ADVERTISEMENT

അടുത്ത് വാ.. അടുത്ത് വാ.. അടുത്ത് വന്നാട്ടെ.. നാം ദിവസവും കാണുന്ന ഒരു പ്രമുഖ ബ്രാൻഡായ ടൂത്ത് പേസ്റ്റിെൻറ പരസ്യം മാത്രമല്ല ഇത്. നമ്മുടെ പല്ലും വായും ആത്മവിശ്വാസത്തിന്റെ പ്രതീകവും കൂടിയാണ്. നല്ല മൊഴികൾ പറയുന്ന നമ്മുടെ വായുടെ ആരോഗ്യത്തിൽ വിട്ടു വീഴ്ച പാടില്ല. എന്നും നമ്മുടെ ചിരി വാടാതിരിക്കട്ടെ

ഇന്ന് ലോക ഓറൽ ഹെൽത്ത് ഡേ (Oral Health Day). എല്ലാ വർഷവും മൂന്നാമത്തെ മാസമായ മാർച്ച് 20 ന് വേൾഡ് ഡെന്റൽ ഫെഡറേഷൻ (എഫ്ഡിെഎ) എന്ന ലോക ദന്തൽ സംഘടനയാണ് വായിലെ ശുചിത്വത്തിന്റെറ പ്രാധാന്യത്തെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ ദിവസത്തിന് തുടക്കം കുറിച്ചത്. ഒരു ചെറിയ കുട്ടിക്ക് അരോഗ്യമുള്ള 20 പാൽ പല്ലുകളും പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ആരോഗ്യമുള്ള 32 പല്ലുകളും അറുപതിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ആരോഗ്യമുള്ള 20 പല്ലുകൾ എങ്കിലും ഉണ്ടായിരിക്കുന്നത് അവരുടെ പല്ലുകളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. പല്ലുകളിലെ എണ്ണങ്ങളുടെ ഈ കണക്കുകളാണ് എഫ്ഡിെഎ  3‌‌\20 എന്ന മാസവും ദിവസവും തിരഞ്ഞെടുക്കാൻ കാരണം. " Be Proud of Your Mouth " എന്നതാണ് 2021 മുതലുള്ള വിഷയം. ദന്തസംരക്ഷണത്തെക്കുറിച്ചും വായിലെ ശുചിത്വത്തെക്കുറിച്ചും കോട്ടയം ഭാരത് ഹോസ്പിറ്റൽ കൺസൾട്ടൻറ് ഡെന്റൽ സർജൻ ഡോ. നന്ദകിഷോർ ജെ.വർമ്മ സംസാരിക്കുന്നു.

കുട്ടികളിൽ പല്ല് തേപ്പിക്കുന്ന ശീലം ഏത് പ്രായം തൊട്ട് ആരംഭിക്കണം?

ദന്ത സംരക്ഷണവും വായിലെ ശുചിത്വവും പല്ലുകൾ മുളക്കുന്നതിന് മുൻപേ തുടങ്ങണം. മുലയുട്ടലിനു  ശേഷം അമ്മ , കുട്ടിയുടെ മോണ തുണി അഥവ ഗോസ് ഉപയോഗിച്ച് തുടച്ച് കൊടുക്കണം.പാൽ പല്ല് വരുന്നത് മുതൽ  രാവിലെയും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപുമായി കൃത്യമായി പല്ലുകൾ തേപ്പിക്കണം.പിന്നീട്  ഇതൊരു ശീലമാക്കി മാറ്റാൻ കുട്ടികളെ പഠിപ്പിക്കണം.

കൃത്യമായ പരിശോധന ദന്തസംരക്ഷണത്തിന് ആവശ്യമുണ്ടോ ?

കൃത്യമായ ദന്തപരിപാലനത്തിലുടെ പല്ലുകളുടെ കേടുകൾ കണ്ടെത്താനും  നല്ലൊരു ശതമാനത്തോളം ദന്തരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും.ആറ് മാസത്തിലൊരിക്കൽ ഒരു ദന്ത ഡോക്ടറെ സമീപിച്ച് വായിലെ പരിശോധനകൾ കൃത്യമായി നടത്തുകയും . ആവശ്യമെങ്കിൽ രോഗങ്ങൾക്ക് വേണ്ട പ്രതിവിധി ചെയ്തു തുടങ്ങുകയും വേണം.

world-oral-health-day-representative-image-flossing
Photo Credit : Aleksandr Rybalko / Shutterstock.com

പല്ലുകൾ തേയ്ക്കുന്ന രീതി എങ്ങനെയെന്ന് വിശദമാക്കാമോ?

