ADVERTISEMENT

ഭക്ഷണത്തെ ദഹിപ്പിക്കാനായി പിത്തരസം ഉത്പാദിപ്പിക്കുന്നത് തൊട്ട് ശരീരത്തില്‍ അഞ്ഞൂറിലധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സൂപ്പര്‍ അവയവമാണ് കരള്‍. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിലും കരള്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഇത്രയും പ്രധാനപ്പെട്ട അവയവമായതിനാല്‍തന്നെ കരളിന്‍റെ ആരോഗ്യ സംരക്ഷണത്തില്‍ നാം വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കരളിന്‍റെ സാധാരണ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ മോശം  ജീവിതശൈലിയാണ്. 

 

കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇനി പറയുന്ന ആറ് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാം:

 

1. ഭക്ഷണത്തില്‍ കൊണ്ടു വരാം നിറവൈവിധ്യം

ആരോഗ്യസമ്പൂര്‍ണമായ ഭക്ഷണം കഴിക്കുന്നത് കരളിനെയും ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കണം. ഭക്ഷണത്തില്‍ പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതു വഴി കൂടുതല്‍ പോഷണങ്ങള്‍ ശരീരത്തിലെത്തും. സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, ജങ്ക് ഫുഡ് എന്നിവ കഴിവതും ഒഴിവാക്കണം. 

 

2. ഭാരനിയന്ത്രണം മുഖ്യം

 

അമിതവണ്ണം കരളുമായി ബന്ധപ്പെട്ട പല വിധ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് കരളിന് മേല്‍ സമ്മര്‍ദം ചെലുത്തി അതിനെ കൂടുതല്‍ ജോലി എടുപ്പിക്കും. മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗത്തിന്‍റെ മുഖ്യ കാരണവും അമിതവണ്ണമാണ്. ഇതിനാല്‍ അമിതഭാരം കുറച്ച് ഉയരത്തിനനുസരിച്ചുള്ള ഭാരം നിലനിര്‍ത്തിയാല്‍ കരള്‍ ആരോഗ്യത്തോടെയിരിക്കും. 

 

3. ഇടയ്ക്കാകാം കരള്‍ പരിശോധന

 

മദ്യപാനികളും കരള്‍ രോഗം കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉള്ളവരും കരള്‍ രോഗത്തിന്‍റെ സാധ്യത അറിയുന്നതിന് ഇടയ്ക്ക് പരിശോധനകള്‍ നിര്‍ബന്ധമായും നടത്തണം. നേരത്തെ രോഗനിര്‍ണയം നടത്തുന്നത് കരളിന്‍റെ ആരോഗ്യം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എടുക്കാന്‍ സഹായിക്കും. ഗര്‍ഭിണികളും ഹീമോഡയാലിസിസ് ചെയ്യുന്നവരും എച്ച്ഐവി ബാധിതരും മയക്ക് മരുന്ന് കുത്തിവച്ചിട്ടുള്ളവരുമെല്ലാം ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇരിക്കേണ്ടതാണ്. 

 

4. സുരക്ഷിതമാകട്ടെ ലൈംഗിക ബന്ധം

 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കരള്‍ വീക്കത്തിലേക്ക് നയിക്കുന്ന ഹെപ്പറ്റൈറ്റിസിന് കാരണമാകും. ഇത് ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താനും സാധിച്ചെന്ന് വരില്ല. എ, ബി, സി, ഡി, ഇ എന്നിങ്ങനെ മുഖ്യമായും അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് ഉള്ളത്. ഇതില്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴിയും ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം വഴിയും പകരുന്നതാണ്. 

 

5. മരുന്നുകള്‍ അറിഞ്ഞ്  കഴിക്കാം

ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി മരുന്നുകളോ സപ്ലിമെന്‍റുകളോ കഴിക്കുമ്പോൾ  അവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക. ചില മരുന്നുകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല കരള്‍ നാശത്തിന് കാരണമാകും. മരുന്ന് കഴിച്ച ശേഷം തിണര്‍പ്പുകളോ മനംമറിച്ചിലോ അനുഭവപ്പെട്ടാല്‍ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്. 

 

6. വാക്സീന്‍ എടുക്കാം

കരള്‍ നാശത്തിന്‍റെ അപകട സാധ്യത കുറയ്ക്കുന്നതിന് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വാക്സീനുകള്‍ എടുക്കാം. ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവര്‍ക്കും കരള്‍ രോഗം ഭാവിയില്‍ വരാന്‍ സാധ്യതയുള്ളവര്‍ക്കും വാക്സിനേഷന്‍ വളരെ പ്രധാനമാണ്. വാക്സീന്‍ എടുക്കും മുന്‍പ് ഡോക്ടറുമായി സംസാരിക്കുക.

Content Summary : 6 tips to keep your liver healthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com