കുഞ്ഞുങ്ങളിലെ രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്താം; പ്രോത്സാഹിപ്പിക്കാം നല്ല ശീലങ്ങൾ

HIGHLIGHTS
  • നവജാതശിശുക്കളുടെ ഓരോ മാറ്റവും അറിയണം
  • അഞ്ചാം മാസം മുതൽ പോഷകസമൃദ്ധമായ കുറുക്കുകൾ നൽകാം
  • പ്രതിരോധ കുത്തിവയ്‌പുകൾ കൃത്യസമയത്തുതന്നെ എടുക്കണം
child care
Photo credit : Africa Studio / Shutterstock.com
SHARE

അച്ഛനമ്മാരുടെ സ്വപ്നങ്ങളുടെ വിരൽത്തുമ്പു പിടിച്ചാണ് ഓരോ കുഞ്ഞും വളരുന്നത്. അവരുടെ പുഞ്ചിരി  മായാതിരിക്കാൻ ഉറ്റവരെല്ലാം കണ്ണിമ ചിമ്മാതെ കാത്തിരിക്കും.  അതുകൊണ്ടുതന്നെ, കുഞ്ഞിന് അൽപം ചൂടു തോന്നിയാൽ, അവർ കരഞ്ഞാൽ ഒക്കെ എങ്ങനെ പരിപാലിക്കണം എന്നറിയാതെ പരിഭ്രാന്തരാകും മിക്കവരും. നവജാതശിശുക്കളുടെ ഓരോ മാറ്റവും അറിയണം.  അവരെ ചേർത്തുകിടത്തിയുറക്കണം. കുഞ്ഞിന്റെ അസ്വസ്ഥതകൾ അറിയാൻ മാത്രമല്ല, അമ്മയോടുള്ള വൈകാരികബന്ധം കൂട്ടാനും ഇതുപകരിക്കും. 

ആദ്യത്തെ പാലായ കൊളസ്‌ട്രം മുതൽ കുഞ്ഞിന് അമ്മയുടെ പാൽ നൽകണം. എന്നാൽ അഞ്ചാം മാസം മുതൽ പോഷകസമൃദ്ധമായ കുറുക്കുകൾ നൽകി ശീലിപ്പിക്കുകയും ചെയ്യാം. പാൽ കുടിച്ചാലുടനെ കുഞ്ഞിനെ തോളിൽ കമഴ്‌ത്തിക്കിടത്തി വായു തട്ടിക്കളയണം. ഇല്ലെങ്കിൽ  ഛർദിക്കാനിടയുണ്ട്. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത കുഞ്ഞ് ആവശ്യത്തിനു പാൽ കുടിച്ചു സുഖമായി ഉറങ്ങുകയും ഇടവേളകളിൽ മൂത്രമൊഴിക്കുകയും ചെയ്യും.  കുഞ്ഞുങ്ങൾക്ക് ഒരു മൃഗങ്ങളുടെയും പാൽ ഒരുവയസ്സിനുമുൻപു നൽകാതിരിക്കുന്നതാണു നല്ലത്. അമ്മയുടെ പാൽ ആവശ്യത്തിനു കിട്ടുന്നുണ്ടെങ്കിൽ നവജാതശിശുക്കൾക്കു വേറെ വെള്ളം നൽകേണ്ടതില്ല. 

കുഞ്ഞുരോഗലക്ഷണങ്ങൾ

നവജാതശിശുക്കൾക്കു ചൂട്, പാൽ കുടിക്കുന്നതു കുറയുക, ശ്വാസമെടുക്കുന്ന തോത് കൂടുക, കളിചിരികൾ കുറയുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻതന്നെ ഡോക്‌ടറെ കാണണം. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്കു പനി വന്നാൽ  ആന്റിബയോട്ടിക് നൽകിയുള്ള സ്വയംചികിത്സ  ഒഴിവാക്കണം. ശരീരത്തിൽ ചൂടുണ്ടോ എന്നു നോക്കിയാണു പനി തിരിച്ചറിയുന്നത്.  കോവിഡ് പശ്ചാത്തലത്തിൽ, ചൂട് കുറയാതെ നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം.  ചൂട്, തൊണ്ടവേദന, വയറിളക്കം, ഛർദി, ഗന്ധമില്ലായ്മ എന്നിവയുള്ള കുട്ടികളെ  കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. 

ഇടവിട്ടു മഴപെയ്യും കാലമാണ്. ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.  നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണമോ പാനീയമോ  നൽകരുത്. 

രോഗപ്രതിരോധ കുത്തിവയ്‌പുകൾ

പ്രതിരോധ കുത്തിവയ്‌പുകൾ കൃത്യസമയത്തുതന്നെ എടുക്കണം. കുഞ്ഞു ജനിക്കുമ്പോൾ മുതൽ ഡോക്‌ടറുടെ നിർദേശമനുസരിച്ച് അവ നൽകിത്തുടങ്ങണം.  ഗൗരവമേറിയ അസുഖങ്ങളുള്ള സമയത്തു വാക്സീനുകൾ എടുക്കരുത്.  

നല്ല ശീലങ്ങൾ

കൈകഴുകുന്നതു പോലെയുള്ള ശീലങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാനും അത് ഇടയ്ക്ക് ഊരേണ്ടിവന്നാൽ വൃത്തിയായി മടക്കി സൂക്ഷിക്കാനും അവർ പഠിക്കട്ടെ.  

നഖങ്ങൾ വെട്ടി, വിരലുകൾ വൃത്തിയായി സൂക്ഷിക്കണം. ചൊറി, ചിരങ്ങ് പോലെയുള്ള ത്വക്‌രോഗങ്ങൾ തുടക്കത്തിലേ ചികിത്സിക്കണം.  കുഞ്ഞിനെ രാവിലെയും രാത്രിയും നിർബന്ധമായും പല്ലുതേപ്പിക്കുക. മധുരപലഹാരങ്ങളും മിഠായിയും കുറച്ചുമാത്രം നൽകുക. ഇവ പല്ലുകൾക്കു കേടുവരുത്തുക മാത്രമല്ല, വിശപ്പും കുറയ്ക്കും. 

കുഞ്ഞുബന്ധങ്ങൾ വലുതാകട്ടെ

സ്കൂളിലോ പൊതുഇടങ്ങളിലോ പോകാനാവാത്തതിനാൽ, സാമൂഹികബന്ധങ്ങൾ  സൂക്ഷിക്കുന്നതിലും കുഞ്ഞുങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. വീട്ടിലുള്ളവരുമായിത്തന്നെ ഭക്ഷണം പങ്കുവയ്‌ക്കുക, ബന്ധുക്കൾ ഉൾപ്പെടെ മറ്റു കുട്ടികളോടു സ്‌നേഹമായി പെരുമാറുക... ഇതൊക്കെ  ശീലിപ്പിക്കണം. പൊതുവേ കുട്ടികൾ സ്വന്തം കളിപ്പാട്ടങ്ങളോ മറ്റോ മറ്റുള്ളവർക്കു കൊടുക്കാൻ മടിക്കും. ഭക്ഷണവും കളിപ്പാട്ടവും പങ്കുവയ്‌ക്കുന്ന അവസരങ്ങളിൽ കുട്ടിയെ അഭിനന്ദിച്ചാൽ പതിയെ ഈ സ്വഭാവം മാറ്റിയെടുക്കാം. കുട്ടികൾ പഠനത്തിൽ മടികാണിക്കുന്നുണ്ടെങ്കിൽ അവരെ തല്ലാതെ, പഠനവൈകല്യമാണോ എന്നു ഡോക്‌ടറെ കണ്ടു മനസ്സിലാക്കുകയും വേണം. 

ഡോ. വർഗീസ് കോശി, നിയോനാറ്റോളജിസ്റ്റ്– പീഡിയാട്രീഷൻ, കൊല്ലം

Englih Summary : Child care and disease symptoms in children

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA