ADVERTISEMENT

പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടു വരുന്ന രണ്ടാമത്തെ അര്‍ബുദമാണ് പ്രോസ്‌ട്രേറ്റ് കാന്‍സര്‍. പുരുഷ ബീജത്തെ പുറത്തേക്ക് എത്തിക്കുന്ന ശുക്ലത്തെ ഉത്പാദിപ്പിക്കുന്ന, വാള്‍നട്ടിന്റെ വലുപ്പത്തിലുള്ള ഗ്രന്ഥിയാണ് പ്രോസ്‌ട്രേറ്റ്. ഈ ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദം മൂത്രമൊഴിക്കുമ്പോഴും ശുക്ല സ്ഖലന സമയത്തുമെല്ലാം വേദനയും ബുദ്ധിമുട്ടുമുണ്ടാക്കും. നിരന്തരം മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രത്തില്‍ രക്തം കാണുന്നതുമെല്ലാം പ്രോസ്‌ട്രേറ്റ് കാന്‍സറിന്റെ ലക്ഷണങ്ങളാണ്. സാധാരണ ഗതിയില്‍ 65 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് പ്രോസ്‌ട്രേറ്റ് കാന്‍സര്‍ പൊതുവേ കാണപ്പെടുന്നത്. 

 

പ്രായത്തിന് പുറമേ ചില ചീത്ത ശീലങ്ങളും ഭക്ഷണരീതികളുമൊക്കെ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ വരാന്‍ കാരണമാകും. പ്രോസ്‌ട്രേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുരുഷന്മാര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 

1. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

 

നല്ല കൊഴുപ്പ്, ചീത്ത കൊഴുപ്പ് എന്നിങ്ങനെ കൊഴുപ്പ് രണ്ട് വിധമുണ്ട്. നല്ല കൊഴുപ്പ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നിങ്ങളെ വളരെ വേഗം രോഗിയാക്കുന്നതാണ് ചീത്ത കൊഴുപ്പ്. നട്‌സ്, നെയ്യ്, മീന്‍ തുടങ്ങി നല്ല കൊഴുപ്പ് അടങ്ങിയ നിരവധി ഭക്ഷണ വിഭവങ്ങളുണ്ട്. പ്രോസ്‌ട്രേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ പോലും അല്‍പം ശ്രദ്ധയോടെ മിതമായ തോതില്‍ കഴിക്കേണ്ടതാണ്. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രോസ്‌ട്രേറ്റ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. 

 

2. ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും

 

പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും പല തരം പോഷണങ്ങള്‍ അടങ്ങിയതാണ്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതിനും ഈ പോഷണങ്ങള്‍ ആവശ്യമാണ്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും പ്രോസ്‌ട്രേറ്റ് കാന്‍സറിന്റെ സാധ്യത കുറയ്ക്കും. അനാവശ്യമായി വലിച്ചു വാരി കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായകമാണ്. സോയാബീന്‍, ഗ്രീന്‍ ടീ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

 

3. ആരോഗ്യകരമായ ഭാരനിയന്ത്രണം

 

അമിതമായ വണ്ണവും ഭാരവും പ്രോസ്‌ട്രേറ്റ് കാന്‍സറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും. ബോഡി മാസ് ഇന്‍ഡെക്‌സ് 30 ഓ അതിലധികമോ ഉളള പുരുഷന്മാരില്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 50 വയസ്സിന് മുകളില്‍ പ്രായമായവരില്‍ ചയാപചയ പ്രക്രിയ മന്ദഗതിയിലാകുന്നതിനാല്‍ ഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവര്‍ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ഇത് കുറയ്ക്കുന്നത് പ്രോസ്‌ട്രേറ്റ് നിയന്ത്രണത്തില്‍ സഹായകമാകും. 

 

4. നിത്യേനയുള്ള വ്യായാമം

 

വണ്ണം കുറച്ച് സ്ലിമ്മാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല നിത്യവുമുള്ള വ്യായാമം. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആരോഗ്യകരമായ ജീവിതത്തിന് വ്യായാമമില്ലാതെ പറ്റില്ല. പ്രോസ്‌ട്രേറ്റ് കാന്‍സറിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും മറ്റു രോഗങ്ങളുടെയും സാധ്യത കുറയ്ക്കാനും  വ്യായാമം സഹായിക്കും. ദിവസവും 30 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വയ്‌ക്കേണ്ടതാണ്. 

 

5. പുകവലിയും മദ്യപാനവും 

 

അമിതമായ പുകവലിയും മദ്യപാനവും നിങ്ങളുടെ പ്രതിരോധ ശേഷിയെ കുറച്ച് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമയാക്കും. ആഴ്ചയില്‍ ഒന്നെന്ന നിലയില്‍ പരിമിതമായ തോതില്‍ വേണമെങ്കില്‍ മദ്യപാനം ആകാം. പക്ഷേ, പുകവലി എത്രയും വേഗം നിര്‍ത്തുന്നത് പ്രോസ്‌ട്രേറ്റ് കാന്‍സര്‍ പോലുള്ള പല അപകടങ്ങളില്‍ നിന്നും ഭാവിയില്‍ രക്ഷിക്കും. 

 

ഇത്തരം മുന്‍കരുതലുകള്‍ക്ക് പുറമേ പ്രോസ്‌ട്രേറ്റ് കാന്‍സറിനുള്ള പരിശോധനയും 50 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ ഇടയ്ക്കിടെ നടത്തേണ്ടതാണ്.

English Summary : Tips to prevent prostrate cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com