കുട്ടിത്തം നഷ്ടമാകുന്നതിന്റെ അടയാളങ്ങൾ; ഈ സൂചനകൾ അപകടകരം, ചെയ്യേണ്ടത്

Mail This Article
അല്ലറ ചില്ലറ മോഷണങ്ങൾ, അടുത്ത വീട്ടിലെ ചേച്ചിയുടെ മാല കട്ടെടുക്കൽ, അത് വിറ്റു കിട്ടുന്ന കാശു കൊണ്ട് ഹോട്ടലിൽ നിന്നുള്ള ഭക്ഷണം, ചങ്ങാതിമാരുമായി ഉന്തും തള്ളും, ഒളിച്ചുള്ള പുകവലി ഇതൊക്കെയായിരുന്നു പണ്ടുകാലത്തെ കൗമാര കുറ്റങ്ങൾ. കാലം മാറിയതോടെ കുറ്റകൃത്യങ്ങളുടെ കോലം മാറി. ലഹരിമരുന്ന് കടത്തും സ്ത്രീകളെ ഉപദ്രവിക്കലും കുളിക്കുന്ന സ്ത്രീകളുടെ വിഡിയോ അവരറിയാതെ പകർത്തി കൈമാറലും കൊലപാതകവുമൊക്കെ കുട്ടികൾ ചെയ്യാൻ തുടങ്ങി. കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി പോക്സോ കേസ് സാഹചര്യം ഉണ്ടാക്കിയ പെൺകുട്ടികളും ഉണ്ടായി. കുട്ടികൾ കുട്ടികളോടു ചെയ്യുന്ന ലൈംഗികാതിക്രമ കേസുകളും അപൂർവമല്ലാതായി. ഇളംമനസ്സിന്റെ ചെയ്തികളിൽ മുതിർന്നവരുടെ തിന്മകൾ കയറിപ്പറ്റി. നിഷ്കളങ്ക ബാല്യമെന്നും പിള്ളവായിൽ കള്ളമില്ലെന്നും പറയാൻ പറ്റാത്ത അവസ്ഥകൾ മാനസികാരോഗ്യ ക്ലിനിക്കുകളിൽ ആവർത്തിച്ച് കേൾക്കുന്നുണ്ട്. പൊതുവിൽ നഷ്ടമാകുന്ന കുട്ടിത്തത്തിന്റെ അടയാളങ്ങളല്ലേ ഇത്? മുതിർന്നവരുടെ ക്രൂരത നിഴലിക്കുന്ന കുട്ടിക്രൈമുകൾ സമൂഹത്തെ പൊള്ളിക്കാം. കുട്ടിയെന്ന അലിവ് ചോർത്തിയേക്കാം. പക്ഷേ അവർ കുട്ടികൾ തന്നെയാണ്.
മൂക്കാത്ത തലച്ചോറിലേക്ക് ഇതൊക്കെ കയറിയാല്‍...
ബാല്യത്തിലെയും കൗമാരത്തിലെയും തലച്ചോറിലേക്ക് മുതിർന്നവരുടേതായ ലൈംഗികതയുടെയും അക്രമത്തിന്റെയും ബിംബങ്ങള്‍ കയറിക്കൂടിയാല്‍ അവർ ചില സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറുമെന്നു പറയാന്‍ പറ്റില്ല. ഇത് ഈ പുതിയ ലോകത്തിൽ ധാരാളമായി സംഭവിക്കുന്നുണ്ട്. ഓൺലൈനിലൂടെയും മറ്റു പല സ്രോതസ്സുകളിലൂടെയും ഇത്തരം വികല അറിവുകൾ കുട്ടിമനസ്സുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
പ്രായത്തിനു ചേരാത്ത ദുരനുഭവങ്ങളും പല കുട്ടികളും നേരിടുന്നുണ്ട്. പാകതയെത്താത്ത തലച്ചോറിലും മനസ്സിലും ഇത് തെറ്റായ സ്വാധീനം ചെലുത്താന്‍ ഇടയുണ്ട്. മൂല്യ ബോധവും നല്ല കൂട്ടുകെട്ടും കുടുംബ സാഹചര്യവുമൊക്കെയാണ് ഇതിനൊക്കെ കടിഞ്ഞാൺ ഇടുന്നത്. ചിലപ്പോൾ ഇതൊക്കെ ദുർബലപ്പെട്ടുപോകാം. അങ്ങനെ സംഭവിച്ചാൽ പല തരം അതിക്രമങ്ങൾ ഉണ്ടാകും. പതിനഞ്ച് വയസ്സുകാരന്‍ ഒരു യുവതിയെ പകല്‍വെളിച്ചത്തിൽ ലൈംഗികമായി ഉപദ്രവിക്കാനും ആക്രമിക്കാനും തുനിഞ്ഞ കൊണ്ടോട്ടി സംഭവം അതിന്റെ സാക്ഷ്യമാകാം.
