സമൂഹമാധ്യമങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഇവരുടെ ആഘോഷങ്ങളെല്ലാം ആരാധകരും ഏറ്റെടുക്കാറുണ്ട്. ഏതാനും ദിവസം മുമ്പാണ് ഇരുവർക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. അർജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണുമാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന് സുദർശന എന്നു പേരിട്ട വിവരവും അർജുനും സൗഭാഗ്യയും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ, പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ല, സിസേറിയനായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു. പെട്ടെന്നായിരുന്നു തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും മാലാഖയെ പോലുള്ള എന്റെ ഡോക്ടർ അനിതയുമാണ് അത് സുഖകരമായ ഒരു അനുഭവമാക്കി മാറ്റി തന്നത്. സിസേറിയൻ ഞാൻ കരുതിയതുപോലെ അത്ര പേടിക്കേണ്ട ഒന്നല്ല. എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നും സൗഭാഗ്യ കുറിച്ചിരിക്കുന്നു.
ഡോക്ടർ അനിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്. ഞാനും എന്റെ സുദർശനയും സുരക്ഷിതമായി സുഖമായും ഇരിക്കുന്നതിന്റെ കാരണം എന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ തന്നെ സൗഭാഗ്യ പറയുന്നത്.
English Summary : Sowbhagya Venkitesh after delivery, shared her experience with doctor