ADVERTISEMENT

പ്രായത്തെ തടുത്ത് നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, പ്രായത്തിന്‍റെ അവശതകളെ പ്രതിരോധിച്ച് ആരോഗ്യത്തോടെ ഇരിക്കാന്‍ നാം വിചാരിച്ചാല്‍ സാധിക്കും. നാല്‍പതുകളോട് അടുക്കും തോറും ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കണ്ട് തുടങ്ങും. എന്നാല്‍ ഈ മാറ്റങ്ങള്‍ നമ്മെ തളര്‍ത്താതിരിക്കാന്‍ നാല്‍പത് വയസ്സിന് ശേഷം എല്ലാവരും നിര്‍ബന്ധമായും പിന്തുടരേണ്ട ചില നല്ല ശീലങ്ങള്‍ പരിചയപ്പെടാം. 

 

1. ഉറക്കത്തിന് ചിട്ട 

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. നല്ല ഉറക്കം നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും. മുതിര്‍ന്നവര്‍ക്ക് ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം അത്യാവശ്യമാണ്. ഇത്രയും സമയമെങ്കിലും ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവശതയും ക്ഷീണവും ശരീരത്തെ വേഗം ബാധിച്ച് തുടങ്ങും. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം,ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്‍റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ശ്രദ്ധ വര്‍ധിപ്പിക്കാനും നല്ല ഉറക്കം സഹായകമാണ്. 

 

2. പുകവലി ഉപേക്ഷിക്കാം

നിയന്ത്രിക്കാനാകുന്ന മരണകാരണങ്ങളില്‍ മുന്‍പന്തിയിലുള്ള ഒരു ദുശ്ശീലമാണ് പുകവലി. ശരീരത്തിലെ എല്ലാ അവയവങ്ങളെയും പുകവലി പ്രതികൂലമായി ബാധിക്കും. ഇതു വരെയും പുകവലിച്ചിട്ടില്ലെങ്കില്‍ വളരെ നല്ലത്. പുകവലി ശീലമാക്കിയവര്‍ക്ക് അത് നിര്‍ത്താന്‍ പറ്റിയ സമയമാണ് നാല്‍പതുകള്‍. നാല്‍പതുകളില്‍ പുകവലി നിര്‍ത്തുന്നത് നിങ്ങളുടെ മരണ സാധ്യത കുറയ്ക്കും. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും എളുപ്പം ശ്വസിക്കാനും ഈ ദുശ്ശീലം മാറ്റിവയ്ക്കുന്നതിലൂടെ സാധിക്കും. വായ്ക്കുള്ളിലെ അണുബാധകള്‍ തടയാനും രക്തചംക്രമണം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട പ്രതിരോധ ശേഷി കൈവരിക്കാനും പുകവലി നിര്‍ത്തുന്നത് സഹായിക്കും. നാല്‍പതിന് ശേഷം പുകവലിക്കുന്ന സ്ത്രീകളില്‍ വന്ധ്യത പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

 

3. ഭാരം നിയന്ത്രിക്കുക

അമിതവണ്ണം പല തരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നതിനാല്‍ 40ന് ശേഷം നിങ്ങളുടെ ഭാരനിയന്ത്രണത്തില്‍ ശ്രദ്ധ ചെലുത്തുക. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക്  ഈ പ്രായത്തില്‍ തിരിയേണ്ടതാണ്. ദിവസവും വ്യായാമം ചെയ്യുന്നതുള്‍പ്പെടെയുള്ള സജീവമായ ജീവിതശൈലിയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

 

4. കൂടുതല്‍ സമയം പുറത്ത് ചെലവിടുക

പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ട് കൂടുതല്‍ സമയം പുറത്ത് ചെലവിടുന്നതും 40കള്‍ക്ക് ശേഷം നല്ലതാണ്. ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സന്തോഷത്തോടെ ഇരിക്കാനും കാരണമാകും. ശരീരത്തില്‍ കൂടുതല്‍ വെയില്‍ അടിക്കുന്നത് കൂടുതല്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കും. ഓസ്റ്റിയോപോറോസിസ്, അര്‍ബുദം, വിഷാദരോഗം എന്നിവയുടെ സാധ്യത ഇത് കുറയ്ക്കും. 

 

5. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

40ന് മുകളിലുള്ളവര്‍ക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് നിര്‍ജലീകരണം. പ്രായമാകുന്തോറും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകും. മരുന്നുകളൊക്കെ കഴിക്കുന്നവരെ സംബന്ധിച്ചാണെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതിനാല്‍ ആ വഴിക്കും ജലാംശം നല്ലൊരളവില്‍ നഷ്ടമാകും. ഇതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ശരീര താപനില നിയന്ത്രിക്കാനും ശരീരം മെച്ചപ്പെട്ട രീതിയില്‍ പോഷണങ്ങള്‍ വലിച്ചെടുക്കുന്നു എന്നുറപ്പാക്കാനും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയാനും സഹായിക്കും. 

 

6. പോസിറ്റീവായി ഇരിക്കുക

നിരവധി രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊക്കെയായി നാല്‍പതിന് ശേഷമുള്ള ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തി പോസിറ്റീവായി ഇരിക്കാന്‍ ശ്രമിച്ചാല്‍ ഈ വെല്ലുവിളികളെയും സമ്മര്‍ദത്തെയുമൊക്കെ ഒരളവ് വരെ നേരിടാം. 

 

7. ചര്‍മാരോഗ്യം സംരക്ഷിക്കുക

നാല്‍പതുകള്‍ക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍മത്തെയും ബാധിക്കും. ചര്‍മത്തിന്‍റെ കട്ടി കുറയുകയും കൊഴുപ്പ് നഷ്ടപ്പെട്ടുകയും തൊലി അയയുകയും അതിന്‍റെ മാര്‍ദ്ദവത്വം നഷ്ടമാകുകയുമൊക്കെ ചെയ്യാം. ചര്‍മം വരണ്ടതാകാനും പാടുകള്‍ വീഴാനുമൊക്കെ തുടങ്ങാം. ചര്‍മാരോഗ്യത്തെ സംരക്ഷിക്കാനുള്ള കാര്യങ്ങളും ഇതിനാല്‍ തന്നെ പിന്തുടരേണ്ടതാണ്. ചര്‍മം യുവത്വത്തോടെ ഇരിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. 

Content Summary : Healthy habits after 40s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com