അവന്റെ ഉള്ളില്‍ ഈ ക്രൂരത എങ്ങനെ വന്നുവെന്ന് പരിശോധിക്കുമ്പോൾ ഈ വക ഘടകങ്ങൾ കൂടി ഉണ്ടാകാം.
കുറ്റവാസന പൊട്ടി മുളയ്ക്കുന്ന പുതു കുടുംബങ്ങള്‍
കുട്ടികൾ ഈ നവ ലോകത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന സങ്കീര്‍ണമായ മാനസിക ചക്രവാളങ്ങൾ മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയുന്നില്ല. പുതുജനുസ്സില്‍പ്പെട്ട ഈ പിള്ളേരെ വളര്‍ത്താനുള്ള വൈഭവങ്ങൾ മാതാപിതാക്കൾ നേടിയിട്ടുമില്ല. പല മാതാപിതാക്കളും കുട്ടികൾ ചെന്നുപെടുന്ന ഓൺലൈൻ ശീലങ്ങളുടെ അടിമകളുമാണ്. കുട്ടികൾക്ക് ഉള്ളു തുറന്നു മിണ്ടാനും പറയാനുമുള്ള ഇടം കൊടുക്കാൻ നേരവുമില്ല. എന്നാൽ ഭൗതിക സൗകര്യങ്ങൾക്ക് ഒരു കുറവുമുണ്ടാവില്ല. നല്ല ഫോൺ നൽകും, കടമെടുത്തായാലും നല്ല ഉടുപ്പും ചെരുപ്പുമൊക്കെ നൽകും, സ്വന്തം സാമ്പത്തിക സാഹചര്യത്തിനും മേലെയുള്ള ജീവിതശൈലികൾ സമ്മാനിക്കും. ഈ പുതിയ ഗാർഹിക സാഹചര്യമാണ് പലപ്പോഴും കുട്ടിക്കുറ്റവാളികളെ ഉണ്ടാക്കുന്നത്. വീട്ടിലെ മറ്റു പ്രതികൂലാവസ്ഥകൾ നാലു പേരറിയും. കുറച്ചൊക്കെ ഇടപെടലുകൾ ഉണ്ടാകും. എന്നാൽ ഈ പുതിയ കുടുംബങ്ങളെ കുറിച്ച് ആരുമറിയില്ല. കുറ്റകൃത്യത്തിൽ വീഴുമ്പോൾ, ആ വീട്ടിലെ കുട്ടിയോ ഇത് ചെയ്തതെന്ന് എല്ലാവരും ആശ്ചര്യപ്പെടും. ഓൺലൈൻ പഠന സാഹചര്യവും ഗാഡ്ജറ്റ് ലഭ്യതയുമെക്കെ കുട്ടികൾക്ക് കൂടുതൽ സ്വകാര്യ ഇടങ്ങൾ നൽകിയിട്ടുണ്ട്. അവിടെ എന്തു നടക്കുന്നുവെന്ന് മുതിർന്നവർക്ക് കൃത്യമായ അറിവില്ല. ഒരു അദൃശ്യമതിൽ പല കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ വന്നിട്ടുണ്ട്. നിയമവുമായി സംഘർഷം വരുന്ന പ്രവൃത്തികളിലേക്കും മറ്റു ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങളിലേക്കും പോകാനുള്ള അനുകൂല സാഹചര്യം ഇത് മൂലം ഒരുങ്ങുന്നു.
