ADVERTISEMENT

ലോകാരോഗ്യ സംഘടനയുടെ 2019 ലെ റിപ്പോർട്ട് പ്രകാരം ലോകത്താകെ ഒാരോ വർഷവും 10 ദശലക്ഷത്തോളം   ഡിമെൻഷ്യ രോഗികൾ പുതിയതായി ഉണ്ടാകുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം 5.3 ദശലക്ഷം ഡിമെൻഷ്യ രോഗികളുണ്ടെന്നാണ് കണക്ക്. കേരളം, ഗോവ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഡിമെൻഷ്യ വർദ്ധിച്ചു വരുകയാണ്. 80 വയസ്സിനു മുകളിൽ പ്രായമുള്ള 20 ശതമാനം ആളുകളിൽ ഇന്ന് അൽസ്‌ഹൈമേഴ്സ് കണ്ടുവരുന്നു.

കോവിഡിന്റെ വരവ് ഡിമെൻഷ്യ രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിനും മെഡിക്കൽ സേവനങ്ങൾ തേടുന്നതിനുമെല്ലാം ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നു. കോവിഡ് ബാധിതരായവരിൽ ഡിമെൻഷ്യ ഉള്ളവരുടെ മരണനിരക്ക് മൂന്നിരട്ടിയായി വർധിക്കുന്നുവെന്നാണ് 2021 ൽ പ്രസിദ്ധീകരിച്ച ബ്രസീലിയൻ പഠനത്തിൽ പറയുന്നത്. ഡിമെൻഷ്യ രോഗികളുടെ മരണനിരക്ക് വർധിക്കുന്നതായി ഇംഗ്ലണ്ടിൽ നിന്നും വെയിൽസിൽ നിന്നുമുള്ള പഠനങ്ങളിലും കാണുന്നു. അതിനാൽ തന്നെ കോവിഡ് സാഹചര്യത്തിൽ ഡിമെൻഷ്യ ഒരു വെല്ലുവിളിയാണ്. പ്രായമായ ആളുകളെ കോവിഡ് ബാധിക്കുമ്പോൾ, അത് ശക്തമായ വൈറസ് ബാധയുണ്ടാക്കാനും തലച്ചോറിനെ ബാധിക്കാനും പ്രാപ്തമാണ്. അൽസ്‌ഹൈമേഴ്സ് ഡിമെൻഷ്യ രോഗികൾക്ക് പ്രതിരോധം പൊതുവേ കുറവായിരിക്കും. ഇൗ അവസ്ഥയിൽ ഗുരുതരമായ ന്യുമോണിയയും മറ്റ് അവയവങ്ങൾക്കുണ്ടാകുന്ന തകരാറുകളും കാരണം മരണം സംഭവിക്കുന്നു. 

 

വിവിധ പ്രായക്കാരിലുള്ള ഡിമെൻഷ്യയുടെ വ്യാപനം പരിശോധിച്ചാൽ 60-70 വയസ്സുകാരിൽ ഏകദേശം 2 ശതമാനം ആളുകൾക്ക് ഡിമെൻഷ്യയുണ്ട്.  70 മുതൽ 80-90 വരെ പ്രായമമുള്ളവരിൽ ഇത് 20 ശതമാനം പേരിലും 90 വയസ്സിന് മുകളിലുള്ളവരിൽ 34 ശതമാനം പേരിലും ഡിമെൻഷ്യ കാണപ്പെടുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ആളുകളിൽ ഡിമെൻഷ്യയുടെ വ്യാപനം ഇത്തരത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ഡിമെൻഷ്യകളിൽ ഭൂരിഭാഗവും അൽസ്‌ഹൈമേഴ്സ് രോഗമാണ്. 

 

ഡിമെൻഷ്യയ്ക്ക് മുന്നോടിയായുണ്ടാകുന്ന അവസ്ഥയെ മിനിമൽ കോഗ്നിറ്റീവ് ഇംപെയർമെന്റ് (എംസിഐ) എന്നാണ് വിളിക്കുക. സാധാരണ ജീവിതത്തെ ബാധിക്കാത്ത വിധത്തിലുള്ള ചില മെംബ്രൻ തകരാറുകൾ ഉണ്ടാകുന്ന അവസ്ഥയാണിത്. നേരിയ തോതിൽ മാത്രം അനുഭവപ്പെടുന്ന ഈ  വൈകല്യം ഓർമ്മശക്തി നഷ്ടമാകുന്നതിന്റെ തുടക്കമാണ്.  ഇൗ രോഗികളിൽ ഒാർമ്മ, സംസാരം, പെരുമാറ്റം തുടങ്ങിയവയെ ഇത് ബാധിച്ചു തുടങ്ങുന്നു. 

dr-vivek-nambiar-amrita-hospital-stroke-management-clinic
ഡോ. വിവേക് നമ്പ്യാർ

 

