ADVERTISEMENT

സ്കൂൾ കാലം തൊട്ടേ കോഴിക്കോട് വടകര ഏറാമല സ്വദേശി ഗീതയുടെ മനസ്സിൽ നഴ്സുമാരോടുള്ള ആരാധന ആഴത്തിൽ പതിഞ്ഞിരുന്നു. വലുതാകുമ്പോൾ വെള്ളക്കോട്ടണിഞ്ഞെത്തുന്ന ഒരു മാലാഖയാകുന്നത് പലപ്പോഴും സ്വപ്നം കണ്ടിട്ടുമുണ്ട്. ഓരോ നഴ്സിനെയും കാണുമ്പോൾ അവിടെ ഗീത സങ്കൽപിച്ചത് തന്നെത്തന്നെയായിരുന്നു. വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് നഴ്സ് എന്നല്ലാതെ മറ്റൊരുത്തരം ഒരിക്കൽപോലും ഗീത പറഞ്ഞിട്ടുമില്ല. 21–ാം വയസ്സിൽ നഴ്സായി ജോലിയിൽ പ്രവേശിച്ച ഗീതയെ 53–ാം വയസ്സിൽ തേടിയെത്തിയ ഒരു മഹാഭാഗ്യമുണ്ട്, ഗീതയുടെ ഭാഷയിൽ പറഞ്ഞാൽ, ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരു അവാർഡ്. സിസ്റ്റർ ലിനിയുടെ പേരിൽ കൊട്ടാരക്കര ആശ്രയ സംഘം ഏർപ്പെടുത്തിയ അവാർഡ് ഏറ്റു വാങ്ങിയ സന്തോഷത്തോടെ ഗീത മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

 

ഏറെ പ്രിയപ്പെട്ട ദിവസം

 

നഴ്സിങ് എന്റെ കർമമേഖലയാണ്. ഏറെ സന്തോഷത്തോടെ, ആത്മാർഥതയോടെ ചെയ്യുന്ന ഒരു ജോലി. പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല ഇത്രയും വർഷവും ജോലി ചെയ്തത്. ദൈവം എന്നെ ഏൽപിച്ച കാര്യങ്ങൾ കഴിയുന്നത്ര നന്നായി ചെയ്യുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അവാർഡ് ഒരു അംഗീകാരമാണ്. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തോടു ചേർന്നു നിൽക്കുന്ന കർമമണ്ഡലത്തിൽ എനിക്കു കിട്ടുന്ന അവാർഡിന് മാധുര്യമേറുന്നുണ്ട്. മേയ് 10 ന് കൊല്ലം കലയപുരത്തുവച്ച് സിസ്റ്റർ ലിനിയുടെ പേരിലുള്ള അവാർഡ് സ്വീകരിക്കുമ്പോൾ അതിരുകളില്ലാത്ത സന്തോഷമായിരുന്നു മനസ്സിൽ. ഞാൻ ചെയ്തിട്ടുള്ള കർമങ്ങൾ, അതിന്റെ ഫലം, ആരുടെയൊക്കെയോ പ്രാർഥന ഇതിനൊക്കെയുള്ള ഒരു അംഗീകാരമാണ് എനിക്ക് ഈ അവാർഡ്. ഒപ്പം ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ഓർമപ്പെടുത്തലും.

 

നഴ്സിങ് എന്റെ പ്രാണൻ

 

കുട്ടിക്കാലം മുതലേ കൂടെക്കൂടിയതാണ് നഴ്സിങ് മോഹം. പഠിച്ചിരുന്ന കാലത്ത് കുടുംബത്തിൽനിന്നുതന്നെ ചില എതിർപ്പുകളൊക്കെ ഉണ്ടായിട്ടുണ്ട്. കാരണം അക്കാലത്ത് പലരും നഴ്സിങ്ങിനെ തരംതാണ ജോലിയായാണ് കണ്ടിരുന്നത്. പക്ഷേ ഞാൻ നഴ്സിങ്ങിനു പോകണമെന്നു പറഞ്ഞപ്പോൾ അമ്മ യാതൊരു എതിർപ്പും കാണിച്ചില്ല. അങ്ങനെ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജനറൽ നഴ്സിങ്ങിനു ചേർന്നു. പഠനശേഷം ഒരു വർഷം ബോണ്ട് വ്യവസ്ഥയിൽ അവിടെ ജോലി ചെയ്തു. പിന്നീട് കോഴിക്കോട്ടേക്ക് തിരിച്ചു പോയി, അവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 1993 ൽ തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാർഡിയോ തെറാസിക് നഴ്സിങ്ങിൽ പോസ്റ്റ് ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. ഇതിനിടയിൽ‌ വിവാഹം നടന്നു. കുഞ്ഞുണ്ടായതിനു ശേഷം വീണ്ടും കോഴിക്കോട്ടെ ചില സ്വകാര്യ ആശുപത്രികളിൽ നിയോനേറ്റൽ ഐസിയു ഇൻ ചാര്‍ജായും ഐസിയു ഇൻ ചാർജായുമൊക്കെ ജോലി ചെയ്യാനുള്ള അവസരം കിട്ടി. 

 

2005 ൽ സർക്കാർ ജോലി ലഭിച്ച് തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത് സെന്ററിലെത്തി. രണ്ടു വർഷത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറി. 14 വർഷം കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഭാഗമാകാൻ സാധിച്ചത് ജീവിതത്തിലെ ഒരു വലിയ നേട്ടമാണ്. വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യാൻ സാധിച്ചതിനൊപ്പം ഗവൺമെന്റ് സെക്ടറിൽ ആദ്യമായി ന്യുക്ലിയർ മെഡിസിൻ സ്കാൻ കോഴിക്കോട്ടു തുടങ്ങിയപ്പോൾ അതിന്റെ ഭാഗമാകാനും സാധിച്ചു.

 

പ്രിയപ്പെട്ട സൈക്യാട്രി വാർഡ്

 

2020 ഡിസംബറിൽ ഹെഡ് നഴ്സ് ആയി പ്രമോഷൻ ലഭിച്ചു. 2021 ജനുവരി 27 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്യുകയാണ്. വിവിധ വാർഡുകളിലും കൊറോണ സൂപ്പർവൈസിങ് ഡ്യൂട്ടിയുമൊക്കെ ചെയ്തശേഷം ഇപ്പോൾ സൈക്യാട്രി വാർഡിലാണ് ജോലി. ഇതെനിക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു. കാരണം സാധാരണ രോഗികളെക്കാൾ ശ്രദ്ധയും പരിചരണവുമൊക്കെ ആവശ്യമുള്ളവരുടെ സ്ഥലമാണ് സൈക്യാട്രി വാർഡ്.  കുടുംബവും സമൂഹവുമൊക്കെ ഒറ്റപ്പെടുത്തിയവരാകും മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾ. അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം ഇതിനു നല്ല സപ്പോർട്ട് തരുന്നുണ്ട്. അതിനായി ഒരുപാട് പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു. കുറച്ചൊക്കെ അതിൽ ഭാഗഭാക്കാകാനും സാധിച്ചു. 

 

പെട്ടെന്ന് അക്രമാസക്തരാകുന്നവരടക്കം പല തരത്തിൽ നമ്മൾ ഇടപെടേണ്ട രോഗികളുണ്ട്. അവരുടെ ജീവനും നമ്മുടെ ജീവനും അപകടത്തിലാകുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധ അവിടെ ആവശ്യമാണ്. രോഗം പൂർണമായും മാറിയാൽ പോലും, ഒരിക്കൽ മാനസികാസ്വാസ്ഥ്യം വന്നയാൾ എന്ന പേരിൽനിന്നു പുറത്തുവരാനുള്ള സാഹചര്യം പലർക്കും ഉണ്ടാകുന്നില്ല. അതിന് ആദ്യം ചെയ്യുന്നത് രോഗമൊക്കെ മാറിയെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തുകയാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള കാര്യങ്ങളും ഇവിടെ ചെയ്യുന്നുണ്ട്. സൈക്യാട്രി ഹെഡ് ഡോ. അനിൽകുമാർ അടക്കമുള്ളവർ രോഗികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്കു കിട്ടി. വലിയ ഭാഗ്യമായാണ് ഈ വാർഡിലെ ജോലിയെ ഞാൻ കാണുന്നത്.

 

കണ്ണുകൾ നനയിച്ച ജോലി

 

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡെർമറ്റോളജി വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ മനസ്സിനെ ഏറെ വേദനിപ്പിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. ചർമരോഗവുമായി ബന്ധപ്പെട്ടു വരുന്ന രോഗികളിലധികവും വർഷങ്ങളായി ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും രോഗം ഭേദം ആകുമോ ഇല്ലയോ എന്നൊന്നും ഒരുറപ്പുമില്ലാത്തവരുമായിരിക്കും. കൂടുതലും പ്രായമേറിയ ആളുകളായിരിക്കും. തിരിച്ചു പോകാൻ വണ്ടിക്കാശ് പോലുമില്ലാത്ത നിരവധി ആളുകളെ അവിടെ കണ്ടിട്ടുണ്ട്. സ്കിൻ വാർഡിൽ ജോലിക്കു പോകുമ്പോൾ എപ്പോഴും ഞാൻ പോക്കറ്റിൽ ഒരു നൂറുരൂപ കരുതുമായിരുന്നു. മക്കൾ ഉപേക്ഷിച്ചവരും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവരുമായ എത്രയോ പേരുടെ അവസ്ഥ എന്റെ കണ്ണുകളെ നനയിച്ചിട്ടുണ്ട്. 

 

അദൃശ്യ സാന്നിധ്യമായി ലിനി

 

സിസ്റ്റർ ലിനി നമുക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ്. നിപ്പ ബാധിച്ച് ലിനി കോഴിക്കോട് മെഡിക്കൽ കോളജിൽ കിടന്ന സമയത്ത് ഞാനവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ആ വാർഡിൽ അല്ലായിരുന്നുവെന്നു മാത്രം. ലിനിയുടെ മരണം അന്നു ഞങ്ങളുടെയെല്ലാം ഹൃദയം തകർത്തതിരുന്നു. അതുകൊണ്ടുതന്നെ ലിനിയുടെ പേരിലുള്ള ഒരവാർഡ്, അതും ജീവിതത്തിൽ ആദ്യം കിട്ടുന്ന ഒരവാർഡ്... അതെനിക്ക് പറയാവുന്നതിനും അപ്പുറത്തെ ഒരു വികാരമാണ്.

Content Summary : International Nurses Day 2022; Geetha shares her experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com