സങ്കീര്‍ണ ബാല്യങ്ങള്‍
സങ്കീര്‍ണ ബാല്യങ്ങളും കൗമാരങ്ങളും ഒരു യാഥാർഥ്യമാണ്. കോവിഡ് നാളുകളിൽ അതു വർധിച്ചുവോയെന്നു സംശയിക്കണം. അതിൽ പോണോഗ്രഫി കണ്ടിട്ടുള്ളവരുണ്ട്, അക്രമം നിറയുന്ന വിഡിയോ ഗെയിമുകൾ കളിച്ചവരുണ്ട്, ഓൺലൈൻ കാലം നല്‍കുന്ന വിദേശ സീരിയൽ ആസ്വാദനങ്ങളുടെ അവശേഷിപ്പുകളുണ്ട്, നിത്യേനയെന്നോണം പൊതുബോധത്തില്‍ നിറയുന്ന കുറ്റകൃത്യങ്ങളുടെ മാതൃകകളുണ്ട്. ഇതൊക്കെ ഇളംമനസ്സുകളെ എങ്ങനെയൊക്കെ മാറ്റിമറിച്ചുവെന്നത് വീട്ടുകാർക്കെങ്കിലും അറിയാമോ? അറിയാൻ ശ്രമിക്കുന്നുണ്ടോ? കൗമാര കൗതുകവും റിസ്ക് എടുക്കാനുള്ള വാസനയും കൂടി ചേരുമ്പോൾ ഇവയൊക്കെ പ്രയോഗത്തിൽ വരുത്തണമെന്ന ഉൾപ്രേരണയുണ്ടാകാം. തുണയാകേണ്ട മൂല്യവിചാരം കൃത്യമായി കിട്ടാത്ത വീടുകളിലെ കുട്ടികൾ പെട്ടുപോകാം. സുഖവും ഉല്ലാസവുമാണ് ജീവിതത്തില്‍ പ്രധാനമെന്ന നീതിശാസ്‌ത്രത്തിന്റെ പിറകെ പോകുന്ന പിള്ളേരും ഇതുപോലെയുള്ള അരാജകത്വത്തിന്റെ വഴിയേ പോകാം. ഇതിനായി പണമുണ്ടാക്കാനായി തരികിടകൾ കാട്ടുന്ന എത്രയോ കുട്ടികൾ.
കുട്ടിത്തം വീണ്ടെടുക്കാന്‍ എന്തു ചെയ്യും?
എന്റെ കുട്ടി ഇതിലൊന്നും പെടില്ലെന്ന വിചാരം വേണ്ട. കൂടുതൽ സ്വകാര്യതയിലേക്കും രഹസ്യ സ്വഭാവത്തിലേക്കും ചുരുങ്ങാൻ ശ്രമിക്കുമ്പോൾ സൂക്ഷിക്കണം. എന്തു ചെയ്യുന്നുവെന്ന് സ്‌നേഹത്തോടെ അന്വേഷിക്കുമ്പോൾ കയർത്താണ് മറുപടിയെങ്കിൽ ശ്രദ്ധിക്കണം. ഒളിക്കാൻ ശ്രമിക്കുന്ന എന്തിലും ഒരു കുഴപ്പത്തിന്റെ തീപ്പൊരിയുണ്ടാകാം. നേരത്ത തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ അത് വലിയ അഗ്നിയായി ഉറക്കം കെടുത്തും. ഇതൊക്കെ സാധിക്കണമെങ്കിൽ സംശയാലു ചമയാതെയുള്ള നല്ല അടുപ്പവും തുറന്ന ആശയവിനിമയവും വേണം. കുട്ടിയെ കുട്ടിയായി വളർത്താനുള്ള വൈഭവവും പ്രധാനം.
ക്രൈം ഉണ്ടാകുമ്പോള്‍ മാത്രം ഞെട്ടിയാൽ ഇത് തീരില്ല. നിരന്തര ജാഗ്രത വേണം. അതിരു വിടുന്ന വികൃതികളുടെ പൊട്ടും പൊടിയും കാണുമ്പോൾ അധ്യാപകരും ഉണർന്ന് പ്രവർത്തിക്കണം. അത്തരമൊരു സംരക്ഷണ വലയം ഇല്ലാതെ പോയതിന്റെ കോട്ടം കാണാനുണ്ട്. ഇതൊക്കെ തടയാൻ വേണ്ടി സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ ശക്തമാക്കാം. കുട്ടികളെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന മുതിർന്നവരെ നിയമത്തിനു കാട്ടിക്കൊടുക്കാം. കുറ്റം ചെയ്താലും കുട്ടിയുടെ പക്ഷം ചേർന്ന് നിൽക്കാം. ഉത്തരവാദികൾ മുതിർന്നവരും സമൂഹവുമാണല്ലോ. കുട്ടിത്തം വീണ്ടെടുക്കാൻ എന്തു ചെയ്യാമെന്ന് കൂടി ആലോചിക്കാം.
(ലേഖകൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ്)
English Summary : Childhood crime and dangerous hints