ADVERTISEMENT

ഭാഗം-1

കോവിഡ് എന്ന മഹാമാരി വരുന്നതിനൊക്കെ വർഷങ്ങൾക്കു മുമ്പ് പതിവുപോലെ ഒരു തിങ്കളാഴ്ച ദിവസം. വാർഡിൽ റൗണ്ട്സ് കഴിഞ്ഞ് ഒപി യിലേക്ക് വന്നപ്പോൾ മണി പത്തര കഴിഞ്ഞിരുന്നു. തേനീച്ചക്കൂട്ടങ്ങളെ പോലെ വാതിൽ പൊതിഞ്ഞു നിന്ന രോഗികളെ വകഞ്ഞുമാറ്റി അകത്തു കടക്കാനുള്ള ശ്രമത്തിൽ ഒരു അപ്പൂപ്പൻ മാർഗതടസ്സം സൃഷ്ടിച്ച് അകത്തോട്ടുമില്ല പുറത്തോട്ടുമില്ല എന്നു നിന്നപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ഞാനൊന്നകത്തു കേറിക്കോട്ടെ എന്ന്. അപ്പോൾ അദ്ദേഹം ഉച്ചത്തിൽ, താൻ അങ്ങോട്ട് പുറത്തിറങ്ങൂ ആദ്യം എന്നിട്ട് തനിക്കു അകത്തേക്ക് കേറാം. ബഹളം കേട്ട് ഒപി ടിക്കറ്റ് റജിസ്റ്റർ കൗണ്ടറിലെ ചേച്ചി ഓടിവന്ന് രോഗികളോടു പറഞ്ഞു: ‘നിങ്ങൾ ഡോക്ടറെ അകത്തേക്കു വിട്ടാലേ സാറിന് ഒപി നോക്കി രണ്ടുമണിയോടെങ്കിലും തീർക്കാൻ പറ്റൂ.’

മേശപ്പുറത്ത് സർക്കാർ ഫയലുകളെ അനുസ്മരിപ്പിച്ചുകൊണ്ട് പുതിയതും പഴയതുമായ ഒട്ടേറെ ഒപി ചീട്ടുകൾ അടുക്കിവച്ചിട്ടുണ്ട്. പണ്ട് ഗവ. താലൂക്ക് ആശുപത്രിയിൽ ആയിരത്തോളം രോഗികളെ നോക്കി പരിചയമുള്ള എനിക്ക് ഇതൊക്കെ എന്ത് എന്നുള്ള പുച്ഛഭാവത്തിൽ ഒപി ആരംഭിച്ചു. പതിനൊന്നര ആയതോടുകൂടി ചായ കുടിക്കാനുള്ള തയാറെടുപ്പിൽ എഴുന്നേൽക്കാൻ ഭാവിക്കുമ്പോള്‍ ഒരാൾ ഓടി അടുത്തേക്ക് വന്നു:  സർ, എന്നെ ഒന്ന് നോക്കി വിടണം. എനിക്ക് ഇതുകഴിഞ്ഞ് പണിക്ക് പോകാനുള്ളതാണ്.

നോക്കിയപ്പോൾ വർഷങ്ങൾക്കു മുൻപ് കണ്ണു മാറ്റല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയാണെന്ന് മനസ്സിലായി. എങ്കിൽ പിന്നെ താങ്കൾ കാഴ്ച പരിശോധിച്ചിട്ട് വരുമ്പോൾ ഞാനും ചായകുടിച്ച് എത്താം എന്ന് പറഞ്ഞു പോയി.

ചൂടു ചായ കുടിക്കുന്നതിനിടയിൽ അയാളുടെ മുഖം എനിക്ക് നല്ല പരിചയം ഉള്ള പോലെ തോന്നി. പക്ഷേ ഒരോർമയും കിട്ടുന്നില്ല. ചായകുടിച്ച് തിരിച്ചു വന്നപ്പോൾ അതാ അയാള്‍ എന്നെയും കാത്ത് അക്ഷമനായി നിൽക്കുന്നു. അദ്ദേഹത്തെ അകത്തേക്കു വിളിച്ചു ചോദിച്ചു: ‘എന്താണ് പ്രശ്നം?’

‘ഒന്നുമില്ല. ഡോക്ടർ ! ഇടത്തെ കണ്ണിനു വല്ലാത്ത ചൊറിച്ചില്‍. ആ കണ്ണ് വർഷങ്ങൾക്കു മുമ്പ് മാറ്റിവച്ചതുമാണ്.’ 

ഒരു ലോഹ്യത്തിന് ചോദിച്ചു, ഏത് ഡോക്ടർ ആണ് ഓപ്പറേഷൻ ചെയ്തതെന്ന് ? 

