നിദ്രാടനം പാരമ്പര്യമോ? ആർക്ക്, എപ്പോൾ?; ബാല്യത്തിലേ അറിയാം

HIGHLIGHTS
  • നാലിനും എട്ടിനുമിടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് നിദ്രാടനത്തിന് ഏറ്റവും കൂടുതൽ സാധ്യത
  • നിദ്രാടനമുള്ളവർ തട്ടിയും താഴെ വീണും പരുക്കുകൾ സംഭവിക്കാതിരിക്കാൻ കരുതലെടുക്കണം
somnambulism-causes-symptoms-and-treatment-dr-b-padmakumar-night-sleep-walking
Representative Image. Photo Credit : New Africa / Shutterstock.com
SHARE

സമയം അർധരാത്രി. നഗരം ഉറക്കത്തിലാണ്. തെരുവുവീഥികൾ വിജനം. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഫ്ലാറ്റിൽ ആറാം നിലയിലെ ഒരു മുറിയിൽ ലൈറ്റ് തെളിയുന്നു. ഒത്ത ഉയരമുള്ള ഒരു ചെറുപ്പക്കാരൻ ഫ്ലാറ്റിൽ നിന്നു പുറത്തു വരുന്നു. നേരെ കാർ പാർക്കിങ് ഏരിയയിലേക്ക്. കാർ സ്റ്റാർട്ട് ചെയ്ത് അതിവേഗത്തിൽ ഓടിച്ചു കൊണ്ട് നഗരവീഥികൾ ഒന്നൊന്നായി പിന്നിടുകയാണ് അയാൾ. ഡ്രൈവ് ചെയ്യുന്നത് ഒരു മരപ്പാവയെപ്പോലെ തികച്ചും യാന്ത്രികമായി. വഴിവിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന തെരുവിലൂടെ കാർ ചീറിപ്പാഞ്ഞ് പോകുന്നത് ബീച്ചിലേക്കാണ്. വിജനമായ ബീച്ച്. കാറിന്റെ വേഗത കുറയുന്നില്ല. കാർ കുതിച്ചു പായുകയാണ്. തിരമാലകളെ കീറിമുറിച്ചുകൊണ്ട് ആഴിയുടെ അഗാധതയിലേക്ക്.

പണ്ടെങ്ങോ കണ്ടു മറന്ന ഒരു ഇംഗ്ലീഷ്  സിനിമയിലെ ഉദ്വേഗ ജനകമായ രംഗമാണിത്. യുവാവ് ഫ്ലാറ്റിൽ നിന്നു പുറത്തുവരുന്നതും വണ്ടിയോടിക്കുന്നതുമൊക്കെ ഉറക്കത്തിലാണ്. ഉറക്കത്തിൽ എഴുന്നേറ്റു നടന്നവർ ടെറസ്സിൽ നിന്നു വീണ് അപകടം പറ്റിയതിന്റെയും, അർധബോധാവസ്ഥയിൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിന്റെയുമൊക്കെ അവിശ്വസനീയമായ കഥകൾ നാം വായിച്ചിട്ടുണ്ട്. ഉറക്കത്തിൽ  ദീർഘദൂരം കാറോടിച്ച് വിദൂര സ്ഥലങ്ങളിൽ ചെന്നെത്തിയവരെക്കുറിച്ചൊക്കെ കൗതുക കരമായ റിപ്പോർട്ടുകളുമുണ്ട്. സോമ്നാംബുലിസം എന്നു വിളിക്കുന്ന നിദ്രാടനം സുഖസുഷുപ്തിയെ തടസ്സപ്പെടുത്തുന്ന വിചിത്രമായ ഒരു നിദ്രാവൈകല്യമാണ്. 

somnambulism-causes-symptoms-and-treatment-dr-b-padmakumar-sleep-walking
Representative Image. Photo Credit : Africa Studio / Shutterstock.com

ബാല്യത്തിലേ അറിയാം

കുട്ടികളിലും ചെറുപ്പക്കാരിലുമാണ് നിദ്രാടനം കൂടുതലായി കണ്ടു വരുന്നത്. നാലിനും എട്ടിനുമിടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് നിദ്രാടനത്തിന് ഏറ്റവും കൂടുതൽ സാധ്യത. കുട്ടികൾ വല്ലപ്പോഴുമൊരിക്കൽ ഉറക്കത്തിനിടയിൽ എഴുന്നേറ്റിരിക്കുകയോ അൽപ്പനേരം നടക്കുകയോ ഒക്കെ ചെയ്യുന്നത് കാര്യമാക്കാനില്ല. കാരണം 15% കുട്ടികളിലും എപ്പോഴെങ്കിലുമൊക്കെ ചെറിയ തോതിൽ നിദ്രാടനത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായെന്നു വരാം. എന്നാൽ ഒരു ശതമാനത്തോളമാളുകളെ പ്രായപൂർത്തിയായാലും ഈ നിദ്രാവൈകല്യം വിടാതെ പിന്തുടരുന്നു. അപൂർവമായി, മുതിർന്ന ശേഷം നിദ്രാടനത്തിന്റെ  പ്രശ്നങ്ങൾ ആദ്യമായി  പ്രത്യക്ഷപ്പെട്ടെന്നും വരാം. 

