ADVERTISEMENT

സാധാരണയായി കണ്ടു വരുന്ന ഒരു രോഗമാണ് കുഞ്ഞുങ്ങളിലെ വയറിളക്കം (Diarrhea). നമ്മുടെ ദഹനവ്യവസ്ഥയെ ചില വൈറസുകളോ ബാക്ടീരിയയോ ആക്രമിക്കുമ്പോഴാണ് വയറിളക്കം പിടിപെടുന്നത്. അപൂർവമായി മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം കാണപ്പെടാറുണ്ട്. നേരത്തേ തന്നെ വേണ്ട ചികിത്സ നൽകിയാൽ ഒട്ടുമിക്ക വയറിളക്കങ്ങളും ഏതാനും ദിവസം കൊണ്ട് മാറിയേക്കാം. വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കില്‍ നിർജലീകരണവും അതോടനുബന്ധിച്ച് രക്തത്തിലെ ലവണങ്ങളുടെ അസന്തുലിതാവസ്ഥയും വന്നേക്കാം. ആയതിനാൽ വയറിളക്കം വന്നാൽ താമസം കൂടാതെ ORS ചികിത്സ ആരംഭിക്കേണ്ടതാണ്. വയറിളക്കത്തോടനുബന്ധിച്ച് ഇടവിട്ടുള്ള കടുത്ത വയറുവേദനയും മലത്തിലൂടെ രക്തം പോകുകയും ചെയ്യുകയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വേണ്ട ആന്റിബയോട്ടിക്കുകളും സ്വീകരിക്കേണ്ടതാണ്. കൂടാതെ Zinc പോലുള്ള മരുന്നുകളും വയറിളക്ക രോഗങ്ങൾക്കു നൽകാറുണ്ട്.

നിർജലീകരണം (Dehydration) ഇല്ലാത്ത വയറിളക്ക രോഗികൾക്ക് സാധാരണ കഴിച്ചു വരുന്ന ഭക്ഷണപദാർഥങ്ങൾ തുടർന്നും നൽകാം. നിർജലീകരണം സംഭവിച്ച കുട്ടികളിൽ അത് ചികിത്സിച്ചു ഭേദമാകുന്ന മുറയ്ക്ക് സാധാരണ രീതിയിലുള്ള ഭക്ഷണം തുടരാവുന്നതാണ്. ചെറിയ അളവിൽ ഇടവിട്ട് ഭക്ഷണം നൽകുന്നത് കുഞ്ഞു ഛർദിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. വയറിളക്കം പൂർണമായും മാറുന്നതു വരെ കുഞ്ഞിന് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നിരീക്ഷിക്കണം. കുഞ്ഞിന്റെ വാ വരണ്ടിരിക്കുക, അമിതദാഹം, മൂത്രത്തിന്റെ അളവ് കുറയുക, കണ്ണ് കുഴിഞ്ഞിരിക്കുക, അമിതമായ ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. കൂടാതെ വയറിളക്കം 1–2 ആഴ്ച കഴിഞ്ഞും പൂർണമായും മാറിയില്ലെങ്കിൽ വിദഗ്ധോപദേശം തേടേണ്ടതാണ്. 

Content Summary : Diarrhea in Children : Causes and Treatments - Dr. Shabeer. M. P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com