‘അതൊന്നും എനിക്ക് ഓർമയില്ല, വർഷങ്ങളായില്ലേ ഡോക്ടർ.’

പഴയ ഡിസ്ചാർജ് കാർഡുകൾ വല്ലതുമുണ്ടോ എന്ന് തിരക്കി. അയാൾ കയ്യിലുള്ള പ്ലാസ്റ്റിക് ബാഗിൽനിന്നു നാലു കഷണങ്ങളായ ഡിസ്ചാർജ് കാർഡ് എടുത്ത് നീട്ടി. എല്ലാ കഷ്ണങ്ങളും ചേർത്തുവച്ച് നോക്കിയപ്പോൾ അത് മറ്റാരുമല്ല ഞാൻ തന്നെയാണ് ഓപ്പറേഷൻ ചെയ്തതെന്ന് മനസ്സിലായി. തെല്ലു വിഷമം ഉണ്ടായെങ്കിലും അത് പുറത്തുകാണിക്കാതെ കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാനായി സ്ലിറ്റ്ലാംപ് എക്സാമിനേഷന് അയാളെ ക്ഷണിച്ചു.

കാഴ്ച പൊതുവേ കുഴപ്പമില്ല. 6/36 വായിക്കാന്‍ പറ്റുന്നുണ്ട്. സ്ലിറ്റ് ലാംപിൽ നോക്കുമ്പോൾ കോർണിയൽ ഗ്രാഫ്റ്റ് തന്റെ പുതിയ ചങ്ങാതിയുടെ കണ്ണിൽ യാതൊരു കേടുപാടും കൂടാതെ ഇഴുകി ചേർന്ന് ഇരിപ്പുണ്ട്. എന്നെ കണ്ടപാടെ സന്തോഷത്താൽ നന്ദി അറിയിക്കാനെന്നോണം കൺപോളകൾ അടച്ചു തുറന്നും  കൃഷ്ണമണി ചുരുക്കിയും വികസിപ്പിച്ചും എന്നോടുള്ള സ്നേഹാദരം പുതിയ ആ കൂട്ടുകെട്ട് പങ്കുവച്ചു. ഈ കണ്ണുകൾ എന്നെ തിരിച്ചറിഞ്ഞിട്ടും ഈ മനുഷ്യൻ എന്തുകൊണ്ട് എന്നെ തിരിച്ചറിഞ്ഞില്ല ?

 ഒരുപക്ഷേ എന്റെ കുഴപ്പം കൊണ്ടായിരിക്കാം. കുട്ടിക്കാലത്ത് വരട്ടുചൊറി ചികിത്സിച്ച ഡോക്ടറുടെ പേര് പോലും എനിക്ക് മനഃപാഠമാണ്. ഒരുപക്ഷേ ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രയോറിറ്റീസ് വേറേ എന്തൊക്കെയോ ആണെന്ന് തോന്നി സമാധാനിച്ചു. ചുമ്മാ ഒരു ആകാംക്ഷയ്ക്ക് വേണ്ടി ചോദിച്ചു: ‘എന്തുകൊണ്ടാണ് താങ്കൾ കാഴ്ച തിരിച്ചു തന്ന ഡോക്ടറെ ഓർക്കാത്തത്?’ 

‘അതൊക്കെ ഡോക്ടർമാരുടെ ഡ്യൂട്ടി അല്ലേ...’ പിന്നെ ഒന്നും ചോദിച്ചില്ല. അടുത്ത ചോദ്യം എന്തായിരിക്കുമെന്ന് ഊഹിച്ചു.

‘നിങ്ങളെയൊക്കെ ഡോക്ടർമാർ ആക്കുന്നത് ഞങ്ങളുടെയൊക്കെ നികുതിപ്പണം കൊണ്ടാണെന്ന് ഡോക്ടർക്ക് അറിയാമോ?’ പിന്നെയൊന്നും ചോദിക്കാതെ കണ്ണുകടിക്കുള്ള മരുന്ന് കുറിച്ചു കൊടുത്തു രോഗിയെ പറഞ്ഞയച്ചു. 

ഒരു നിമിഷം ഞാൻ പുറകോട്ട് ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. അദ്ദേഹം ഒരു പാറമട തൊഴിലാളി ആയിരിക്കെ വഷങ്ങൾക്കുമുമ്പ് തോട്ട പൊട്ടി കാഷ്വാലിറ്റിയിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ വലതുകൈ നഷ്ടപ്പെടുകയും രണ്ടു കണ്ണുകൾക്കും സാരമായ പരുക്കുണ്ടെന്നും ഇന്നലെ എന്നോണം മനസ്സിൽ തെളിഞ്ഞു വന്നു.

രണ്ടു കണ്ണുകളിലും, കൺ പോളകളിലുമായി അനേകം ചെറു പാറക്കഷണങ്ങളും, വെടിമരുന്നിനാല്‍ കറുത്തിരുണ്ട മണൽതരികളും നീക്കംചെയ്യൽ ശ്രമകരമായ ദൗത്യമായിരുന്നു. ഒരുമാസത്തോളം ഘട്ടംഘട്ടമായിട്ടുള്ള ഓപ്പറേഷനു ശേഷം കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കണ്ണുകൾ ദാനം ചെയ്തു വരുന്ന മുറയ്ക്ക് വിളിക്കാം എന്ന് ഉപദേശിച്ചു ഡിസ്ചാർജ് ചെയ്തു.

dr-shaji
ഡോ. ഷാജി അങ്കൻ

ഭാഗം-2

അന്ന് രാത്രി പതിനൊന്നര ആയി കാണും. ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നുണ്ട്. രാവിലത്തെ തിരക്ക് പിടിച്ച ഒപിയും ക്ലാസ്സുകളും ഒക്കെ കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി. നോക്കിയപ്പോൾ പത്തു മിസ്ഡ് കോള്‍സ്. ഫോൺ എടുത്തപ്പോൾ അങ്ങേത്തലയ്ക്കൽ പിജി സ്റ്റുഡൻറ് - ‘സാർ ! ഒരു കണ്ണു വന്നിട്ടുണ്ട്.’ ‘വയസ്സ്, മരണസമയം, മരണകാരണം, അഡ്രസ്സ്, ഫോൺ നമ്പർ , വീടിന്റെ ലൊക്കേഷൻ എന്നിവ മനസ്സിലാക്കി ആംബുലൻസും റെഡി ആക്കി വയ്ക്കൂ....’ ആ സമയം ഞാൻ അവിടെ എത്തി കൊള്ളാമെന്ന് പറഞ്ഞു ഫോൺ വച്ചു..

രാത്രി 12.10ന് ഞാൻ, ഡ്രൈവർ, ഒരു പിജി, ഒരു അറ്റന്‍ഡർ ചേച്ചി എന്നിങ്ങനെ നാലു പേരും കൂടി കണ്ണുകളെടുക്കുവാനായി യാത്രയായി. കോട്ടയം ജില്ലയുടെ അതിർത്തിയിലാണ് മരിച്ചയാളുടെ വീട്. രാത്രി ആയാൽ പിന്നെ വഴിചോദിക്കാൻ പോലും റോഡിലെങ്ങും ആരെയും കിട്ടിയെന്ന് വരില്ല. മിക്കവാറും റബർ കാടുകളിലൂടെ ഉള്ള യാത്രയായിരിക്കും. ഒരു മണിയോടെ ഞങ്ങൾ മരിച്ചയാളുടെ വീട്ടിലെത്തി. സാക്ഷ്യപത്രം ഒപ്പിടാനായി അടുത്ത ബന്ധുക്കളെ ഏൽപ്പിച്ച ശേഷം കണ്ണ് എടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വട്ടം കൂട്ടി. 

അപ്പോൾ ഒരു അടുത്ത ബന്ധു  വന്നു പറഞ്ഞു: ‘സർ! ഒരു സഹായം കൂടി ഞങ്ങൾക്കു വേണ്ടി ചെയ്യണം. സയൻസ് ഗ്രൂപ്പ് എടുത്തു ഡോക്ടറാകാന്‍ വേണ്ടി കോച്ചിങ്ങിനു പോകുന്ന ഞങ്ങളുടെ രണ്ടു മക്കൾക്ക് ഈ ഓപ്പറേഷൻ കാണാൻ ഒരു അവസരം നൽകണം’. 

ധൈര്യവും ബോധക്കേട് വരുന്നില്ലെന്ന് ഉറപ്പുമുണ്ടെങ്കിൽ കണ്ടോളാന്‍ ഞാൻ പറഞ്ഞു. ഒപ്പിട്ട സമ്മതപത്രം തരാനായി ബന്ധുക്കൾ വന്നപ്പോൾ അതിലൊരാൾക്ക് നരച്ച താടിയും മുടിയും രുദ്രാക്ഷവും. കാവി ധരിച്ച  ഒരാൾക്ക് ഒരു സംശയം, ‘ഡോക്ടർ! രണ്ട് കണ്ണുകളും ചൂഴ്ന്നെടുക്കുമ്പോൾ അടുത്ത ജന്മം അന്ധനായി ജീവിക്കേണ്ടി വരുമോ’ എന്ന് ?