നിദ്രാടനം ഉണ്ടാകുന്നത് ഉറക്കത്തിലെ നേത്രദ്രുതചലനരഹിത നിദ്രയുടെ ഘട്ടത്തിലാണ്. ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽത്തന്നെ ഇതു പ്രകടമാകാം. ഗാഢനിദ്ര ആരംഭിക്കുന്ന, നേത്രദ്രുതചലനരഹിതനിദ്രയുടെ മൂന്നാം ഘട്ടത്തിലാണ് നിദ്രാടനം ഏറ്റവും കൂടുതലായി കണ്ടു വരുന്നത്. ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങൾ വ്യക്തമായി പ്രകടമാകുന്നതുകൊണ്ടാണ് കുട്ടികളിൽ നിദ്രാടനം കൂടുതലായി കാണപ്പെടുന്നത്.

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുമ്പോൾ സംഭവിച്ച കാര്യങ്ങളെപ്പറ്റി ഇവർക്കു വലിയ ഓർമയോ വ്യക്തതയോ ഉണ്ടായെന്നു വരില്ല. പലപ്പോഴും തുടർച്ചയായി ഉറക്കമിളയ്ക്കേണ്ട സാഹചര്യങ്ങൾക്കു ശേഷമായിരിക്കും നിദ്രാടനം പ്രകടമാകുന്നത്. ഉറക്കം ലഭിക്കാനായി ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഉപയോഗവും നിദ്രാടനത്തിനു കാരണമാകാറുണ്ട്. രോഗാണു ബാധയെത്തുടര്‍ന്നുണ്ടാകുന്ന പനിയും ചിലരിൽ നിദ്രാടനം ഉണ്ടാക്കാം. ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം (ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ) ഉറക്കത്തിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതുകൊണ്ട്  നിദ്രാടന സാധ്യത വർധിപ്പി ക്കുന്നു. സുഖനിദ്രയെ തടസ്സപ്പെടുത്തുന്ന മൂത്രതടസ്സം പോലെയുള്ള ശാരീരിക പ്രശ്നങ്ങളും ശബ്ദകോലാഹലങ്ങളുമൊക്കെ ഉറക്കക്കുറവിനും നിദ്രാടനത്തിനുമുള്ള മറ്റു ചില കാരണങ്ങളാണ്. 

നിദ്രാടനം പാരമ്പര്യമോ? 

നിദ്രാടനമുണ്ടാകുന്നതിന് വ്യക്തമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. ജനിതക തകരാറുകൾ മൂലവും നിദ്രാടനം ഉണ്ടാകാമെന്ന സൂചനകളുണ്ട്. നിദ്രാടനം ഉള്ളവരിൽ മൂന്നിലൊന്നിനും അടുത്ത ബന്ധുക്കൾക്കാർക്കെങ്കിലും ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന പ്രശ്നം ഏറ്റക്കുറച്ചിലോടെ കണ്ടു വരാറുണ്ട്. അച്ഛനും അമ്മയ്ക്കും നിദ്രാടനം ഉണ്ടെങ്കിൽ കുട്ടികൾക്ക് ഈ പ്രശ്നം ഉണ്ടാകുവാനുള്ള സാധ്യത 60% ആണ്. എന്നാൽ മാതാപിതാക്കളിൽ ഒരാൾക്ക് മാത്രമാണ് തകരാറുള്ളതെങ്കിൽ കുട്ടികൾക്കുണ്ടാകുവാനുള്ള സാധ്യത 60% ആണ്. എന്നാൽ മാതാപിതാക്കളിൽ ഒരാൾക്ക് മാത്രമാണ് തകരാറുള്ളതെങ്കിൽ കുട്ടികൾക്കുണ്ടാകുവാനുള്ള സാധ്യത 45% മായി കുറയും. മാനസിക പിരിമുറുക്കം, മദ്യപാനം, മൈഗ്രേൻ തലവേദന, ഉത്തേജക മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല പ്രശ്നങ്ങളും നിദ്രാടനത്തിനു കാരണമാകാം. അതോടൊപ്പം ദീർഘനാളായുള്ള ഉറക്കക്കുറവും ഈ നിദ്രാ വൈകല്യത്തിനു കാരണമാകാറുണ്ട്. ഉറക്കക്കുറവുള്ളവരിൽ പിന്നീട് നേത്രദ്രുതചലനരഹിത നിദ്രയുടെ സ്വാധീനം വർധിക്കുന്നതാണ് നിദ്രാടനം ഉണ്ടാകുവാൻ കാരണം. 

