ADVERTISEMENT

എല്ലാവരും ഫോണിലേക്കു നോക്കി കുനിഞ്ഞു കൂടിയിരിക്കുന്ന കാലമാണിത്. ഈ തെറ്റായ ഉപയോഗ രീതിമൂലം കഴുത്തുവേദന തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. സ്മാർട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ പുതിയൊരു ആരോഗ്യപ്രശ്നം കൂടി വ്യാപകമായിത്തുടങ്ങി. സ്മാർട്ഫോണിലെ തുടർച്ചയായ ടൈപ്പിങ് മൂലമുള്ള ‘സ്മാർട് ഫോൺ എൽബോ’ എന്ന കൈമുട്ട് വേദന. കൈമുട്ടിനുണ്ടാകുന്ന പേശീവേദനയെ ടെന്നീസ് എൽബോ എന്നാണല്ലോ പറയുന്നത്.ടച്ച് തമ്പ് എന്നൊരു പേരും പ്രചാരത്തിലായി വരുന്നു. 

ഇത്തരം വേദനകൾ തടയാനുള്ള പ്രധാനമാർഗം സ്മാർട്ഫോണ്‍ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയാണ്. ഏതൊരു ഉപകരണത്തിനും സുരക്ഷിത മായതും ആയാസരഹിതമായതും ആയ ഉപയോഗരീതി (എർഗണോമിക്സ്) ഉണ്ട്. അതു ശീലിച്ചാൽ പ്രശ്നമില്ല. 

നിങ്ങളുടെ കയ്യിലെ സ്മാർട്ഫോണിന്റെ തൂക്കം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 130 ഗ്രാമിനും 200 ഗ്രാമിനുമിടയിലാണ് മിക്കവയുടെയും തൂക്കം. കവർ കൂടിയാകുമ്പോൾ കാൽ കിലോ.യു ട്യൂബ് കാണുന്നതിന്റെയോ ചാറ്റ് ചെയ്യുന്നതിന്റെയോ രസത്തിൽ ഈ കനം അറിയുന്നില്ലന്നേഉളളൂ. പക്ഷേ മടുപ്പില്ലെന്നു കരുതി പരിക്കുണ്ടാക്കാത്ത ശാസ്ത്രീയമായ ഉപയോഗരീതികൾ ശീലിക്കണം. 

പല പഠനങ്ങളും കാണിക്കുന്നത് ഒരുപാട് ഭാരം കുറഞ്ഞ മോഡലുകളാണ് നല്ലതെന്നാണ്. 130 മുതൽ 160 ഗ്രാം വരെയുള്ള ഫോണുകളാണ് ഉത്തമം. 130 ൽ താഴെ ഭാരമുള്ളവ കയ്യിൽ പിടിച്ചു ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്. 

ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവർക്ക് കയ്യുടെയും വിരലുകളുടെയും ആയാസം കുറയ്ക്കാൻ ഈ വ്യായാമങ്ങൾ ശീലിക്കാം

wrist-pain-relief-excercise-mobile-phone
Representative Image Photo Credit: Obak / Shutterstock.com

1. സ്പോഞ്ച് ബോൾ – ഒരു സ്മൈലി ബോൾ കയ്യിൽ പിടിച്ചു ഞെരിക്കുക. 

2. തള്ളവിരൽ മുമ്പോട്ടും പിറകോട്ടും സ്ട്രെച്ച് ചെയ്യുക. 

3. ഹാൻഡ് ആൻഡ് ഫോർ ആം സ്ട്രെച്ച്– കൈവിരലുകൾ നിവർത്തി കൈപ്പത്തി മുന്നോട്ടും പിന്നോട്ടും സ്ട്രെച്ച് ചെയ്യുക. രണ്ടു കൈകളും കൊരുത്തു പിടിച്ചും സ്ട്രെച്ച് ചെയ്യാം. 

4. റിസ്റ്റ് ബോട്ടിൽ വ്യായാമം– ഒരു പെറ്റ് ബോട്ടിലിൽ വെള്ളം നിറച്ചു പിടിച്ച് കൈക്കുഴ കറക്കാം. മേൽപ്പോട്ടും താഴോട്ടും വശങ്ങളിലേക്കും ചലിപ്പിക്കാം. കൈമുട്ട് മേശപ്പുറത്തു മറ്റോ താങ്ങി വേണം ചെയ്യാൻ. 

5. ഒരു റബർ ബാൻഡ് വിരലുകൾക്കു ചുറ്റുമിട്ട് വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക. 

മൊബൈൽ ഉപയോഗം ശാസ്ത്രീയമായി

∙ നിൽപ്പിലും ഇരുപ്പിലും കിടപ്പിലും  ഫോൺ ഉപയോഗിക്കുന്ന രീതി ആയാസം കുറഞ്ഞതാകണം. 

∙ഫോൺ പിടിച്ചിരിക്കുന്ന കൈമുട്ട് എവിടെയെങ്കിലും താങ്ങി വച്ച് മാത്രം ഉപയോഗിക്കുക. 

∙ഇരിക്കുമ്പോൾ കസേരക്കയ്യിലോ മേശപ്പുറത്തോ താങ്ങി വയ്ക്കാം. 

∙കിടക്കുമ്പോൾ നെഞ്ചിൽ ഒരു തലയിണ വച്ച് മുട്ട് അതിലൂന്നി ഉപയോഗിക്കാം. 

∙നിൽക്കുമ്പോൾ മറു കൈമുട്ട് 90 ഡിഗ്രി മടക്കി വയറിനു മുകളിലായി വച്ച് മുഷ്ടി ചുരുട്ടുക. ആ കൈത്തണ്ടയിൽ ഫോൺ പിടിച്ചിരിക്കുന്ന കൈമുട്ട് താങ്ങി കഴുത്തു കുനിയാത്ത വിധം ഉപയോഗിക്കാം. 

∙കൂനിയിരിക്കുമ്പോൾ കാൽ മുട്ടുകളിൽ ഫോൺ പിടിച്ചിരിക്കുന്ന കൈ താങ്ങി കഴുത്തു വളയാതെ ഇരിക്കാം. 

∙വിഡിയോ കാണുമ്പോൾ ഫോൺ എവിടെയെങ്കിലും ഉറപ്പിച്ചു വച്ച് കാണുക. 

∙ചെറിയ ഫോണിൽ ടൈപ്പിങ് ബുദ്ധിമുട്ടാണെങ്കിൽ ലാൻഡ്സ്കേപ്പ് മോഡ് ഉപയോഗിക്കാം. 

∙കണ്ണിന് ആയാസം കൂടിയാൽ കഴുത്തിനും കൂടുമെന്നതിനാൽ സ്ക്രീനിന്റെ തെളിച്ചം വെളിച്ചത്തിനനുസരിച്ച് ക്രമീകരിക്കുക. 

സുമേഷ് കുമാർ എം.എസ്, സീനിയർ ഫിസിയോതെറപ്പിസ്റ്റ്,, തൊടുപുഴ

Content Summary : Effects of Smartphones on our fingers, hands and elbows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com