ADVERTISEMENT

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആവിഷ്കരിച്ച മെഡിസെപ് മാതൃകയിൽ വയോജനങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിശോധിക്കാൻ സർക്കാരിനോട്  ശുപാർശ ചെയ്യാൻ പുനഃസംഘടിപ്പിച്ച വയോജന കൗൺസിലിന്റെ ആദ്യയോഗത്തിൽ തീരുമാനം. വാർധക്യ പെൻഷന് അർഹതയുള്ള എല്ലാ വയോജനങ്ങളെയും വയോമിത്രം പദ്ധതിയിൽ ഉൾക്കൊള്ളിക്കുന്ന കാര്യവും പരിശോധിക്കാൻ നിർദേശിക്കും. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി വയോജനപാർക്കുകൾ സ്ഥാപിക്കാനും നിലവിലെ പാർക്കുകളുടെ ഒരു ഭാഗം വയോജനപാർക്കാക്കി മാറ്റുന്നകാര്യം പരിശോധിക്കാനും സർക്കാരിനു ശുപാർശ സമർപ്പിക്കും. 

പൊതുഗതാഗത സംവിധാനങ്ങളിൽ വയോജനങ്ങൾക്കുള്ള സീറ്റ് സംവരണം ഫലപ്രദമായി നടപ്പാക്കാൻ നടപടിവേണമെന്ന് ഗതാഗതവകുപ്പിനോടാവശ്യപ്പെട്ട് കത്തുനൽകും. വയോജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലാവണം സീറ്റ് സംവരണം. 

ബസുകളിൽ അവർക്ക് കയറിയിറങ്ങൽ എളുപ്പമാക്കുന്ന   രീതിയിൽ ഫുട്ബോഡുകൾ സ്ഥാപിക്കണമെന്നും യാത്രയ്ക്ക് സൗജന്യനിരക്ക് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടും. സ്കൂളുകളിലും കോളേജുകളിലും വയോജന ക്ലബ്ബുകൾ രൂപീകരിക്കുന്നത് പരിശോധിക്കാനും, ദേശീയ വയോജനകൗൺസിലിൽ സംസ്ഥാനത്തിന്റെ പ്രതിനിധികളെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാന വയോജന കൗൺസിൽ കൺവീനറായി അമരവിള രാമകൃഷ്ണനെ നിർദ്ദേശിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിക്കുന്ന വിഷയം സർക്കാർ പരിഗണിക്കുമെന്ന് യോഗത്തിൽ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കും. 

കേന്ദ്ര വയോജനസംരക്ഷണ നിയമം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയതിന് കേന്ദ്രസർക്കാരിന്റെ വയോശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്രനിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്തതും വയോജനസംരക്ഷണത്തിൽ കൂടുതൽ ഫലപ്രദവുമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുള്ള സമഗ്രനിയമനിമാണത്തിന്റെ സാധ്യത പരിശോധിക്കും - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

English Summary : Old age health care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com