ADVERTISEMENT

കണ്ണേ, കരളേ എന്നെല്ലാം പുന്നാരത്തോടെ പ്രിയപ്പെട്ടവരെ വിളിക്കുമെങ്കിലും കരളിനോട് കണ്ണില്‍ ചോരയില്ലാതെ പെരുമാറുന്നവരാണ് നമ്മളില്‍ പലരും. ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമായിട്ടും അര്‍ഹിക്കുന്ന പരിചരണമോ ശ്രദ്ധയോ കരളിന്‍റെ ആരോഗ്യകാര്യത്തില്‍ നാം നല്‍കാറില്ല. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. ഇതിന് പുറമേയാണ് അനാവശ്യമായി മരുന്നുകള്‍ കഴിച്ച് കരളിനുണ്ടാക്കുന്ന ക്ഷതം. ഇതും പോരാഞ്ഞ് ഫിറ്റ്നസിന്‍റെ പേരില്‍ കണ്ണില്‍ കണ്ട ഡീറ്റോക്സ് ഡ്രിങ്കുകള്‍ കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പൊല്ലാപ്പ് വേറെ. 

 

കരളിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇനി പറയുന്ന ചില നല്ല ശീലങ്ങള്‍ പിന്തുടരുന്നത് നന്നായിരിക്കുമെന്ന് മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍റ്റന്‍റ് ഡോ. അമീത് മന്‍ദോത് എച്ച്ടി ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

1. നിത്യവും വ്യായാമം

നിത്യവും വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലി കരളിന്‍റെ ആരോഗ്യത്തിന് ആവശ്യമാണ്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമത്തില്‍ ഏര്‍പ്പെടുകയോ കുറഞ്ഞത് 10,000 ചുവടുകള്‍ ഒരു ദിവസം നടക്കുകയോ ചെയ്യേണ്ടതാണ്. 

 

2. മദ്യപാനം നിയന്ത്രിക്കാം

മദ്യപാനം പൂര്‍ണമായും ഒഴിവാക്കുകയോ അത് പറ്റിയില്ലെങ്കില്‍ നിയന്ത്രിതമായ തോതില്‍ മാത്രം കുടിക്കുകയോ ചെയ്യേണ്ടതാണ്. 

 

3. സമീകൃത ഭക്ഷണം

പോഷകസമ്പുഷ്ടവും സമീകൃതവുമായ ആഹാരശൈലിയും കരളിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞതും ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും കൂടിയതുമായ ഭക്ഷണക്രമം പിന്തുടരണം. കോഫി, നട്സ്, മീന്‍, ഒലീവ് എണ്ണ എന്നിവയും കരളിന്‍റെ ആരോഗ്യത്തിന് സുരക്ഷിതമാണ്.  

 

4. ശരീരത്തെ വിഷമുക്തമാക്കുക

ശരീരത്തിലെ വിഷവസ്തുക്കൾ  നീക്കം ചെയ്യുന്നതിന് ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യേണ്ടതാണ്. 

 

5. ശരീരഭാരം നിയന്ത്രിക്കുക

അമിതമായ ശരീരഭാരവും കരളിന് സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഭാരനിയന്ത്രണത്തിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതാണ്. അഞ്ച് മുതല്‍ 10 ശതമാനം വരെ ഭാരം കുറയ്ക്കാനായി കാലറിയുടെ അളവില്‍ 25 ശതമാനമെങ്കിലും കുറവ് വരുത്തണം. ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണവും ഉപ്പും പരിമിതപ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. 

 

6. വാക്സീന്‍ എടുക്കുക

ഹെപറ്റൈറ്റിസ് എ, ബി, സി എന്നീ രോഗങ്ങളില്‍ നിന്ന് കരളിനെ സംരക്ഷിക്കാനായി വാക്സീനുകള്‍ എടുക്കേണ്ടതും അത്യാവശ്യമാണ്. 

 

7. മരുന്നുകളുടെ ഉപയോഗം

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ  ആവശ്യമില്ലാത്ത മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് കരളിനെ മാത്രമല്ല ശരീരത്തെ മൊത്തത്തില്‍ ബാധിക്കാം. പരമ്പരാഗത മരുന്നുകളും പച്ചമരുന്ന് കൂട്ടുകളുമൊക്കെ കഴിക്കുമ്പോഴും  അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ഭാരം കുറയ്ക്കാനായി കഴിക്കുന്ന മരുന്നുകളും ചില തരം ഡയറ്റുകളും കരളിനെ പ്രതികൂലമായി ബാധിച്ചെന്നിരിക്കാം. 

 

8. ഡീറ്റോക്സ് ഡ്രിങ്കുകള്‍

കരളിനെയും ശരീരത്തെയും ശുദ്ധീകരിക്കാനെന്ന ലേബലില്‍ പുറത്തിറങ്ങുന്ന നിരവധി ഡീറ്റോക്സ് ഡ്രിങ്കുകളുണ്ട്. ഇത്തരം ‍ഡ്രിങ്കുകള്‍ അകത്താക്കും മുന്‍പ് ഡോക്ടര്‍മാരുമായി അതിനെ പറ്റി ചര്‍ച്ച നടത്തേണ്ടതാണ്. 

 

9. പ്രമേഹത്തെ കരുതിയിരിക്കാം

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ളവ കരളിനും നാശം വരുത്താവുന്നതാണ്. ഇതിനാല്‍ ഇവയെയും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രമിക്കണം. 

 

10. പുകവലി ഉപേക്ഷിക്കാം

പുകവലിയും കരളിനെ ബാധിക്കാമെന്നതിനാല്‍ ഇത്തരം ദുശ്ശീലങ്ങളും കഴിവതും അകറ്റി നിര്‍ത്തണം. 

 

കരളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാല്‍ ഹെപറ്റോളജിസ്റ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ഫൈബ്രോസ്കാനെടുക്കുകയും ആവശ്യമായ മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്.

Content Summary: Dos and don'ts you must follow for a healthy liver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com