കുടവയറും അമിതഭാരവും കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലേ? എന്നാല്‍ ഇനി ചില ഭക്ഷണങ്ങള്‍ കൂടി അതിനായി പരീക്ഷിച്ചു നോക്കാം. ചയാപചയ പ്രക്രിയയെ വേഗത്തിലാക്കി പുരുഷന്മാരുടെ കുടവയറും ദുര്‍മേദസ്സും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടാം. ഇവ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രദാനം ചെയ്യുന്നതാണ്.
1. മുട്ട

ശരീരത്തിലെ കോശങ്ങളുടെ ആവരണം നിര്‍മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പോഷണമാണ് കോളൈന്‍. ഇതിന്‍റെ സമൃദ്ധമായ സ്രോതസ്സാണ് മുട്ട. അവയങ്ങളില്‍ പ്രത്യേകിച്ച് കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിന് കാരണമായ ജീനുകളുമായി കോളൈന്‍ അപര്യാപ്തത ബന്ധപ്പെട്ട് കിടക്കുന്നു. മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കോളൈന്‍ അപര്യാപ്തത പരിഹരിച്ച് കൊഴുപ്പ് ശരീരത്തില്‍ അടിയാതിരിക്കാന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതിയും ഇത് സൃഷ്ടിക്കും.
2. മീനും മാംസവും

കൊഴുപ്പ് കുറഞ്ഞ മാംസവും മീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പുണ്ടാക്കുന്ന ഗ്രെലിന്‍ ഹോര്‍മോണിനെ അമര്‍ത്തി വയ്ക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
3. ഇലക്കറികള്‍

ചീര, മൈക്രോ ഗ്രീനുകള്‍, ലെറ്റ്യൂസ് എന്നിവ പോലുള്ള ഊര്‍ജ്ജത്തിന്‍റെ തോത് കുറവുള്ള പച്ചക്കറികളും ഇലകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഇവയിലെ ഫൈബര്‍ ചയാപചയം മെച്ചപ്പെടുത്തി കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.
4. ഡാര്‍ക്ക് ചോക്ലേറ്റ്

അമിതമായ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ അടക്കി നിര്‍ത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി സാധിക്കും. ഇത് വഴി ഡാര്‍ക്ക് ചോക്ലേറ്റും അമിതഭാരം കുറയ്ക്കും.
5. ചെറി പഴം

കൊഴുപ്പില്ലാത്തതും കാലറി കുറഞ്ഞതുമായ ചെറി പഴത്തില്‍ ഫൈബറും വൈറ്റമിന്‍ സിയും പൊട്ടാസ്യവുമെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ പതിയെയാക്കി ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ചെറി പഴം സഹായിക്കും. ഗ്ലൈസിമിക് ഇന്‍ഡെക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയിലും ഇന്‍സുലിന്‍ തോതിലും ചെറിയ വര്‍ധന മാത്രമേ ഇത് ഉണ്ടാക്കുകയുള്ളൂ.
6. സുഗന്ധവ്യഞ്ജനങ്ങള്‍

മഞ്ഞള്‍, കറുവാപ്പട്ട, കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിങ്ങനെ പല തരത്തിലുള സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ഇന്ത്യന്‍ ഭക്ഷണം. ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും ഇവ നല്ലതാണ്.
7. സസ്യാധിഷ്ഠിത പ്രോട്ടീന്‍

പഞ്ചസാര കുറഞ്ഞതും ഫൈബര്‍ തോത് അധികമുള്ളതുമായ സസ്യാധിഷ്ഠിത പ്രോട്ടീനുകളും ഭാരം കുറയ്ക്കാന്‍ പുരുഷന്മാരെ സഹായിക്കും. നട്സ്, വിത്തുകൾ, സോയ പനീർ, പയർ വർഗങ്ങൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.
8. ആരോഗ്യകരമായ ഫൈബര്‍

ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ പോലെ ഗ്ലൂട്ടന്‍ രഹിത ഹോള്‍ ഗ്രെയ്നുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.
Content Summary : Foods That Will Melt Belly Fat