നല്ലൊരു ശതമാനം ആളുകളുടേയും പല്ല് തേയ്ക്കുന്ന രീതികൾ പല്ലിന്റെ തേയ്മാനത്തിന് കാരണമാവാറുണ്ട് . എല്ലാ ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിനു മുൻപായും 2 – 3 മിനിറ്റ് സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രഷ് കൊണ്ട് 45 ഡിഗ്രി ചരിച്ച്  ബ്രഷിന്റെ ബ്രസ്സിൽസ് പകുതി മോണയിലും പല്ലിലും വരുന്ന രീതിയിൽ ചെറിയ വൃത്താകൃതിയിൽ വേണം ബ്രഷ് ചെയ്യുവാൻ. മോണയിൽ നിന്നും ചവയ്ക്കുന്ന  ഭാഗത്തേക്ക്  ഭക്ഷണാവശിഷ്ടങ്ങൾ തൂത്തുകളയുന്ന രീതിയിലും ബ്രഷ് ചെയ്യണം. പല്ലിന്റെ ഇടയിൽ ഇരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ടൂത്ത് പിക്കോ മൂർച്ചയേറിയ മറ്റ് വസ്തുക്കൾ കൊണ്ടോ കുത്തിയെടുക്കാൻ പാടില്ല. അതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന ഡെൻറൽ ഫ്ലോസസ് ഉപയോഗിക്കാവുന്നതാണ്.

വായിലുണ്ടാവുന്ന അർബുദ രോഗങ്ങൾ എങ്ങനെ കണ്ടെത്താം ? അവ ചികിത്സിച്ച് ഭേദമാക്കാവുന്നതാണോ?

പുകയിലയുടെ ഉപയോഗമാണ് വായിലെ  അർബുദരോഗങ്ങൾക്ക് പ്രധാന കാരണം.കവിളിന്റെ ഉൾഭാഗം, മുകളിലത്തെ മോണ, നാക്കിന്റെ അടിഭാഗം വശങ്ങൾ  എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവ കണ്ടുവരുന്നത്. മൂന്നാഴ്ചക്ക് ശേഷവും  ഉണങ്ങാതെ നിൽക്കുന്ന വൃണവും അർബുദ രോഗത്തിന്റെ ആരംഭ സൂചനയാണ്.വായിലെ വെളുത്തപാടയോ ചുവന്നനിറത്തോട് കൂടിയ പാടകളോ വായിലെ നിറവ്യത്യാസമോ ബ്രഷ് ചെയ്യുമ്പോൾ കണ്ടെത്തിയാൽ ഉടൻതന്നെ ഒരു ഡെൻറിസ്റ്റിനെ സമീപിക്കേണ്ടതാണ്. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് വായിലെ അർബുദം.

കോവിഡും ദന്ത രോഗങ്ങളും തമ്മിൽ ബന്ധമുണ്ടോ?

നമ്മുടെ വായിലെ അണുക്കൾക്ക് അനുയോജ്യമായ അന്തരീക്ഷം വരുമ്പോൾ അവ പ്രവർത്തിച്ച് തുടങ്ങുകയും മോണരോഗം പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. സ്ഥിരമായ മോണരോഗം  ശരീരത്തിൽ രോഗസംക്രമണ സാധ്യത കൂട്ടുകയും അത് അവയവങ്ങളെ ബാധിക്കാനും കാരണമാവാറുണ്ട്. മോണരോഗമുള്ള ഒരു രോഗിക്ക് കോവിഡ് 19 ബാധിച്ചാൽ അത് ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

health-world-oral-health-day-dr-nandakishore-j-varma-article
ഡോ. നന്ദകിഷോർ ജെ.വർമ്മ

Content Summary : Good oral health can help you live a longer, healthier life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com