ADVERTISEMENT

സ്കൂളിൽ പോയാൽ കോവിഡ് കൂടുമോ, മാസ്ക് വച്ചാൽ ശ്വാസം മുട്ടലുണ്ടാകുമോ, രാവിലത്തെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യത്തെ എങ്ങനെ ബാധിക്കും, ടിഫിൻ ബോക്സിൽ എന്തൊക്കെ വേണം തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമാണ് സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് ‘മലയാള മനോരമ’ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ ഉയർന്നു വന്നത്. ഇവയ്ക്കു കൃത്യമായ മറുപടിയാണ് മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം സീനിയർ മെഡിക്കൽ ഓഫിസർ  ഡോ.സാബു സുഗതൻ നൽകിയത്. ഫോൺ ഇൻ പരിപാടിയിലെ പ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇതാ...

 

മാസ്ക് എപ്പോഴും വയ്ക്കേണ്ടതുണ്ടോ ? മാസ്ക് എപ്പോഴും വച്ചാൽ ശ്വാസം മുട്ടൽ ഉണ്ടാകുമോ ?

 

ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ എപ്പോഴും മാസ്ക് ഉപയോഗിക്കണം. 2 വർഷമായി സ്ഥിരമായി നമ്മൾ മാസ്ക് ഉപയോഗിക്കുന്നവരാണ്. മാസ്ക് എന്നത് പ്രാണവായുവിനെ തടസ്സപ്പെടുത്തുന്ന സാധനമല്ല. പ്രാണവായുവിലെ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് മാസ്ക്. ശരിയായ മാസ്ക് ഉപയോഗം ശ്വാസംമുട്ടൽ ഉണ്ടാക്കില്ല.

(പ്രണവ് പ്രണവം, 7–ാം ക്ലാസ് വിദ്യാർഥി)

 

സ്കൂൾ തുറന്ന് കുട്ടികൾ പോയിത്തുടങ്ങിയാൽ കോവിഡ് കേസുകൾ കൂടാൻ സാധ്യതയില്ലേ ? രോഗങ്ങളുള്ള കുട്ടികളുണ്ട്. അവരെ ധൈര്യമായി സ്കൂളിലേക്ക് വിടുന്നതെങ്ങനെ?

 

അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചുമാണ് കോവിഡ് നമ്മൾ നിയന്ത്രിച്ചത്. ഇനിയൊരു തരംഗം വരാതിരിക്കാൻ ഇവയുടെ കൃത്യമായ ഉപയോഗത്തിലൂടെ നമുക്ക് കഴിയും. ഭക്ഷണം, പഠന ഉപകരണങ്ങൾ, മാസ്ക് എന്നിവ പങ്കുവയ്ക്കാതിരിക്കുക. അകലം പാലിക്കുകയും കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകുകയും ചെയ്യുക, പരമാവധി തുറന്ന സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുക, എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുക എന്നിവയും ശ്രദ്ധിക്കാം. ഒരു മുറിയിൽ ഒതുങ്ങേണ്ടതല്ല വിദ്യാഭ്യാസം. 

മറ്റ് അസുഖങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കൾ പിടിഎയെ അറിയിച്ച് കൂടുതൽ പരിഗണന ആവശ്യപ്പെടണം. അതു നൽകാൻ വിദ്യാലയങ്ങൾ തയാറാകണം.

(പത്‌മിത ചെങ്ങന്നൂർ, കവിത മാന്നാർ)

 

കുട്ടികൾക്ക് എന്ത് ടിഫിൻ കൊടുക്കുന്നതാണ് കൂടുതൽ ഉചിതം ?

