽ നടത്തിയ വിവിധ പരീക്ഷണങ്ങളിൽ കണ്ടു. 

ചെറുപ്പക്കാരിൽ ഹൃദ്രോഗം വർധിക്കാനുള്ള ഒരു കാരണം പോലും ഹോട്ടലുകളിലെ ഭക്ഷണമാകാമെന്ന് ഫുഡ് കോച്ച് ആയ റയാൻ ഫെർണാണ്ടോ പറയുന്നു. ഒരിക്കൽ ഉപയോഗിച്ച എണ്ണ തന്നെ റീ യൂസ്  ചെയ്യുന്നതാകാം ഇതിനു കാരണം. 

റോഡ് സൈഡിലുള്ള ഭക്ഷണശാലകൾ, മാർക്കറ്റിലുള്ള ഫുഡ് ഔട്ട്ലെറ്റുകൾ, റസ്റ്ററന്റുകൾ ഇവിടെ നിന്നെല്ലാം വറുത്ത ഭക്ഷണം കഴിക്കുന്നവർ ഇന്ത്യയിൽ ഏറെയാണ്. 40 ശതമാനം പേർ ആഴ്ചയിൽ ഒന്നു മുതൽ ആറു  വരെ തവണ വറുത്ത ഭക്ഷണം കഴിക്കുന്നവരാണെന്ന് സർവേ പറയുന്നു. 20 നും 30 നും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരാണ് ഈ ഭക്ഷണം വാങ്ങിക്കഴിക്കുന്നവരിൽ അധികവും. ചെറിയ പ്രായത്തിൽ തന്നെ കൊളസ്‌ട്രോൾ കൂടാൻ ഈ ഭക്ഷണശീലം കാരണമാകും. 

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് കൊളസ്‌ട്രോൾ, രക്തസമ്മർദം ഇവ കൂടാനും ഭാവിയിൽ ഹൃദ്രോഗ സാധ്യത കൂടാനും കാരണമാകും. 

വറുത്ത ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക, എണ്ണ പാഴാക്കാതിരിക്കാൻ കുറച്ചു മാത്രം എണ്ണ വറുക്കാൻ ഉപയോഗിക്കുക. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Content Summary : What happens when you reuse cooking oil? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com