ADVERTISEMENT

വേഗത്തിലുള്ള നടത്തം പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് യുകെയിലെ ലെയ്കെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒരു നിശ്ചിത വേഗത്തിൽ കൂടുതൽ ജീവിതകാലം മുഴുവൻ നടന്നാൽ ഏകദേശം 16 വര്‍ഷത്തേക്കെങ്കിലും യുവത്വം സൂക്ഷിക്കാമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

 

ല്യൂകോസൈറ്റ് ടിലോമിയര്‍ ലെങ്ത് എന്ന, ശരീരത്തിലെ ബയോമാര്‍ക്കര്‍ ഉപയോഗിച്ചാണ് ഈ ഗവേഷണം നടത്തിയത്. ശരീരകോശങ്ങള്‍ പ്രായമാകുന്നതിന്‍റെ തോത് വിലയിരുത്താന്‍ ഈ ബയോമാര്‍ക്കറുകള്‍ സഹായിക്കുന്നു. നമ്മുടെ  ക്രോമസോമിന്‍റെ അറ്റത്ത് കാണുന്ന ഡിഎന്‍എ ശ്രേണികളുടെ കൂട്ടമാണ് ടിലോമിയറുകള്‍. ക്രോമസോം അഴിഞ്ഞു പോകാതിരിക്കാന്‍ ഇവ സഹായിക്കുന്നു. ഓരോ തവണ ഒരു കോശം വിഭജിക്കപ്പെടുമ്പോഴും ഇവയുടെ നീളം കുറയുന്നു. ഇത്തരത്തില്‍ ടിലോമിയറുകളുടെ നീളം കുറഞ്ഞു കുറഞ്ഞ് ഒടുവില്‍ കോശങ്ങള്‍ക്ക് ഇനി വിഭജിക്കാന്‍ കഴിയാത്ത സ്ഥിതി വരും. തുടര്‍ന്നാണ് ആ കോശം നശിക്കുന്നത്. ഉറക്കമില്ലായ്മ, ജോലി സമ്മർദ്ദം, പ്രസവത്തെ തുടര്‍ന്നുള്ള സമ്മർദ്ദം എന്നിവയെല്ലാം പ്രായത്തിന് പുറമേ ടിലോമിയറുകളെ ചുരുക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം വേഗത്തില്‍ നടക്കുന്നവരില്‍ ഇവ അത്ര വേഗം ചുരുങ്ങുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പാഡി ഡെംസി പറയുന്നു.  

 

യുകെ ബയോബാങ്കിലെ 4,05,981 മധ്യവയസ്കരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഇവരുടെ ചലനത്തിന്‍റെ തീവ്രത ഇവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്തതോ ഇവരുടെ ശരീരത്തില്‍ ഘടിപ്പിച്ച ഫിറ്റ്നസ് ട്രാക്കിങ് യന്ത്രമുപയോഗിച്ച് അളന്നതോ ആണ്. ശ്വാസകോശത്തിന്‍റെ ശേഷി, മാനസിക ആരോഗ്യം, പ്രചോദനത്തിന്‍റെ തോത് എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും നടത്തത്തിന്‍റെ വേഗമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 

 

വേഗത്തിലുള്ള നടത്തം നമ്മുടെ ആയുര്‍ദൈര്‍ഘ്യം 15-20 വര്‍ഷം വരെ വർധിപ്പിക്കുമെന്ന് നേരത്തേ നടന്ന ചില പഠനങ്ങളിലും കണ്ടെത്തിയിരുന്നു. ദിവസവും 10 മിനിറ്റ് നടന്നാല്‍ കൂടി ഈ പ്രയോജനം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. കമ്യൂണിക്കേഷന്‍സ് ബയോളജി ജേണലിലാണ് പുതിയ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

 

Content Summary : Brisk walking may slow biological aging process, study shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com