somnambulism-causes-symptoms-and-treatment-dr-b-padmakumar
Representative Image. Photo Credit : Pixel Shot / Shutterstock.com

നിദ്രാടനത്തിൽ ക്ഷോഭം, അക്രമം

  

നിദ്രാടനം ഉള്ളവർ രാത്രിയിൽ എഴുന്നേറ്റ് നടക്കുക മാത്രമല്ല ചെയ്യുന്നത്. ഊണു മുറിയിൽ പോയി ഫ്രിഡ്ജ് തുറന്നു ഭക്ഷണമെടുത്തു കഴിച്ചെന്നു വരാം. ഇട്ടിരുന്ന വസ്ത്രം മാറി പുതിയവ ധരിച്ചേക്കാം. സ്ഥലകാലബോധം നഷ്ടപ്പെടുന്നതു മൂലം മുറിയില്‍ അറിയാതെ മൂത്രമൊഴിച്ചെന്നും വരാം. രാത്രി യിൽ നടക്കുമ്പോൾ ഫർണിച്ചറിലും മറ്റും തട്ടിവീണു പരുക്കു പറ്റാനും സാധ്യതയുണ്ട്. കതകു തുറന്നു പുറത്തിറങ്ങി ടെറസ്സിൽ നിന്നു വീണു ഗുരുതരമായി പരുക്കു പറ്റിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അർധബോധാവസ്ഥയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് റോഡപകടങ്ങൾക്കും കാരണമായെന്നു വരാം. 

ശരിയായ ബോധത്തോടെയല്ല നിദ്രാടനരോഗികൾ ഓരോ പ്രവൃത്തിയിൽ ഏർപ്പെടുന്നത്. രാത്രിയിൽ എഴുന്നേറ്റു നടക്കുന്നവരോട് എന്തെങ്കിലും ചോദിച്ചാൽ ഉത്തരം അവ്യക്തവും പരസ്പര ബന്ധമില്ലാത്തതുമായിരിക്കും. നിദ്രാടനത്തിനിടയിൽ ആളെ തട്ടി വിളിച്ചുണർത്താൻ ശ്രമിച്ചാൽ പെട്ടെന്ന് ക്ഷോഭി ക്കാനും അക്രമാസക്തനാകാനും സാധ്യതയുണ്ട്. 

വേണ്ടത് ക്ഷമ, സൗമ്യത

നിദ്രാടനമുള്ളവർ തട്ടിയും താഴെ വീണും പരുക്കുകൾ സംഭവിക്കാതിരിക്കാൻ കരുതലെടുക്കണം. തട്ടി വീഴുന്ന തരത്തിൽ കിടപ്പുമുറിയിൽ ഫർണിച്ചറുകളും സാധനസാമഗ്രികളും വാരിവലിച്ചിടരുത്. പൊക്കം കുറഞ്ഞ സ്റ്റൂൾ പോലെയുള്ള ഫർണിച്ചറുകളും ഒഴിവാക്കണം. 

പുറത്തിറങ്ങി പോകുന്നത് തടയാനായി രാത്രികാലങ്ങളില്‍ പുറത്തേക്കുള്ള വാതിലുകൾ അടച്ചിടണം. ഗ്ലാസ് ഡോറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കത്തിൽ നടക്കുന്നവരോട് ക്ഷോഭിക്കാതെ അനുനയത്തോടെ പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്നു തട്ടിയുണർത്തി ദേഷ്യം പിടിപ്പിക്കാതെ സമാധാനപൂർവ്വം കിടക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി കിടത്താൻ ശ്രമിക്കുകയാണു വേണ്ടത്. ക്ഷമയോടെയുള്ള സൗമ്യസമീപനമാണ് ഇവർക്കാവശ്യം. 

ബെൻസോ‍ഡയസിപൈൻ വിഭാഗത്തിൽപ്പെട്ട ഉറക്കമരുന്നുകളും വിഷാദചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളും നിദ്രാടനത്തിന്റെ പ്രശ്നമുള്ളവർക്ക് ഒരു പരിധി വരെ ഗുണം ചെയ്തേക്കാം. അതോടൊപ്പം വിശ്രാന്തിയുടെ മാര്‍ഗങ്ങളായ യോഗ, ധ്യാനം തുടങ്ങിയവയും പ്രയോജനപ്രദമാണ്. 

Content Summary : Somnambulism - Causes, Symptoms & Treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA