ADVERTISEMENT

ഭൂമിയുടെ 70 ശതമാനവും വെള്ളത്താല്‍ നിറഞ്ഞിരിക്കുന്നെങ്കിലും ഈ വെള്ളമൊക്കെയും സുരക്ഷിതമായി കുടിക്കാന്‍ ഉപയോഗിക്കാവുന്നതല്ല. നമ്മുടെ ശരീരത്തിന്‍റെയും 70 ശതമാനം വെള്ളമാണ്. മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. ഇത് മാത്രമല്ല ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. ഇവയെല്ലാം നിര്‍വഹിക്കുന്നതിന് ദിവസം രണ്ട് മുതല്‍ മൂന്ന് ലീറ്റര്‍ വെള്ളം കുടിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഭൂരിപക്ഷം പേരും ദാഹിക്കുമ്പോൾ  മാത്രമാണ് വെള്ളം കുടിക്കാറുള്ളത്. 

 

ഈയൊരു പ്രവണത മാറണമെന്നും നമ്മുടെ ദൈനംദിന വെള്ളത്തിന്‍റെ ഉപയോഗം നിരീക്ഷിക്കപ്പെടണമെന്നും ലസ്ട്രല്‍ വാട്ടര്‍ സിഇഒയും സ്ഥാപകനുമായ ആദിത്യ പട്നായിക് ഇന്ത്യ.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശരീരത്തിന്‍റെ ജലാശം നിലനിര്‍ത്തേണ്ടതിന്‍റെ കാരണങ്ങളും ആദിത്യ വിശദീകരിക്കുന്നു.

 

ശരീരത്തിന്‍റെ ഊര്‍ജം നിലനിര്‍ത്തുന്നു

വേനലില്‍ പലപ്പോഴും ശരീരത്തിന് ക്ഷീണവും ഒട്ടും ഊര്‍ജം തോന്നാത്തതു പോലെയുമൊക്കെ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. നിര്‍ജലീകരണം മൂലമാണ് ഇത് സംഭവിക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ ശരീരത്തിന്‍റെ കരുത്തും ഊര്‍ജവും നിലനിര്‍ത്താന്‍ സാധിക്കും. 

 

ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യം

ജലാംശം കുറഞ്ഞത് മൂലം ശരീരത്തിനു വരുന്ന ക്ഷീണം ആദ്യം കണ്ടെത്തുന്നത് തലച്ചോറാണ്. കോശങ്ങളിലേക്ക് വൈദ്യുത സിഗ്നലുകള്‍ അയക്കാന്‍ തലച്ചോറിന്  വെള്ളം അത്യാവശ്യമാണ്. തലച്ചോര്‍ ക്ഷീണിക്കുമ്പോൾ  പേശികള്‍ കാര്യക്ഷമമായി ചലിക്കാതിരിക്കുകയും കണ്ണുകള്‍ക്ക് ക്ഷീണം വരികയുമൊക്കെ ചെയ്യും. ഇതിന്‍റെ ഫലമായി ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതൊഴിവാക്കാനും ദൈനംദിനം വെള്ളത്തിന്‍റെ ഉപയോഗം നിരന്തരം ട്രാക്ക് ചെയ്യേണ്ടതാണ്. ഡ്രിങ്കിങ് വാട്ടര്‍ ആപ്പുകള്‍ ഉപയോഗിച്ച് ഇത് നിര്‍വഹിക്കാം. 

 

മൂഡ് മെച്ചപ്പെടുത്തും

നിര്‍ജലീകരണം ശരീരത്തിന് ക്ഷീണമേകുന്നതിനൊപ്പം പെട്ടെന്ന് ദേഷ്യം വരുത്താനും കാരണമാകും. ഈ സമയം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂഡ് മെച്ചപ്പെടുത്താന്‍ സഹായിക്കും. 

 

ഭാരം കുറയ്ക്കാനും വെള്ളം

പോഷകസമൃദ്ധമായ നല്ല ഭക്ഷണത്തോടൊപ്പം വെള്ളവും കൂടി കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായകമാണ്. കാലറിയോ കൊഴുപ്പോ ഇല്ലാത്ത വെള്ളം കാലറി കത്തിച്ച് കളയാനും ഉപകരിക്കും. ചയാപചയ സംവിധാനം വേഗത്തിലാക്കാനും വിശപ്പടക്കി അമിതമായി കഴിക്കുന്നത് തടയാനും വെള്ളം സഹായിക്കും. 

 

മനോഹരമായ ചര്‍മം

ചര്‍മത്തെ ദൃഢമായും ആരോഗ്യത്തോടെയും കാത്തുസൂക്ഷിക്കുന്ന കൊളാജന്‍ എന്ന പ്രോട്ടീന്‍ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. വെള്ളത്തിന്‍റെ അസാന്നിധ്യം ചര്‍മത്തെ വരണ്ടതും ചുളിവുള്ളതുമാക്കും. ഇതിനാല്‍ മനോഹരവും ആരോഗ്യകരവുമായ ചര്‍മത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതാണ്. 

Content Summary : How Much Water Should You Drink Everyday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com