അതിനെക്കുറിച്ചൊന്നും പറയാൻ ഞാനാളല്ല എന്ന് പറഞ്ഞ് മുറിയിലേക്ക് കയറി വാതിൽ അടച്ചു. സാധാരണയായി ഒരു കണ്ണ് ഡ്യൂട്ടി ഡോക്ടറും മറ്റേ കണ്ണ് പിജിയുമാണ് എടുക്കാറ്. എന്റെ ഊഴം കഴിഞ്ഞ് ഒരു കണ്ണ് മോയിസ്റ്റ് ചേംബറില്‍ ആക്കിയ ശേഷം അടുത്ത കണ്ണ് പിജി യോട് ചെയ്യാനായി ആവശ്യപ്പെട്ടു. വലിയ കുഴപ്പമൊന്നും കൂടാതെ പത്തിരുപത് മിനിറ്റിൽ കണ്ണ് പുറത്തേക്കെടുത്തു ചേംബറിലേക്ക് ഇടുന്ന കാഴ്ച കണ്ട് അല്പം ദേഷ്യം തോന്നി.

ഏതാണ്ട് ചത്ത എലിയെ വാലിൽ തൂക്കി കുഴിച്ചിടാൻ പോകുന്ന ലാഘവത്തോടെ ആയിരുന്നു പിജിയുടെ നിൽപ്. ദേഷ്യം പുറത്തു കാണിക്കാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് ഉപദേശരൂപേണ ഞാൻ പറഞ്ഞു: ‘ജീവനുള്ള ശരീരത്തെ നിങ്ങൾക്ക് വെറുക്കാം, അവഹേളിക്കാം, അപമാനിക്കാം. പക്ഷേ ഒരു ജീവനറ്റ ശരീരത്തിൽ നിന്നും ജീവന്റെ സാന്നിധ്യം തുടിക്കുന്ന ഈ കണ്ണുകൾ എടുത്ത് മാറ്റുമ്പോൾ എപ്പോഴും സൂക്ഷ്മതയോടും വിനയത്തോടും ബഹുമാനത്തോടും അതീവ ജാഗ്രതയോടെയും വേണം ഈ സല്‍ക൪മം ചെയ്യേണ്ടത്.’

ഈ രണ്ടു ഗോളാകൃതിയിലുള്ള കണ്ണുകളുടെ പ്രവർത്തനം തികച്ചും അതി സങ്കീർണവും നമ്മെ പലപ്പോഴും അദ്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും, ഭാവനയുടെ മായാ പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാറുണ്ട്. ജനനം മുതൽ മരണം വരെ ആത്മാവിനോടും ശരീരത്തോടൊപ്പം സഞ്ചരിച്ച് വേർപാടിന്റെ ദുഃഖം ഘനീഭവിക്കുന്ന, യാത്ര പറയുന്ന അന്ത്യ നിമിഷങ്ങളില്‍ ജീവന്റെ ‍ അവസാന കണങ്ങളടങ്ങിയ രണ്ടു കുടങ്ങൾ കണക്കെ ജീവന്റെ തുടിപ്പും, സ്പന്ദനവും പലപ്പോഴും നിർവികാരനായി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ചിന്തകൾക്ക് എല്ലാം വിരാമമിട്ടുകൊണ്ട് ഡ്രൈവർ പറഞ്ഞു:. ‘സർ ! നമ്മൾ ഹോസ്പിറ്റലിൽ എത്തി.’

രണ്ടര മണിയോടുകൂടി വീട്ടിലേക്കുള്ള യാത്രയിൽ കാറിലെന്നെ കൂടാതെ മറ്റാരോ ഉണ്ടെന്നുള്ള ഒരു തോന്നല്‍. ഒരു പക്ഷേ വെറും തോന്നലായിരിക്കാം. പരിഭ്രമത്തോടെ റിയർവ്യൂ മിററിലൂടെ പാളി നോക്കി. പക്ഷേ ഒന്നും കാണാനായില്ല. എന്തായാലും മുക്കാൽ മണിക്കൂറോളം ഡ്രൈവ് ചെയ്യേണ്ട സ്ഥാനത്ത് അരമണിക്കൂർ കൊണ്ട് ഞാന്‍ വീടെത്തി. ഒരുപക്ഷേ അസമയമായതുകൊണ്ട് വീടെത്തും വരെ ആത്മാക്കൾ ഒപ്പം കൂടിയതാകാം...

 "നേത്രദാനം മഹാദാനം"

English Summary : Eye care and eye donation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com