ക്രമേണ ഇതെല്ലാം കൂടുതൽ  ശക്തമായ അവസ്ഥയിലേക്കെത്തുകയും ഇവരിൽ മൂന്നിലൊന്ന് പേർ ഡിമെൻഷ്യയിലേക്ക് നീങ്ങുകയും ചെയ്യുന്നു. മറ്റുള്ളവരിൽ മൂന്നിലൊന്ന് പേർ ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ നേരിയ വൈകല്യത്തിൽ തുടരുകയും ബാക്കിയുള്ള ആളുകളിൽ ചിലപ്പോൾ ഇൗ അവസ്ഥ മെച്ചപ്പെടുകയും ചെയ്യും. എംസിെഎ അവസ്ഥയിൽ നിന്ന് ഡിമെൻഷ്യയിലേക്കെത്തുന്നതിന്റെ വാർഷിക പരിണാമ നിരക്ക് ഏകദേശം 10 ശതമാനമാണ്. 2007 മുതൽ 2019 വരെയുള്ള കാലയളവിൽ  ഇന്ത്യയിലുടനീളം നടത്തിയ നിരവധി പഠനങ്ങൾ കാണിക്കുന്നത്  എംസിഎെയുടെ വ്യാപനം ഏകദേശം 14 മുതൽ 25 % വരെയാണെന്നാണ്. പക്ഷേ, ഇതിൽ നിന്ന് 10-15 % മാത്രമാണ് ഡിമെൻഷ്യയിലേക്ക് നീങ്ങുന്നത്. 

 

ഡിമെൻഷ്യയുടെ കാരണം തിരിച്ചറിയാനും അവർക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കാനും കഴിഞ്ഞാൽ എംസിഐയിൽ നിന്ന് പൂർണ്ണമായ ഡിമെൻഷ്യയിലേക്ക് നീങ്ങുന്നത് തടയാൻ സാധിച്ചേക്കും. ഒരാൾക്ക് സ്ഥിരമായി ഒാർമ്മക്കുറവ് അനുഭവപ്പെടുകയും അത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലേക്ക് പോകുകയുമാണെങ്കിൽ ന്യൂറോളജിസ്റ്റിന്റെ സേവനം തേടേണ്ടതും ഡിമെൻഷ്യ രോഗനിർണയം നടത്തേണ്ടതുമാണ്. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ നിർദേശ പ്രകാരം വിവിധ മെമ്മറി ടെസ്റ്റുകൾ നടത്തുകയും അതിൽ കുറവുകളുണ്ടെന്ന് കണ്ടെത്തിയാൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യണം. എല്ലാ ഒാർമ്മവൈകല്യങ്ങളും  അൽസ്‌ഹൈമേഴ്സ് രോഗമാകണമെന്നില്ല. ഡിമെൻഷ്യയിൽ ചികിത്സിക്കാവുന്നതും പൂർണ്ണമായി ഭേദമാക്കാനും കഴിയുന്ന  നിരവധി ഘട്ടങ്ങളുണ്ട്. അതിനാൽ ഒരാളെ സാധാരണ  ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ രോഗം നേരത്തെ തിരിച്ചറിയുകയും എത്രയും വേഗത്തിൽ തന്നെ ചികിത്സ ആരംഭിക്കുകയും വേണം. 

 

അൽസ്‌ഹൈമേഴ്സ് രോഗം പോലുള്ള ന്യൂറോ ഡീജനറേറ്റീവ് അവസ്ഥകൾക്കു പുറമേ, സ്ട്രോക്ക് (സൈലന്റ് സ്ട്രോക്കുകൾ), നോർമൽ പ്രഷർ ഹൈഡ്രോസെഫാലസ് (തലച്ചോറിലെ ഫ്ളൂയിഡിന്റെ ഒഴുക്കിന് തടസ്സം വരുന്നതു മൂലം ഫ്ളൂയിഡ് അധികമായി കെട്ടിക്കിടക്കുന്ന അവസ്ഥ), ഹോർമോൺ വ്യതിയാനങ്ങൾ, കരൾ,കിഡ്നി രോഗങ്ങൾ, പോഷകാഹാരങ്ങളുടെയും വൈറ്റമിനുകളുടെയും  കുറവ് എന്നിവയും മറവി രോഗത്തിലേക്ക് നയിക്കാം. ഇത് പലപ്പോഴും രോഗികളെ അൽസ്‌ഹൈമേഴ്സ് ആണോയെന്ന ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. മദ്യം മുതലായ ലഹരി വസ്തുക്കളും ഡിമെൻഷ്യയ്ക്ക് കാരണമാകാം. ഇൗ കാര്യങ്ങൾ തിരിച്ചറിയുന്നത് ഓർമ്മക്കുറവ് ബാധിച്ച വ്യക്തിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ സഹായിക്കും. ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ പ്രധാന വെല്ലുവിളിയെന്നത് നിലവിലെ കോവിഡ് സാഹചര്യത്തിൽ ഡിമെൻഷ്യ രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയെന്നതാണ്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ പോലും ഡിമെൻഷ്യ രോഗികൾക്കായുള്ള കെയർ ഹോമുകളുടെ എണ്ണം വളരെ പരിമിതമാണ്.

(കൊച്ചി അമൃത ആശുപത്രി സ്ട്രോക്ക് മെഡിസിൻ വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)

Content Summary : Dementia increases the risk and severity of COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com