ADVERTISEMENT

മേയ്-12 രാജ്യാന്തര നഴ്സസ് ദിനം. ഇത്തവണയും കോവിഡിന്റെ തീവ്രതയിലാണ് നഴ്സസ് ദിനം കടന്നു വന്നിരിക്കുന്നത്. എന്റെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒരു കോവിഡ് ഓർമ ഈ നഴ്സസ് ദിനത്തിൽ ഇവിടെ പറയാം. 

 

കോവിഡിന്റെ തുടക്ക സമയങ്ങളിൽ എനിക്ക് ഒരു സ്വകാര്യ കമ്പനിയിൽ ഇൻഡസ്ട്രിയൽ നഴ്‌സായി ആയിരുന്നു ജോലി. രാവിലെയുള്ള ഡ്യൂട്ടിക്കിടയിൽ ക്ലിനിക്കിലേക്ക് ഒരു സൂപ്പർവൈസറുടെ ഫോൺ വരുന്നു. സൈറ്റിലേക്ക് വളരെ അത്യാവശ്യമായി ഒന്നു വരണം. ഒരു ജോലിക്കാരന് തീരെ സുഖമില്ല. കോവിഡിന്റെ തുടക്ക സമയമാണല്ലോ. എല്ലാവർക്കും വല്ലാത്ത പരിഭ്രാന്തി, അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാനോ അദ്ദേഹത്തെ വിശ്രമമുറിയിൽ ഇരുത്താനോ ആളുകൾക്ക് മടി. ഉടൻ തന്നെ പിപിഇ കിറ്റും ധരിച്ച് ആംബുലൻസിൽ രോഗിയുടെ അടുത്തേക്ക്. അവിടെ എത്തിയപ്പോൾ കാണാൻ കഴിഞ്ഞത് വളരെ അവശനായി വിശ്രമമുറിയിൽ ഇരിക്കുന്ന ഒരു ഉത്തരേന്ത്യക്കാരനെയാണ്. അദ്ദേഹത്തിന്റെ അടുത്തേക്ക് ആരും ചെല്ലുന്നില്ല. 

 

ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ശരീരോഷ്മാവ് പരിശോധിച്ചു. തുടർന്ന് സംസാരിച്ചു. ചെറിയ രീതിയിലുള്ള പനി അദ്ദേഹത്തിന് ഉണ്ടായിരുന്നു. വല്ലാത്ത ഒരു ഭയം ആ സമയം അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ‘‘നിങ്ങൾ പേടിക്കുന്നത് പോലെ ഒന്നും ഇല്ല’’ എന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് ആംബുലൻസിൽ കയറ്റി. ‘‘സർ, എനിക്ക് ഹോസ്പിറ്റലിൽ പോകണം എനിക്ക് വല്ലാത്ത പേടിയാണ്. കൊറോണ ആണോ? ഞാൻ മരിക്കുമോ എന്ന ഭയം എനിക്കുണ്ട്.’’ ഞാൻ അദ്ദേഹത്തോടു പറഞ്ഞു: ‘‘നിങ്ങൾ ധൈര്യമായിരിക്ക്‌. നമുക്ക് ആശുപത്രിയിലേക്കു പോകാം.’’

 

അദ്ദേഹത്തെയും കൊണ്ട്‌ ഞങ്ങൾ ആശുപത്രിയിലേക്കു പോയി. ‘‘സാബ്, പേടിക്കാൻ ഒന്നും ഇല്ലല്ലോ അല്ലേ? എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമോ?’’ തുടങ്ങി നിരവധി സംശയങ്ങൾ ആംബുലൻസിൽ വച്ച് അദ്ദേഹം എന്നോടു ചോദിച്ചു. എന്റെ കൈയിൽ പിടിച്ചു പറഞ്ഞു: ‘‘സർ, എന്റെ ഭാര്യ ഗർഭിണിയാണ്. ഈ മാസമാണ് പ്രസവം പറഞ്ഞിരിക്കുന്നത്. എനിക്ക് കുഞ്ഞിനെ കാണാൻ സാധിക്കുമോ? കൊറോണ വന്ന് ഞാൻ മരിക്കുമോ?’’

 

അദ്ദേഹത്തെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. ഒന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പ്രാർഥിച്ചു. അങ്ങനെ അദാനിൽ എത്തി ടെസ്റ്റുകൾ എല്ലാം എടുത്തു. കോവിഡിന്റെ റിസൽറ്റ് മെസേജ്  വരാൻ വൈകുന്നേരമാകും എന്നു പറഞ്ഞു. എക്സ്‌റേ എടുത്തതെല്ലാം നോർമൽ. അദ്ദേഹത്തെ ക്യാംപിൽ എത്തിച്ചതിനു ശേഷം ഞാൻ ഡ്യൂട്ടിക്കു പോയി. അടുത്ത ദിവസം രാവിലെ അദ്ദേഹം എന്നെ കാണാൻ ക്ലിനിക്കിലേക്ക് വന്നു. ഏറെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തു കാണാൻ സാധിച്ചു. കോവിഡ് ഫലം വന്നു, നെഗറ്റീവ്. അതിന് ശേഷം അദ്ദേഹം പറഞ്ഞു: ‘‘സാബ്, ഭാര്യ പ്രസവിച്ചു. പെൺകുഞ്ഞ്. ഇന്നലെ ഞാൻ വിഡിയോ കോളിലൂടെ കുട്ടിയെ കണ്ടു.’’

 

വളരെയധികം സന്തോഷം തോന്നി. വേദന നിറഞ്ഞ വാർത്തകൾ കേട്ടിരുന്ന സമയത്ത് ഒരു സന്തോഷ വാർത്ത കേൾക്കാനായി എന്ന തോന്നൽ. അദ്ദേഹത്തിന്റെ മുഖത്ത് കണ്ട സംതൃപ്തി, സന്തോഷം. അതു പറഞ്ഞറിയിക്കാനാകില്ല.... ഇതിനെക്കാൾ വലിയ ഭാഗ്യമെന്തുവേണം, എത്ര മഹത്തരം. ആദ്യം ഒരു നിമിഷം പകച്ചുപോയെങ്കിലും ഇതൊക്കെത്തന്നെയല്ലേ ജീവിതയാഥാർഥ്യങ്ങൾ എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ഇത്രയും സംതൃപ്തി കിട്ടുന്ന ജോലി വേറേ എന്തുണ്ട്.

 

(കുവൈത്തിലെ കെഒസി ഹോസ്പിറ്റലിൽ റജിസ്റ്റേർഡ് നഴ്‌സാണ് ലേഖകൻ).

Content Summary : International Nurses Day 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com