ADVERTISEMENT

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം പോലെ തന്നെ കുറേക്കാലമായി പല ഫിറ്റ്നസ് പ്രേമികളെയും കുഴയ്ക്കുന്ന ചോദ്യമാണ് കൊളസ്ട്രോളുള്ളവര്‍ക്ക് മുട്ട കഴിക്കാമോ എന്നത്. മുട്ടയുടെ മഞ്ഞക്കരു നിറയെ കൊളസ്ട്രോളാണെന്നും ഇതിനാല്‍ അതിന്‍റെ വെള്ള മാത്രമേ കഴിക്കാവുള്ളൂ എന്ന് പല ജിമ്മന്മാരും പലവരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാലും ന്യൂട്രീഷന്മാര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ഇതിനെ പറ്റി പല അഭിപ്രായങ്ങളാണുള്ളത്. കൊളസ്ട്രോള്‍ പേടിച്ച് കുറേക്കാലമായി ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയ മുട്ടയെ വീണ്ടും തിരികെ എത്തിക്കാന്‍ ആവശ്യപ്പെടുന്നത് ഇറ്റലിയിലെ ഹ്യുമാനിറ്റാസ് റിസര്‍ച്ച് ഹോസ്പിറ്റലിലെ ഗവേഷകരാണ്. 

 

മുട്ടയുടെ പല തരത്തിലുള്ള ഗുണങ്ങള്‍ കൊളസ്ട്രോള്‍ പോലുള്ള ആശങ്കകളെ കവച്ച് വയ്ക്കുന്നതാണെന്ന് ഇവിടുത്തെ ഒബേസിറ്റി സെന്‍റര്‍ ഡയറ്റോളജിസ്റ്റ് ഡോ. സാറ ടെസ്റ്റ പറയുന്നു. മുട്ടയുടെ മഞ്ഞയില്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ ഉണ്ടെങ്കിലും അത് ചെറിയ ശതമാനമാണെന്നും വെള്ളയില്‍ ചീത്ത കൊളസ്ട്രോളോ കൊഴുപ്പോ ഒന്നുമില്ലെന്നും ആശുപത്രിയിലെ വിദഗ്ധര്‍ പറയുന്നു. 100 ഗ്രാം മുട്ടയില്‍ അഞ്ച് ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. അതില്‍ തന്നെ 1.5 ഗ്രാം മാത്രമാണ് സാച്ചുറേറ്റഡ് കൊഴുപ്പ്.

 

മാത്രമല്ല പ്രോട്ടീന്‍റെ സമ്പന്ന  സ്രോതസ്സ് കൂടിയാണ് മുട്ട. ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം വലിച്ചെടുക്കുന്നതിന് അത്യാവശ്യമായ വൈറ്റമിന്‍ ഡിയും മുട്ടയില്‍ നിറയെ ഉണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ മുട്ട കഴിക്കുന്നത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഹ്യുമാനിറ്റാസ് നടത്തിയ അവലോകനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവർക്ക്  ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ആയി കുറയ്ക്കാം. മൂന്ന് മിനിറ്റ് തിളപ്പിച്ച സോഫ്ട് ബോയില്‍ഡ് മുട്ടയാണ് എട്ട് മിനിറ്റ് തിളപ്പിച്ച ഹാര്‍ഡ് ബോയില്‍ഡ് മുട്ടയേക്കാള്‍ നല്ലതെന്നും ഗവേഷകര്‍ പറയുന്നു.  സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും മറ്റും വാങ്ങുമ്പോൾ  ഒമേഗ-ഡിഎച്ച്എ അടയാളമുള്ള മുട്ട നോക്കി എടുക്കണമെന്നും ഇവയില്‍ ചീത്ത കൊള്സ്ട്രോള്‍ തോത് വളരെ കുറവാണെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Content Summary: Egg and cholesterol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com