ADVERTISEMENT

മാധവിയമ്മയ്ക്ക് 94 വയസ്സായി. അതിലിപ്പോ എന്തിരിക്കുന്നു എന്നാവും  ചിന്തിക്കുന്നത്. എങ്കിൽ കാര്യമുണ്ട്. ഈ പ്രായത്തിലും മാധവിയമ്മ ചെയ്യുന്ന അഭ്യാസങ്ങളും വ്യായാമവുമൊക്കെ കണ്ടാൽ ഈ പറഞ്ഞ വയസ്സ് പോലും ഒന്നു ചിന്തിച്ചു പോകും  ‘ഹോ..ഈ പ്രായത്തിലും എന്നാ ഒരു ഇതാ’

കണ്ണൂർ ജില്ലയിലെ തില്ലങ്കേരി അരീച്ചാലിലാണ് തൈക്കണ്ടി വീട്ടിൽ മാധവിയുള്ളത്. ഇന്നും ഒരസുഖവുമില്ലാതെ ആരോഗ്യത്തോടെ ഇരിക്കുന്നു.  കാര്യമായ അസുഖങ്ങളൊന്നും വരാത്തതിനാൽ ഇതുവരെ മരുന്ന് കഴിക്കേണ്ടി വന്നിട്ടില്ലെന്ന് മാധവിയമ്മ പറയും. ഒൻപതാം വയസ്സിലാണ് കളരി പഠിച്ചു തുടങ്ങിയത്. പിന്നീട് കല്യാണം കഴിഞ്ഞ ശേഷം ഭർത്താവിന്റെ കൂടെ വല്ലപ്പോഴും കളരി കാണാൻ പോകുമായിരുന്നു. അന്നു പഠിച്ച കളരിയിലെ അഭ്യാസങ്ങളും മുറകളും തന്നെയാണ് ഈ ആരോഗ്യത്തിന്റെ രഹസ്യവും. വർഷങ്ങൾക്ക് മുൻപ് പഠിച്ചതാണെങ്കിലും മാധവിയുടെ ഒരു ദിവസം തുടങ്ങുന്നത് കളരി മുറകളടങ്ങിയ വ്യായാമത്തിലൂടെയാണ്. പുലർച്ചെ നാലിന്‌ എഴുന്നേൽക്കും. പിന്നെ ശരീരം മുഴുവൻ എണ്ണ തേച്ച് അര മുക്കാൽ മണിക്കൂറോളം വീടിന് ചുറ്റും ഓടിയും നടന്നുമൊക്കെ പലതരത്തിലുള്ള വ്യായാമങ്ങൾ ചെയ്യും. അതിനു ശേഷം കുളി കഴിഞ്ഞ് വീടിനു മുൻപിലെ ചെറിയ കാവ് മുഴുവൻ തൂത്തു വൃത്തിയാക്കി വിളക്ക് തെളിക്കും. 8 മണിക്കുള്ളിൽ പ്രാതൽ കഴിക്കാറാണ് പതിവ്.  ഓർമയ്ക്കും കാഴ്ച ശക്തിക്കുമൊക്കെ ഇപ്പോഴും ചെറുപ്പം.  

ഭക്ഷണ കാര്യത്തിൽ പ്രത്യേക നിർബന്ധങ്ങളൊന്നും ഇല്ലെങ്കിലും സസ്യാഹാരമാണ് കൂടുതൽ പ്രിയം. പ്രായമായതല്ലേ എന്നു പറഞ്ഞ് വെറുതേ ഇരിക്കാനൊന്നും ആളെ കിട്ടില്ല. എന്തെങ്കിലുമൊക്കെ എപ്പോഴും ചെയ്തു കൊണ്ടിരിക്കും. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതും ഊന്നുവടി പോലുമില്ലാതെ കവലയിൽ പോകുന്നതുമൊക്കെ മാധവിയമ്മയ്ക്ക് ലളിതക്രിയ. 11 മക്കളുള്ളതിൽ 3 പേർ ഇന്നില്ല. മക്കളിൽ ചിലർക്ക് കളരിയുടെ ആദ്യ പാഠങ്ങൾ പകർന്നു കൊടുത്തിരുന്നെങ്കിലും അവരാരും അമ്മയെ പോലെ തുടർന്നില്ല.

കളരി വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കാം

കളരിപ്പയറ്റ് ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്ക് മാത്രമല്ല. ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ഉത്തമമാണ്. വ്യായാമം എന്ന രീതിയിൽ ചെയ്യാവുന്ന ചില ലളിതമായ കളരി മുറകൾ ചുവടെ:

 

ശലഭാസനം:  കമഴ്ന്നു കിടക്കുക, തുടർന്ന് കാലുകൾ ഓരോന്നായി മാറി മാറി ഉയർത്തുക. ഇത് കുറച്ചു നേരം ചെയ്ത ശേഷം ഇരു കാലുകളും ഒരുമിച്ചു പൊക്കുക.

(നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു. ഊര വേദന വെരിക്കോസ് വെയിൻ തുടങ്ങിയവയ്ക്ക് ഉത്തമം)

 

ഭുജങ്കാസനം:  കമഴ്ന്നു കിടക്കുക. ശേഷം രണ്ടു കൈപ്പത്തിയും നിലത്ത് വച്ച് ശരീരത്തിന്റെ പകുതി ഭാഗം ഉയർത്തുക (അര ഭാഗം മുതൽ കാൽ വരെ നിലത്ത് അമർന്നിരിക്കണം). ഇങ്ങനെ ഉയർന്നും താഴ്ന്നും ചെയ്ത് ആവർത്തിക്കുക.

(ഏകാഗ്രത, മനഃശക്തി, ആത്‍മവിശ്വാസം എന്നിവ വർധിക്കാൻ സഹായിക്കും.)

ആങ്കിൾ റൊട്ടേഷൻ : നിവർന്നു നിൽക്കുക. ശേഷം ഒരു കാൽ  ചെറുതായി മുന്നോട്ട് പൊക്കുക. തുടർന്ന് കാൽ പാദത്തിന്റെ ആങ്കിൾ മുന്നോട്ടും പിന്നോട്ടും വലത്തോട്ടുമൊക്കെ തിരിക്കുക. ഇത് ആവർത്തിക്കുക. ഒരു കാൽ കഴിഞ്ഞു രണ്ടാമത്തെ കാലിലും ഇത് തുടരാം. 

 

 

English summary : Health secrets of Madhaviyamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com