ADVERTISEMENT

നാൽപതു വയസ്സ് കഴിയുമ്പോഴേക്കും ശരീരഭാരം സ്ത്രീകളിൽ കൂടുന്നത് സാധാരണയാണ്. ഹോർമോൺ വ്യതിയാനമാണ് ഇതിനു കാരണം. പ്രായമേറുമ്പോൾ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുകയും ഇതു മൂലം ഉപാപചയ പ്രവർത്തനങ്ങൾ സാവധാനത്തിലാവുകയും ചെയ്യും. പ്രായം കൂടുന്തോറും മസിൽ മാസ് കുറയുകയും ശരീരം കത്തിച്ചു കളയുന്ന കാലറിയുടെ അളവ് കുറയുകയും ചെയ്യും. 

 

ഹോർമോൺ വ്യതിയാനം സ്ത്രീ ശരീരത്തിൽ മാറ്റങ്ങൾക്കു കാരണമാകും. എല്ലുകളുടെ സാന്ദ്രത കുറയുക, മസിൽ മാസ് കുറയുക, ലൈംഗികതൃഷ്ണ കുറയുക, മൂഡ് സ്വിങ്സ് അങ്ങനെ നിരവധി മാറ്റങ്ങൾ ശരീരത്തിനുണ്ടാകും. 

 

എങ്ങനെ ഭാരം കുറയ്ക്കാം?

 

നാൽപതു വയസ്സു കഴിഞ്ഞ സ്ത്രീയാണ് നിങ്ങളെങ്കിൽ വല്ലാതെ വർധിച്ച ശരീരഭാരം കുറയ്ക്കാൻ വഴികളുണ്ട്. ആരോഗ്യകരമായ ശരീരഭാരത്തിനായി ഏറ്റവും പ്രധാനമായും വേണ്ടത് ആരോഗ്യകരമായ ജീവിതശൈലി ആണ്. 

 

∙ആരോഗ്യകരമായ ഭക്ഷണം 

 

പഴങ്ങളും പച്ചക്കറികളും കാലറി വളരെ കുറഞ്ഞതും എന്നാൽ ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതുമാണ്. നാരുകൾ ധാരാളമടങ്ങിയ ഇവ ഭക്ഷണം നിയന്ത്രിച്ചു കഴിക്കാനും സഹായിക്കും. 

 

∙പ്രാതൽ ഒഴിവാക്കരുത് 

 

പ്രാതൽ രാജാവിനെപ്പോലെ എന്ന ചൊല്ല് പ്രായമാകുന്ന സ്ത്രീകൾക്കും ബാധകമാണ്. ലീൻപ്രോട്ടീൻ, നാരുകൾ, സസ്യാധിഷ്ഠിത കൊഴുപ്പുകൾ ഇവ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം, വിശപ്പകറ്റാനും ഇടയ്ക്കിടെ വിശക്കാതിരിക്കാനും സഹായിക്കും. 

 

∙അത്താഴം കരുതലോടെ

 

രാത്രി ഭക്ഷണം കഴിച്ചാൽ തടി കൂടും എന്ന പറച്ചിൽ ശരിയല്ല. എന്തു കഴിക്കുന്നു എന്നതിലാണ് കാര്യം. സാലഡോ സൂപ്പോ കഴിക്കാം. ഒപ്പം കാലറി കുറഞ്ഞ ഭക്ഷണം മിതമായി കഴിക്കാം. കാലറി പരിശോധിക്കാൻ ഒരു ഫുഡ് ആപ്പോ ഡയറിയോ ഉപയോഗിക്കാം. 

 

∙ശീലമാക്കാം ആരോഗ്യപാചകം 

 

ഭക്ഷണം പാകം ചെയ്യുന്ന രീതികൊണ്ടു തന്നെ അധിക കാലറി ധാരാളമായി ചേർക്കപ്പെടും. വറുക്കുകയോ ബേക്ക് ചെയ്യുകയോ ചെയ്യുന്നതിനു പകരം എയർ ഫ്രൈയിങ്ങ്, ഗ്രില്ലിങ്ങ് തുടങ്ങിയ രീതികൾ പരീക്ഷിക്കാവുന്നതാണ്. ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യം നൽകും. ഭക്ഷണം രുചികരമാവുകയും ചെയ്യും. 

 

∙സമയം കണ്ടെത്താം വ്യായാമത്തിനായി

 

നാൽപതു കഴിഞ്ഞ മിക്ക സ്ത്രീകളും വ്യായാമം ഒഴിവാക്കും. കുട്ടികളുടെ കാര്യവും വീട്ടുകാര്യവും ജോലിത്തിരക്കും ഒക്കെയായി വ്യായാമത്തിനായി മാറ്റിവയ്ക്കാന്‍ സമയം ഇല്ലാത്തവർ ഏറെയാണ്. എന്നാൽ എത്ര തിരക്കായാലും ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യായാമത്തിനും വർക്കൗട്ടിനുമായി മാറ്റി വയ്ക്കാം. 

 

∙സമ്മർദം അകറ്റാം

 

വളരെ ചെറിയ കാര്യങ്ങൾക്കു പോലും സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾ നിരവധിയാണ്. ടെൻഷൻ മൂലം ഇടയ്ക്കിടെ അനാരോഗ്യഭക്ഷണങ്ങൾ കഴിച്ചു കൊണ്ടിരിക്കുകയും ഇത് ശരീരത്തിന് കൊഴുപ്പിനെ വിഘടിപ്പിക്കാൻ പ്രയാസമാകുകയും ചെയ്യും. സമ്മർദം അകറ്റാൻ ധ്യാനം ശീലമാക്കാം. ശ്വസനവ്യായാമങ്ങൾ പരിശീലിക്കാം അല്ലെങ്കിൽ നല്ല ഒരു പുസ്തകം വായിക്കാം.

Content Summary: weight loss tips after 40

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com