ADVERTISEMENT

നിങ്ങൾക്ക് എന്തെല്ലാം കഴിവുകളുണ്ട്? ഈ ചോദ്യത്തിന് മറുപടിയായി പല കഴിവുകളും ഓർത്തെടുത്ത് നാം അക്കമിട്ടു പറയും. ഇതിനിടയിൽ മിക്കപ്പോഴും മറന്നുപോകുന്ന വലിയൊരു കഴിവുണ്ട് – ‘ഓർമശക്തി’. അത് ഉള്ളതുകൊണ്ടാണല്ലോ മറ്റെല്ലാം ഓർത്തെടുത്ത് പറയാൻ നമുക്ക് കഴിയുന്നത്. 

ഓർമ ഒരു ഉദ്യാനമാണ്. ജീവിതത്തിന് നിറവും സുഗന്ധവും പകരുന്ന പൂന്തോട്ടം. അതു നഷ്ടപ്പെടുന്നതിനെ മരണതുല്യം എന്നുപോലും വിശേഷിപ്പിക്കാം. മറ്റ് അവയവങ്ങളെല്ലാം ആരോഗ്യപൂർണവും പ്രവർത്തനനിരതവുമാണെങ്കിലും ഓർമയ്ക്കു ക്ഷയം സംഭവിച്ചാൽ മറ്റെല്ലാം നിഷ്ഫലം. കാണുന്നത് ആരെയെന്നോ എന്തിനെയെന്നോ ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ കാഴ്ച കൊണ്ടെന്തുഫലം? പോകുന്നത് എങ്ങോട്ടെന്നറിയില്ലെങ്കിൽ നടത്തം എന്തിനു വേണ്ടി? 

ഓർമയുടെ മരണമാണ് അൽസ്‌ഹൈമേഴ്സിനെ (Alzheimer's) ഏറ്റവും ഭീതിജനകമായ രോഗമാക്കി മാറ്റുന്നത്. നേരിയ തോതിൽ തുടങ്ങി പടിപടിയായി വളരുന്ന ന്യൂറോളജിക്കൽ (നാഡീസംബന്ധ) രോഗമാണിത്. മസ്തിഷ്കത്തിലെ കോശങ്ങൾ നിർജീവമാവുകയും മസ്തിഷ്കം ശോഷിക്കുകയും ചെയ്യുന്നതാണ് രോഗത്തിന്റെ തുടക്കം. മറവിരോഗത്തിലേക്ക് (dementia) നയിക്കുന്ന ഏറ്റവും പ്രധാന കാരണമായി ഇതു മാറുന്നു. ചിന്ത, പെരുമാറ്റം, ദൈനംദിന കാര്യങ്ങൾ തുടങ്ങിയവയിലെല്ലാം വ്യക്തിക്കുള്ള കഴിവ് ക്രമേണ കുറഞ്ഞുവരും. ഒടുവിൽ പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ. 

ഓർമ ഉൾപ്പെടെ മനസ്സിന്റെ പ്രധാന പ്രവർത്തനങ്ങളെയാണ് അൽസ്ഹൈമേഴ്സ് കടന്നാക്രമിക്കുന്നത്. ചെറിയ ഓർമക്കുറവിൽ തുടങ്ങി ഒടുവിൽ സ്വതന്ത്രമായ ആശയവിനിമയമോ യുക്തിപൂർണമായ സംസാരമോ സ്വാഭാവിക പ്രവർത്തനങ്ങളോ സാധിക്കാത്ത തരത്തിലേക്ക് മാറുന്നു. ജർമൻ സൈക്യാട്രിസ്റ്റ് ആയിരുന്ന ഡോ. അലോയ്സ് അൽസ്ഹൈമറുടെ (Dr. Alois Alzheimer) പേരിൽ നിന്നാണ് അൽസ്ഹൈമേഴ്സ് രോഗത്തിന് ആ പേര് ലഭിച്ചത്. 1906ൽ ഈ രോഗം ആദ്യമായി നിർവചിച്ചത് അദ്ദേഹമാണ്. 

തുടക്കം 65+ 

കൂടുതൽ പേരിലും അൽസ്ഹൈമേഴ്സ് രോഗലക്ഷണം 65 വയസ്സോടെയാണ് കണ്ടുതുടങ്ങുന്നത്. ഇതിന്റെ സൂചനകൾ 30 – 60 പ്രായത്തിൽ തന്നെ വരാം. പ്രായം തന്നെയാണ് പ്രധാന ഘടകമെങ്കിലും, പ്രായമേറിയവരെ മാത്രം ബാധിക്കുന്ന രോഗമല്ല ഇത്. അൽസ്ഹൈമേഴ്സ് അസോസിയേഷന്റെ നിഗമനമനുസരിച്ച് ഈ രോഗത്തിനുള്ള ഒരുക്കം 65 വയസ്സിനു മുൻപുതന്നെ വ്യക്തിയിൽ രൂപപ്പെടുന്നു. പ്രായം നാൽപതുകളിലോ അൻപതുകളിലോ എത്തുമ്പോൾത്തന്നെ പലരെയും രോഗം പിടികൂടുന്നു. 

ചെറുപ്പക്കാരിൽ ഈ രോഗം എങ്ങനെ വരുന്നു എന്നതിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. സങ്കീർണമായ അനേകം ജനിതക സമസ്യകളാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരുക്കോ മുറിവോ ഏറ്റവർക്ക് ഈ രോഗസാധ്യത ഏറെയാണ്. 

health-alzheimer-s-patient-memory-power-loss
Representative Image. Photo Credit : Photographee.eu / Shutterstock.com

കാരണങ്ങൾ

മസ്തിഷ്ക കോശങ്ങൾക്കു ചുറ്റും അമിതമായി പ്രോട്ടീൻ അടിഞ്ഞുകൂടുന്നതാണ് രോഗകാരണം. ഇത്തരം പ്രോട്ടീനുകളിലൊന്നാണ് അമിലോയ്ഡ് (Amyloid). ഇതിന്റെ അളവ് അമിതമായി വർധിച്ച് മസ്തിഷ്കകോശങ്ങളെ വലയം ചെയ്യും. ‘ടൗ’ (Tau) എന്നതാണ് മറ്റൊരു പ്രോട്ടീൻ. ഇത് അമിതമാകുമ്പോൾ മസ്തിഷ്കകോശങ്ങൾ കെട്ടുപിണയും. 

ഇങ്ങനെ പ്രോട്ടീനുകളുടെ അമിതവും അസാധാരണവുമായ വ്യാപനം സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ശാസ്ത്രലോകത്ത് ഇന്നും ഉത്തരമില്ല. എന്നാൽ, ഒരു കാര്യം വ്യക്തമാണ് – രോഗലക്ഷണങ്ങൾ പുറത്ത് കണ്ടുതുടങ്ങുന്നതിന് എത്രയോ വർഷം മുൻപുതന്നെ ഈ പ്രക്രിയ മസ്തിഷ്കത്തിൽ ആരംഭിക്കുന്നുണ്ട്. 

മസ്തിഷ്ക കോശങ്ങളെ അമിത പ്രോട്ടീനുകൾ ബാധിക്കുന്നതോടെ തലച്ചോറിലെ രാസസന്ദേശങ്ങൾ (neurotransmitters) തടസ്സപ്പെട്ടു തുടങ്ങും. ക്രമേണ തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ ശോഷിക്കും. ഓർമയെ നിയന്ത്രിക്കുന്ന ഭാഗത്തെയാണ് ആദ്യം ബാധിക്കുക. 

3 ഘട്ടങ്ങൾ

അൽസ്ഹൈമേഴ്സ് രോഗം പൊതുവേ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബാധിക്കുന്നത്. നേരിയ തോതിലുള്ളത്, മിതമായത്, ഗുരുതരമായത് എന്നിങ്ങനെ ഇത് തരംതിരിക്കാം. 

1. ആദ്യഘട്ടം (Early Stage - Mild)

നേരിയ തോതിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്ന ഈ ഘട്ടത്തിൽ വ്യക്തിക്ക് സ്വന്തമായിത്തന്നെ കാര്യങ്ങൾ ചെയ്യാൻ കഴിയും. വാഹനം ഓടിക്കാനും ജോലി ചെയ്യാനും സമൂഹത്തിൽ ഇടപഴകാനുമൊക്കെ കഴിയും. എങ്കിലും ചെറിയ ഓർമക്കുറവ് തന്നെ അലട്ടുന്നതായി വ്യക്തിക്ക് തോന്നിത്തുടങ്ങും. പരിചിതമായ വാക്കുകൾ മറന്നുപോവുക, എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കൾ വച്ചത് എവിടെയെന്നത് മറന്നുപോവുക തുടങ്ങിയവ സംഭവിക്കാം. ഈ ഘട്ടത്തിൽ പൊതുവായി കാണുന്ന ലക്ഷണങ്ങൾ

∙ ശരിയായ പേരോ വാക്കോ മറന്നുപോവുക. 

