വെയിലത്തു പുറത്തു പോവും മുൻപ് ചർമത്തിന് കരുതൽ നൽകാം ഇങ്ങനെ...

summer skin care
SHARE

‘നിന്റെ ഫെയ്സ്‌വാഷ് ഞാനൊന്ന് എടുക്കുന്നുണ്ടേ...’– പല ഹോസ്റ്റലുകളിലും പതിവായി കേൾക്കുന്നതാണിത്. എന്നാൽ  മറ്റുള്ളവരുടെ  സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്ന പ്രവണത അത്ര ശരിയല്ലെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. പഴ്സനൽ ഹൈജീൻ വേണമെന്നുള്ളതുകൊണ്ട് മാത്രമല്ല, മറിച്ച് ഓരോ വ്യക്തിയുടെയും ചർമം വ്യത്യസ്തമായതുകൊണ്ടു കൂടിയാണ്  അതെന്ന് വ്യക്തമാക്കുന്നു ഡോ. അർപ്പണ. ചർമ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും സൗന്ദര്യവർധക വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ വയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഡോക്ടർ വ്യക്തമാക്കുന്നതിങ്ങനെ : 

ഒരു ദിവസം തുടങ്ങുമ്പോൾത്തന്നെ ചർമസംരക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാം. ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള പരിചരണമാണ് ആവശ്യം. എണ്ണമയമുള്ള ചർമമുള്ളവരാണെങ്കിൽ സാലിസിലിക് ആസിഡ്, ലാക്റ്റിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ഫെയ്സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകണം. മുഖത്തെ അമിതമായ എണ്ണമയം നീക്കം ചെയ്യാൻ ചർമത്തിനനുയോജ്യമായ ഫെയ്സ്‌വാഷുകളുടെ ഉപയോഗം സഹായിക്കും.

dr-arpana
ഡോ. അർപ്പണ ബി. സുരേഷ്

വല്ലാതെ വരണ്ട ചർമമുള്ളവർ ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകാം. അല്ലെങ്കിൽ മൈൽഡായ സോപ്പ് ഫ്രീ ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഒരു സ്കിൻ സ്പെഷലിസ്റ്റിന്റെ നിർദേശപ്രകാരം ക്ലെൻസർ തിരഞ്ഞെടുക്കാം. സെൻസിറ്റീവ് ചർമമുള്ളവർക്കും മൈൽഡ് ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. 

ജോലി, പഠിത്തം, മറ്റ് ആവശ്യങ്ങൾ ഇവയ്ക്കായി വീടിനു പുറത്തിറങ്ങുന്നതിനു മുൻപ് മോയ്സചറൈസിങ് ക്രീമും സൺസ്ക്രീൻ ക്രീമും പുരട്ടാം. സൺസ്ക്രീൻ ക്രീം തിരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. സൺപ്രൊട്ടക്‌ഷൻ എസ്പിഎഫും പിഎ ട്രിപ്പിൾ പ്ലസും അതായത് യുവിബി, യുവിഎ റേസിനും  ഉതകുന്ന ക്രീം വേണം തിരഞ്ഞെടുക്കാൻ. മിനിമം 30 എസ്പിഎഫും  യുവിഎയുടെ പിഎ ട്രിപ്പിൾ പ്ലസും ഉള്ള ക്രീം തിരഞ്ഞെടുക്കുന്നതാണുചിതം. ചില ക്രീമുകളിൽ മോയ്ചറൈസർ കൂടി ചേർന്നതാകും അങ്ങനെയല്ലെങ്കിൽ ക്രീം ഇടുന്നതിനു മുൻപ് മോയ്സചറൈസർ കൂടി ഉപയോഗിക്കണം.

മോയ്സചറൈസർ ഉപയോഗിക്കുമ്പോൾ

വരണ്ട ചർമമുള്ളവർ സൺസ്ക്രീൻ ക്രീം ഉപയോഗിക്കുന്നതിന് മുൻപ് മോയ്സ്ചറസർ തീർച്ചയായും ഉപയോഗിക്കണം. സാധാരണ ചർമക്കാർ മോയ്സചറൈസർ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ഏതു ചർമക്കാരായാലും സൺസ്ക്രീൻ ക്രീം ഉപയോഗിക്കുന്നതിൽ ഉദാസീനത കാട്ടരുത്. മുഖക്കുരു ഉളള ആളുകൾ മോയ്സചറൈസർ ഉപയോഗിക്കുമ്പോൾ ഗ്ലിസറിൻ, സെറാമെയ്ഡ്, നിയാസിനാമെയ്ഡ് എന്നിവ അടങ്ങിയ ക്രീമുകളാണോയെന്ന് ശ്രദ്ധിക്കണം.

Content Summary: Summer skin care tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS