ADVERTISEMENT

ആരോഗ്യത്തോടെ ഇരിക്കാന്‍ ആവശ്യമുള്ളതും എന്നാല്‍ അധികമായാല്‍ അപകടകരമായതുമായ സംഗതിയാണ് കൊളസ്ട്രോള്‍. ചീത്ത കൊളസ്ട്രോളിന്‍റെ തോത് ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ നിരവധി സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും മനുഷ്യരെ നയിക്കാം. പോഷകസമ്പുഷ്ടവും  ആരോഗ്യകരവുമായ ഭക്ഷണവിഭവങ്ങള്‍ കഴിച്ചും നിത്യവും വ്യായാമം ചെയ്തും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

 

നാരുകള്‍ ചേര്‍ന്ന ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും കൊളസ്ട്രോള്‍ തോതും കുറയ്ക്കുമെന്ന് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നു. മുതിര്‍ന്ന ഒരു വ്യക്തി പ്രതിദിനം 30 ഗ്രാമെങ്കിലും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണ വിഭവങ്ങളാണ് ഹോള്‍മീല്‍ ബ്രഡ്, ഓട്സ്, ബാര്‍ലി, തൊലികളയാത്ത ഉരുളക്കിഴങ്ങ് തുടങ്ങിയവ. ഭക്ഷണക്രമത്തിലെ കൊഴുപ്പിന്‍റെ അളവും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാന്‍ കുറച്ചു കൊണ്ടു വരേണ്ടതാണ്.

 

സാച്ചുറേറ്റ‍ഡ് കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുമെന്നും എന്‍എച്ച്എസ് ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണത്തിനു പുറമേ അമിതവണ്ണം, വ്യായാമക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയവയും കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍റെ തോത് കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ സ്റ്റാറ്റിന്‍സ് മരുന്നുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഇതിന് തലവേദന, തലകറക്കം, പേശീവേദന, ഉറക്ക പ്രശ്നങ്ങള്‍ പോലുള്ള പാര്‍ശ്വഫലങ്ങളുണ്ടാകാം. വിശദീകരിക്കാനാവാത്ത പേശീവേദനയോ, ദുര്‍ബലതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. 

 

40 വയസ്സിനു മുകളിലുള്ളവര്‍ ഇടയ്ക്കിടെ കൊളസ്ട്രോള്‍ തോത് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. യുവാക്കള്‍ക്കും പുറമേയ്ക്ക് ഫിറ്റായി  ഇരിക്കുന്നവര്‍ക്കു പോലും ചിലപ്പോള്‍ കൊളസ്ട്രോള്‍ ഉണ്ടായെന്ന് വരാം. അനാരോഗ്യകരമായ ജീവിതശൈലിക്ക് പുറമേ ജനിതകകാരണങ്ങളും  കൊളസ്ട്രോളിന് കാരണമാകാം. സാച്ചുറേറ്റഡ് അല്ലാത്ത കൊഴുപ്പ് അടങ്ങിയ വെജിറ്റബിള്‍ ഓയിലുകള്‍, അവോക്കാഡോ, നട്സ്, സീഡ്സ്, ഒമേഗ-3 അടങ്ങിയ മത്സ്യം തുടങ്ങിയവയും കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary : Cholesterol lowering foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com