∙ പതിവായി ചെയ്യുന്ന കാര്യങ്ങൾ ചെയ്തുതീർക്കാൻ മുൻപില്ലാത്ത പ്രയാസം അനുഭവപ്പെടുക.

∙ തൊട്ടുമുൻപ് വായിച്ച കാര്യങ്ങൾ പോലും മറന്നുപോവുക

∙ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടുക; മറക്കുക.

2. രണ്ടാം ഘട്ടം (Middle Stage - Moderate) 

ഗുരുതരമല്ല; എന്നാൽ അത്ര നിസ്സാരവുമല്ല. ഇതാണ് രണ്ടാം ഘട്ടത്തിലെ സ്ഥിതി. രോഗബാധിതരിൽ ഏറ്റവുമധികം കാലം നീണ്ടുനിൽക്കുക ഈ ഘട്ടമാണ്. വർഷങ്ങളോളം തുടരാവുന്ന ഈ അവസ്ഥയിൽ രോഗിക്ക് വലിയ പരിചരണവും ശ്രദ്ധയും വേണം. 

ഈ ഘട്ടത്തിൽ ഓർമക്ഷയം (Dementia) വളരെ പ്രകടമാകും. പൊതുവായി കാണുന്ന മറ്റു ലക്ഷണങ്ങൾ

∙ വാക്കുകൾ മനസ്സിലാകാതിരിക്കുക

∙ അപ്രതീക്ഷിതമായി ക്ഷുഭിതരാവുക

∙ പതിവുകാര്യങ്ങൾക്കു പോലും വിസമ്മതിക്കുക. കുളിക്കാൻ തയാറാവാതിരിക്കുക. 

∙ വിഷാദഭാവത്തിൽ ഇരിക്കുക

∙ സ്വന്തം  കാര്യങ്ങൾ പോലും (വിലാസം, ഫോൺ നമ്പർ തുടങ്ങിയവ) ഓർത്തെടുക്കാൻ കഴിയാതിരിക്കുക. 

∙ അറിയാതെ മൂത്രമൊഴിച്ചു പോവുക

∙ ഉറക്കത്തിന്റെ ക്രമം നഷ്ടപ്പെടുക. പകൽ ഉറങ്ങും. രാത്രി ഉറക്കം ലഭിക്കില്ല. 

∙ വഴിതെറ്റി നടക്കുക; എങ്ങോട്ടെന്നറിയാതെ പോവുക. ചിലപ്പോൾ ആളെ കാണാതാകും. 

3. മൂന്നാം ഘട്ടം (Late Stage - Severe)

ഈ ഘട്ടത്തിൽ ഓർമക്കുറവ് കലശലാകും. സാഹചര്യങ്ങളോട് പ്രതികരിക്കാൻ കഴിയില്ല. നടക്കുക, ഇരിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയവയൊക്കെ സാധിക്കാതെ വരുന്നു. ആശയവിനിമയം അസാധ്യമാകും. കിടപ്പിലായിപ്പോകുന്ന ഈ ഘട്ടത്തിൽ ന്യൂമോണിയ പോലെയുള്ള അണുബാധയ്ക്കും സാധ്യത വളരെ കൂടുതലാണ്. 

health-dr-anees-ali
ഡോ. അനീസ് അലി

ഓർമയുടെ മരണം

ഓർമക്കുറവ് തന്നെയാണ് അൽസ്ഹൈമേഴ്സിന്റെ പ്രധാന ലക്ഷണം. ഒരിക്കൽ പറഞ്ഞുകൊടുത്ത കാര്യം തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കുക, കയ്യിലുള്ള വസ്തുക്കളൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി വയ്ക്കുക/ഉപേക്ഷിക്കുക, എങ്ങോട്ടെന്നറിയാതെ നടക്കുക, ആളെ കാണാതാവുക തുടങ്ങിയവ സംഭവിക്കും. വായനയിലും സംസാരത്തിലും എഴുത്തിലും താളപ്പിഴകൾ. 

തണുപ്പുള്ള തീ

നമ്മുടെ ചിന്താശേഷി ഉപയോഗിച്ച് ചെയ്തുതീർക്കേണ്ടതോ തീരുമാനമെടുക്കേണ്ടതോ ആയ കാര്യങ്ങൾ സാധിക്കാതെ വരും. തീയിൽ തൊട്ടാൽ കൈ പൊള്ളും, ബാൽക്കണിയുടെ അറ്റത്തേക്കു പോയാൽ താഴെ വീഴും തുടങ്ങിയവയൊന്നും മനസ്സിലാകാതെ വരും. എന്താണ് അപകടം, ഏതാണ് സുരക്ഷിതം എന്നത് തിരിച്ചറിയാനാകാതെ പോകും. സന്ദർഭോചിതമായി തീരുമാനങ്ങളെടുക്കാൻ കഴിയാതിരിക്കും. പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ധാരണപ്പിശകുണ്ടാവും. കാര്യങ്ങൾ വേർതിരിച്ചറിയാൻ കഴിയാതിരിക്കും. 

കൂടുതൽ പേരിലും അൽസ്ഹൈമേഴ്സ് രോഗലക്ഷണം 65 വയസ്സോടെയാണ് കണ്ടുതുടങ്ങുന്നത്. ഇതിന്റെ സൂചനകൾ 30 – 60 പ്രായത്തിൽ തന്നെ വരാം

ആളാകെ മാറി

സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. മുൻപ് വലിയ താൽപര്യമുണ്ടായിരുന്ന കാര്യങ്ങളിൽ താൽപര്യമില്ലാതാവുക, വെറുതേ ദേഷ്യപ്പെടുക, അകാരണമായി വിഷമിക്കുക, ദുഃഖിതരാവുക, വിഷാദഭാവം, മറ്റുള്ളവരോട് സ്നേഹം കാണിക്കാതിരിക്കുക, അനുചിതമായ കാട്ടിക്കൂട്ടലുകൾ, സന്ദർഭത്തിനു ചേരാത്ത പ്രവൃത്തികൾ തുടങ്ങിയവയൊക്കെ വരാം. 

നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നതും  ഇടയ്ക്കിടെ വീഴുന്നതും ഇതിന്റെ ശാരീരിക ലക്ഷണങ്ങളായി വരാറുണ്ട്. 

എങ്ങനെ തിരിച്ചറിയാം?

അൽസ്ഹൈമേഴ്സ് രോഗം ബാധിച്ചുവെന്ന് രോഗം സ്വയം തിരിച്ചറിയുകയല്ല, മറ്റുള്ളവർ മനസ്സിലാക്കുകയാണ് ചെയ്യുക. ഓർമപരിശോധന, ന്യൂറോളജിക്കൽ ഫങ്ഷൻ പരിശോധന, രക്തപരിശോധന, മൂത്രപരിശോധന, സിടി /എംആർഐ സ്കാൻ തുടങ്ങിയവയിലൂടെ രോഗനിർണയം നടത്താം. 

ഈ രോഗം ഭേദമാകുമോ? 

നാശം സംഭവിച്ച മസ്തിഷ്കകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്നതിനാൽ നിലവിൽ അൽസ്ഹൈമേഴ്സ് രോഗം പൂർണമായും ഭേദമാക്കാവുന്ന ചികിത്സകളില്ല. എന്നാൽ ഇതിന്റെ ലക്ഷണങ്ങളും പ്രശ്നങ്ങളും കുറയ്ക്കാൻ ഉതകുന്ന ചികിത്സ ലഭ്യമാണ്. രോഗിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രവർത്തനങ്ങളിലും വരുന്ന മാറ്റങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ് വഴി. പരിചരിക്കുന്നവരുെട ക്ഷമ പരീക്ഷിക്കുന്ന രോഗമാണിത്. കാര്യങ്ങൾ മനസ്സിലാക്കി രോഗിയോട് പെരുമാറുക എന്നത് അത്യന്തം ശ്രമകരമാണ്. 

തടയാൻ എന്തുചെയ്യാം?

∙  പതിവായി എക്സർസൈസ് ചെയ്യുക. 

∙ ആരോഗ്യകരമായ ഭക്ഷണശീലം 

∙ ഹൃദയാരോഗ്യം ശ്രദ്ധിക്കുക

∙ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, രക്താതിസമ്മർദം തുടങ്ങിയവ സംബന്ധിച്ച് യഥാസമയം പരിശോധനകൾ നടത്തുക

∙ മസ്തിഷ്കത്തെ സജീവമായി നിർത്താൻ ശ്രമിക്കുക. 

(കേരളത്തിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന സൈക്യാട്രിക് കണ്‍സൽറ്റന്റും കോഴിക്കോട് രാമനാട്ടുകര മനഃശാന്തി ഹോസ്പിറ്റൽ മേധാവിയുമാണ് ലേഖകന്‍)

Content Summary : World Alzheimer's Day :  Pay attention to these early signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com