രാവിലെ ഉണ്ടാക്കിയ ഭക്ഷണം തന്നെ കൊടുത്തുവിടാൻ ശ്രദ്ധിക്കണം. നേരത്തെ ഉണ്ടാക്കി ഫ്രിജിൽ വച്ചതിനു ശേഷം ചൂടാക്കി കൊടുക്കുന്നത് ഒഴിവാക്കുക. നാര് കൂടുതലുള്ള ഭക്ഷണം കൊടുക്കണം. ഉച്ച ഭക്ഷണം കൊടുത്തു വിടുന്നത് ചൂട് നിൽക്കുന്ന പാത്രത്തിലായിരിക്കണം. പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും പൂർണമായി ഒഴിവാക്കാം. കൊടുത്തു വിടുന്ന ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പാക്കണം. ഫാസ്റ്റ് ഫുഡ് നൽകുന്നത് പരമാവധി ഒഴിവാക്കണം.

( ശ്രീകുമാരി വെളിയനാട്, ആനന്ദൻ ഹരിപ്പാട്)

 

സ്കൂളുകളിലെ ആരോഗ്യ ക്ലബ്ബുകൾക്ക് ആരോഗ്യവകുപ്പിൽ നിന്ന് എന്ത് സഹായം ലഭിക്കും ?

സ്കൂളുകളിൽ ആരോഗ്യ ക്ലബ്ബുകൾ ആവശ്യമാണ് . ഇവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരിക്കണം. ആഴ്ചയിലൊരിക്കൽ സ്കൂളിലെ ആരോഗ്യസ്ഥിതി ചർച്ച ചെയ്യണം. അതിൽ പ്രാദേശിക ആരോഗ്യ വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കുക. ആരോഗ്യമേഖലയിലുള്ളവരെ ഏതു സമയവും സമീപിക്കാം. 

(സുനിൽകുമാർ, ചെറിയനാട്)

 

സ്കൂളുകൾ വൃത്തിയാക്കുന്നെങ്കിലും വാട്ടർ ടാങ്കുകൾ കഴുകാറില്ല. ഇവ ആരോഗ്യത്തെ ബാധിക്കില്ലേ ?

ആവശ്യമായ കുടിവെള്ളം സ്വയം കരുതുക. അതു തിളപ്പിച്ച് തണുപ്പിച്ച വെള്ളമായിരിക്കണം. ശീതളപാനീയങ്ങൾ ഉണ്ടാക്കുമ്പോൾ പോലും ഇത്തരത്തിലുള്ള വെള്ളം ഉപയോഗിക്കാം. 

(മീനാക്ഷി.എസ്.അമ്പാടി ചെങ്ങന്നൂർ)

 

കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നില്ല. ഉച്ചയോടെയാണ് രാവിലത്തെ ഭക്ഷണം കഴിക്കുന്നത്. സ്കൂൾ തുറന്നാൽ ഇത് സാധിക്കില്ല. രാവിലെ സ്കൂളിൽ പോകുന്നസമയം വിശപ്പില്ലെന്നാണ് പറയുന്നത്. ആരോഗ്യത്തെ ബാധിക്കുമോ ?

ലോക്ഡൗൺ കാലം കുട്ടികളുടെ സമയക്രമത്തെ ബാധിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികളും വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നു. പ്രഭാത ഭക്ഷണം ഉച്ചയോടെ കഴിക്കുന്നത് പതിവായി. എന്നാൽ രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം കുട്ടികളുടെ തലച്ചോറിന് ഊർജം കൊടുക്കുന്നതാണ്. ഇവ മുടക്കരുത്. 6 ദിവസം കൊണ്ട് കുട്ടികളിലെ ശീലം മാറ്റിയെടുക്കാം. നേരത്തെ ഉറങ്ങി രാവിലെ ഉണരുന്നത് ശീലിപ്പിക്കുക. കുറഞ്ഞത് 7 മണിക്കൂർ ഉറക്കവും വേണം. ഉച്ചയ്ക്കു പഫ്സ് പോലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന കുട്ടികളുമുണ്ട്. അതും ഒഴിവാക്കണം.

(ചെമ്പകക്കുട്ടി ഓച്ചിറ)

Content Summary: School opening; health realted doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com